Connect with us

Kerala

1501ാം നബിദിനം നാളെ; നയനമനോഹര കാഴ്ചയൊരുക്കി മലപ്പുറത്ത് മഅദിന്‍ നബിദിന സ്‌നേഹറാലി പ്രൗഢമായി

ദഫിന്റെയും ഫ്ളവര്‍ഷോയുടെയും മറ്റ് വൈവിധ്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവാചക പ്രേമികളാണ് അണി നിരന്നത്.

Published

|

Last Updated

മുഹമ്മദ് നബിയുടെ 1501-ാം നബിദിനാഘോഷത്തിന്റെ ഭാഗമായി മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് സംഘടിപ്പിച്ച ബഹുജന നബിദിന സ്‌നേഹ റാലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍, മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി തിരൂര്‍, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ എന്നിവര്‍ മുന്‍നിരയില്‍

മലപ്പുറം| കേരളത്തിലെ ഏറ്റവും വലിയ നബിദിന റാലിക്ക് സാക്ഷ്യം വഹിച്ച് മലപ്പുറം നഗരം. 1501-ാം നബിദിനത്തിന്റെ ഭാഗമായി മഅദിന്‍ അക്കാദമിയുടെയും വിവിധ സുന്നി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന നബിദിന സ്‌നേഹറാലി പ്രവാചകാനുരാഗത്തിന്റെ അലയൊലിതീര്‍ത്തു. ദഫിന്റെയും ഫ്ളവര്‍ഷോയുടെയും മറ്റ് വൈവിധ്യങ്ങളുടെയും അകമ്പടിയോടെ നടന്ന റാലിയില്‍ ആയിരക്കണക്കിന് പ്രവാചക പ്രേമികളാണ് അണി നിരന്നത്.

മഅദിന്‍ അക്കാദമിയുടെയും സമസ്ത, കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റാലി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നബിദിന സന്ദേശം നല്‍കി. ലഹരിയടക്കമുള്ള സാമൂഹിക തിന്മകളെ നിര്‍മാര്‍ജനം ചെയ്യാന്‍ പ്രവാചകര്‍ പഠിപ്പിച്ച പ്രായോഗിക മാര്‍ഗങ്ങള്‍ ഏറെ പ്രസക്തമാണെന്നും മനുഷ്യ സമൂഹത്തിന് നീതിയും സമത്വവും പഠിപ്പിച്ച തുല്യതയില്ലാത്ത വ്യക്തിത്വമാണ് പ്രവാചകര്‍ മുഹമ്മദ് നബിയെന്നും സഹോദര സമുദായംഗങ്ങളോട് സ്‌നേഹവും സൗഹൃദവും കരുതലും ജീവിച്ചു കാണിച്ചുകൊടുത്ത മാതൃകാപുരുഷനാണ് അവിടുന്നെന്നും ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

മഅദിന്‍ രിബാതുല്‍ ഖുര്‍ആന്‍ വിദ്യാര്‍ഥികളും ഹിഫ്ള് വിദ്യാര്‍ഥികളും അവതരിപ്പിച്ച മെഗാ ദഫും ഫ്‌ളവര്‍ ഷോയും റാലിയുടെ ആകര്‍ഷണമായി മാറി. വിവിധ ഭാഷകളിലുള്ള നബികീര്‍ത്തന കാവ്യങ്ങളും മദ്ഹ് ഗാനങ്ങളുമായി നീങ്ങിയ വര്‍ണാഭമായ റാലിയില്‍ പൊതുജനങ്ങളും മഅദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുമടക്കം ആയിരക്കണക്കിന് വിശ്വാസികള്‍ അണിനിരന്നു.

സമൂഹത്തെ കാര്‍ന്ന് തിന്നുന്ന ലഹരിക്കെതിരെ ബോധവല്‍ക്കരണം, ബഹുസ്വര സമൂഹത്തില്‍ വിശ്വാസിയുടെ ബാധ്യത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രവാചക മാതൃകകള്‍, കാര്‍ഷിക രംഗത്തെ പ്രവാചകാധ്യാപനങ്ങള്‍ മത ദര്‍ശനങ്ങളുടെ പേരില്‍ സമൂഹത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നതിന്റെ നിരര്‍ത്ഥകത എന്നിവ വ്യക്തമാക്കുന്ന പ്രദര്‍ശനങ്ങള്‍ റാലിയെ ശ്രദ്ധേയമാക്കി. മഅ്ദിന്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ദഫ്, സ്‌കൗട്ട് ഗ്രൂപ്പുകളും അണിനിരന്നു. റാലി വീക്ഷിക്കാന്‍ ആയിരക്കണക്കിന് വിശ്വാസികള്‍ റോഡ് സൈഡുകളില്‍ അണിനിരന്നു.

സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി മൂച്ചിക്കല്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ചാലിയം എ പി അബ്ദുല്‍ കരീം ഹാജി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് കുഞ്ഞീതു മുസ്ലിയാര്‍, എസ് എം എ സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുറശീദ് സഖാഫി പത്തപ്പിരിയം, കേരള മുസ് ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ജമാല്‍ കരുളായി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ വി അബ്ദുല്‍ ജലീല്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കി.

വിവിധസ്ഥലങ്ങളില്‍ ഒരുക്കിയ മഅ്ദിന്‍ തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ മീലാദ് പാട്ടുവണ്ടി ശ്രദ്ധേയമായി.

Content Highlights:
Malappuram witnessed the state’s largest Milad-un-Nabi rally organized by Ma’din Academy and various Sunni organizations to mark the 1501st birth anniversary of Prophet Muhammad. Samastha President E. Sulaiman Musliyar inaugurated the rally, while Sayyid Ibraheemul Khaleel Al Bukhari delivered the key message. Thousands of believers joined the vibrant procession featuring mega daff and cultural displays.

---- facebook comment plugin here -----

Latest