local body election 2025
കോഴിക്കോട്ട് മുന്നണികള്‍ക്കുള്ളില്‍ പടലപ്പിണക്കങ്ങളും രാജിയും
യു ഡി എഫിലും എല്‍ ഡി എഫിലും ബി ജെ പിയിലുമെല്ലാം പ്രശ്‌നങ്ങളുണ്ട്. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഗൗരവമേറുന്നുണ്ടെന്ന് മാത്രം.
കോഴിക്കോട് | സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയുമ്പോള്‍ കോഴിക്കോട്ട് മുന്നണികള്‍ക്കുള്ളില്‍ പടലപ്പിണക്കങ്ങളും രാജിയും. യു ഡി എഫിലും എല്‍ ഡി എഫിലും ബി ജെ പിയിലുമെല്ലാം പ്രശ്‌നങ്ങളുണ്ട്. യു ഡി എഫിലെ പ്രശ്‌നങ്ങള്‍ക്ക് പലപ്പോഴും ഗൗരവമേറുന്നുണ്ടെന്ന് മാത്രം. ഏറ്റവുമൊടുവില്‍ കോഴിക്കോട് കോര്‍പറേഷനില്‍ എരഞ്ഞിപ്പാലം ഡിവിഷനിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ഡി സി സി ജനറല്‍ സെക്രട്ടറി എന്‍ വി ബാബുരാജ് രാജിവെച്ചിരിക്കുകയാണ്.
സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സിന്റെ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോണ്‍സാ മാത്യു രാജിവെച്ച് ആം ആദ്മിയില്‍ ചേര്‍ന്നിരുന്നു. കോര്‍പറേഷനിലേക്ക് യുവ നേതാവ് ഫാത്വിമ തഹ്‌ലിയയടക്കമുള്ളവരെ രംഗത്തിറക്കിയ മുസ്‌ലിം ലീഗിലും ഭിന്നതയും രാജിയും രൂക്ഷമാണ്.
കോര്‍പറേഷനില്‍ മൂന്നാലിങ്ങല്‍ വാര്‍ഡില്‍ നിലവിലെ കൗണ്‍സിലര്‍ കെ റംലത്ത് രാജിവെച്ചിട്ടുണ്ട്. മൂഴിക്കല്‍ വാര്‍ഡില്‍ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ച് മണ്ഡലം യു ഡി എഫ് ചെയര്‍മാന്‍ മുസ്തഫ മൂഴിക്കലും ഭാര്യയും മേഖലയിലെ വനിതാ ലീഗ് നേതാവ് കൂടിയായ സാജിദ മുസ്തഫയും രാജി സമര്‍പ്പിച്ചിരിക്കുകയാണ്.
എന്നാല്‍, വിമത ഭീഷണികള്‍ക്കിടെ മുന്‍നിര നേതാക്കളെ അണിനിരത്തിയാണ് ലീഗ് കോര്‍പറേഷനില്‍ രംഗത്തിറങ്ങുന്നത്. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ആശിഖ് ചെലവൂര്‍, സംസ്ഥാന സെക്രട്ടറി ടി പി എം ജിശാന്‍, സഫറി വെള്ളയില്‍ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്.
സി പി എമ്മിലും ചിലയിടങ്ങളിൽ തർക്കങ്ങളുണ്ട്. നാദാപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അടിപിടിയില്‍ പഞ്ചായത്ത് അംഗം പി പി ബാലകൃഷ്ണന്റെ ഭാര്യക്ക് പരുക്കറ്റു. 11ാം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെട്ടുവെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.
എൽ ഡി എഫ് സീറ്റ് വിഭജനത്തിലെ പ്രശ്നങ്ങൾ പരസ്യമാക്കി ആര്‍ ജെ ഡി സംസ്ഥാന പ്രസിഡന്റ്്എം വി ശ്രേയാംസ് കുമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നാണ് ആര്‍ ജെ ഡിയുടെ പരിഭവം.
ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ സീറ്റ് ലഭിച്ചില്ലെന്ന് ജെ ഡി എസും ഐ എന്‍ എല്ലും പരാതി ഉന്നയിക്കുന്നുണ്ട്. ചില ഡിവിഷനുകളില്‍ പരസ്പരം യോജിക്കാത്ത സ്ഥാനാര്‍ഥികളെ നിര്‍ത്തിയതില്‍ സി പി എമ്മും സി പി ഐയും തമ്മില്‍ പടലപ്പിണക്കങ്ങളുണ്ട്.
ബി ജെ പിയിലും അസ്വാരസ്യങ്ങൾ തീരുന്നില്ല. ജില്ലാ നേതാക്കള്‍ കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുമായി ആശയവിനിമയം നടത്തിയെന്നാരോപിച്ച് ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. ബി ജെ പിക്ക് ജയസാധ്യതയുള്ള വാര്‍ഡുകളില്‍ അത് ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് ആരോപണം.



