Connect with us

Kerala

ജീവനൊടുക്കിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ശബ്ദരേഖ പുറത്ത്

മരണ ശേഷം കേഡറെ തള്ളിക്കളഞ്ഞ ആര്‍ എസ് എസിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്നു

Published

|

Last Updated

തിരുവനന്തപുരം | സീറ്റ് നിഷേധിച്ചതില്‍ മനം നൊന്ത് ജീവനൊടുക്കിയ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ തമ്പിയുടെ ആര്‍ എസ് എസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ശബ്ദരേഖ പുറത്ത്. മനസ്സും ശരീരവും പണവും സമയവും സംഘടനയ്ക്ക് നല്‍കിയിട്ടും തന്നെ ഒഴിവാക്കി. ഇത്ര മാത്രം അപമാനിച്ചിട്ടും വെറുതേ ഇരിക്കാന്‍ മനസ്സിന് കഴിയുന്നില്ല. സുഹൃത്തുമായി നടത്തിയ സംഭാഷണമാണ് പുറത്തു വന്നത്.

മത്സരിക്കാന്‍ രണ്ടും കല്‍പ്പിച്ചാണ് തീരുമാനിച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്ത് പ്രതിസന്ധി നേരിട്ടാലും മുന്നോട്ട് പോകും. എത്ര കൊമ്പനായാലും ഞാന്‍ അവര്‍ക്കെതിരെ ഫൈറ്റ് ചെയ്യും. സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയില്‍ ആണ് നിന്നത്.എന്നിട്ടും എന്നെ അവഗണിച്ചു- ശബ്ദസന്ദേശത്തില്‍ ആനന്ദ് പറഞ്ഞു.
ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആനന്ദിന്റെ ആത്മഹത്യ സീറ്റ് നിഷേധിച്ചതിലെ മനോവിഷമം മൂലമെന്നാണ് പോലീസ് എഫ് ഐ ആര്‍. സഹോദരി ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആനന്ദ് ആത്മഹത്യ ചെയ്തതോടെ പാര്‍ട്ടിയുടെ ആരുമായിരുന്നില്ല എന്നു പറഞ്ഞു തള്ളിക്കളഞ്ഞ ബി ജെ പി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടു സാമൂഹിക മാധ്യമ കുറിപ്പുകള്‍ പ്രചരിക്കുകയാണ്:  ആത്മഹത്യ ചെയ്ത ആനന്ദ് എന്ന മനുഷ്യന്‍ ബി ജെ പിക്കാരന്‍ ആയിരുന്നില്ല എന്നും ബി ജെ പിയില്‍ പ്രവര്‍ത്തിച്ചതായി അറിവില്ല എന്നുമാണ് തിരുവനന്തപുരം ബി ജെ പി അധ്യക്ഷന്‍ കരമന ജയനും നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നത് ഖേദകരമാണെന്നു പറഞ്ഞുകൊണ്ടാണ് കുറിപ്പു തുടങ്ങുന്നത്.

കാര്‍ഗില്‍ യുദ്ധ കാലത്ത് കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ ശവ ശരീരങ്ങള്‍ ചൂണ്ടിക്കാട്ടി പാകിസ്ഥാന്‍ ഇത് ഞങ്ങളുടെ ആളുകളല്ല..എന്ന് പറഞ് തിരികെ ഇന്ത്യയെ തന്നെ ഏല്‍പ്പിച്ചതും അജ്ഞാത മൃതദേഹങ്ങളായി ഇന്ത്യന്‍ മണ്ണില്‍ അവരെ മറവ് ചെയ്തതുമായ സംഭവമാണ് ഓര്‍മ വന്നതെന്നത് എന്നു പറയുന്ന കുറിപ്പില്‍ ആനന്ദിന്റെ ബയോഡാറ്റ വിശദമാക്കുന്നു.

കുട്ടിക്കാലം മുതല്‍ ശാഖയില്‍. എം ജി കോളേജില്‍ പഠിക്കുമ്പോള്‍ എ ബി വി പിയുടെ മുന്നണി പോരാളിയായി സംഘടനാ തുടക്കം. അതിന് ശേഷം ആര്‍ എസ് എസിന്റെ മുഴുവന്‍ സമയ പ്രചാരകനായി കോഴിക്കോട് കുന്ദമംഗലം താലൂക്കില്‍ ഉള്‍പ്പെടെ വീടും നാടും വിട്ട് യൗവനം ഹോമിച്ചുള്ള പ്രവര്‍ത്തനം.

തിരുമല മണ്ഡല്‍, തൃക്കണ്ണാപുരം മണ്ഡല്‍ കാര്യവാഹ്, തിരുമല മണ്ഡലത്തിന്റെ ശാരീരിക് പ്രമുഖ്,
തിരുമല ഉപനഗരത്തിന്റെ ശാരീരിക് പ്രമുഖ്, തിരുമല ഉപനഗരത്തിന്റെ സഹ കാര്യവാഹ്, തിരുവനന്തപുരത്തെ എണ്ണം പറഞ്ഞ ആര്‍ എസ് എസ് കേഡര്‍മാരിലൊരാളായി ജീവിതവും സ്വത്തും ഹോമിച്ചു.

കഴിഞ്ഞ തദ്ദേശ ഇലക്ഷനിലും ബി ജെ പിക്ക് വേണ്ടിയുള്ള സജീവ രാഷ്ട്രീയ പ്രവര്‍ത്തനം. ബി ജെ പി വേദികളില്‍ സ്ഥിരം സാന്നിധ്യം. ഫോട്ടോ ഗ്രാഫുകള്‍ ഉള്‍പ്പെടെ അതിന് തെളിവുകള്‍. ഒടുവില്‍ തിരുമല സ്വദേശിയും ബി ജെ പി നേതാവുമായിരുന്ന കൗണ്‍സിലര്‍ അനിലിനെ പോലെ ദയനീയമായ മരണം. അത്രയും പുരുഷായുസ് ഒരു ആശയത്തിന് വേണ്ടി ഹോമിച്ചിട്ടും മരണ ശേഷം ആ മനുഷ്യന്‍ രാഷ്ട്രീയ പരമായ യാതൊരു ഐഡന്റിറ്റിയും ഇല്ലാതെ, ആരും ഏറ്റെടുക്കാനില്ലാതെ തികച്ചും അനാഥമായി വിറങ്ങലിച്ചു കിടക്കുന്നു-ഇങ്ങനെയാണ് കുറിപ്പുകള്‍ പ്രചരിക്കുന്നത്.

 

Latest