Connect with us

Kerala

തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി; മാനദണ്ഡങ്ങള്‍ പുറത്തിറക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

അക്രമകാരികളും മാരകരോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിനാണ് അനുമതി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്തെ അക്രമകാരികളായ തെരുവുനായ്ക്കളുടെ ദയാവധത്തിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി. ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. അക്രമകാരികളും മാരകരോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിനാണ് അനുമതി നല്‍കിയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടി എസ് ഷാനവാസ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.തെരുവുനായ വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലെ വിധിന്യായത്തിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ചികിത്സ നല്‍കിയിട്ടും ഭേദമാക്കാന്‍ സാധിക്കാത്തതും കടുത്ത വേദന അനുഭവിക്കുന്നതുമായ മാരക രോഗങ്ങളുള്ളവ, പേവിഷബാധ സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ ശക്തമായി പ്രകടിപ്പിക്കുകയോ ചെയ്യുന്നവ, ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കാത്തവിധം മാരകമായി പരിക്കേല്‍ക്കുകയും രക്ഷപ്പെടാന്‍ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലാത്തതുമായ നായ്ക്കള്‍, യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ കടിച്ചുകീറുകയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുകയും ചെയ്യുന്നവ എന്നിവയെ ആണ് ദയാവധത്തിനായി പരിഗണിക്കുക.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഉത്തരവില്‍ പറയുന്നു.തദ്ദേശ സ്വയംഭരണ തലത്തില്‍ തെരുവുനായ നിയന്ത്രണം, മാനേജ്‌മെന്റ്, ദയാവധം നടപ്പാക്കല്‍ എന്നിവയുടെ പൂര്‍ണ്ണ ഉത്തരവാദിത്തത്തിനായി സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ഉത്തരവിലുണ്ട്

 

രേഖാമൂലമുള്ള കൃത്യമായ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അങ്ങേയറ്റം മാനുഷികമായ രീതിയില്‍ മാത്രമേ ദയാവധം നടപ്പാക്കാന്‍ പാടുള്ളൂ. യോഗ്യതയുള്ള വെറ്ററിനറി സര്‍ജന് മാത്രമേ ഈ പ്രക്രിയ ചെയ്യാന്‍ അനുമതിയുള്ളൂ. ഇതിനായി സോഡിയം പെന്റോബാര്‍ബിറ്റല്‍, തയോപെന്റാല്‍ സോഡിയം എന്നീ മരുന്നുകള്‍ മാത്രമേ ഞരമ്പ് വഴി കുത്തിവെക്കാന്‍ പാടുള്ളുവെന്നും ഉത്തരവില്‍ പറയുന്നു. ഒരു കാരണവശാലും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ കാഴ്ചയിലോ ദയാവധം നടത്താന്‍ പാടില്ലെന്നും ഉത്തരവിലുണ്ട്

Content Highlights: The Kerala Local Self-Government Department issued strict guidelines allowing euthanasia for aggressive and terminally ill stray dogs. The decision follows instructions from a Supreme Court self-directed case. Only authorized veterinary surgeons are permitted to perform the procedure using specified drugs under humane conditions

 

---- facebook comment plugin here -----

Latest