Kerala
യുവാവ് പാറമടയില്‍ കുടുങ്ങി; രക്ഷകരായി ഫയര്‍ ഫോഴ്‌സ് മൗണ്ടന്‍ റെസ്‌ക്യൂ ടീം
ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനു എന്ന യുവാവിനെ റെസ്‌ക്യൂ റോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.

പത്തനംതിട്ട | യുവാവ് പാറമടയില്‍ കുടുങ്ങി. നരിയാപുരം തുണ്ടത്തില്‍ വടക്കേതില്‍ മോഹനന്‍ മകന്‍ ഷാനു ആണ് (27) പമ്പുക്കുഴി പാറമടയില്‍ കുടുങ്ങിയത്. ഫയര്‍ ഫോഴ്‌സ് പുതുതായി ആരംഭിച്ച മൗണ്ടന്‍ റെസ്‌ക്യൂ ടീം സ്ഥലത്തെത്തി ചെങ്കുത്തായ പാറമടയുടെ വശത്തു നിന്നും ഷാനുവിനെ റെസ്‌ക്യൂ റോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ രമാകാന്ത്, രഞ്ജിത്ത്, ഷൈജു എന്നിവര്‍ താഴേക്ക് ഇറങ്ങിച്ചെന്ന് ഷാനുവിനെ റോപ്പില്‍ ബന്ധിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയായിരുന്നു. മുകളില്‍ നിന്നും ഏകദേശം 30 അടിയോളം താഴേക്ക് ഇറങ്ങിയ ഷാനു ചവിട്ടി നില്‍ക്കാന്‍ പറ്റുന്ന ഭാഗത്ത് പിടിച്ചു നില്‍ക്കുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ സാബു, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ എസ് രഞ്ജിത്ത്, ഓഫീസര്‍മാരായ പ്രവീണ്‍ കുമാര്‍, അഞ്ജു, അനില്‍കുമാര്‍, രാജശേഖരന്‍ നായര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.