Eduline
ഐ എൻ ഐ- സി ഇ ടിക്ക് അപേക്ഷിക്കാം
രാജ്യത്തെ വിവിധ എയിംസുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ എം ഡി/എം എസ്/എം സി എച്ച് (ആറ് വർഷം), ഡി എം (ആറ് വർഷം)/എം ഡി എസ്/എം ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) തുടങ്ങിയവ കോഴ്സുകളിൽ പ്രവേശന ത്തിനായി നടത്തുന്ന പരീക്ഷയാണ് ഐ എൻ ഐ-സി ഇ ടി.
ന്യൂഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് നാഷനൽ ഇംപോർട്ടൻസ് (ഐ എൻ ഐ) കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (സി ഇ ടി) ജൂലൈ സെഷന് അപേക്ഷ ക്ഷണിച്ചു.
രാജ്യത്തെ വിവിധ എയിംസുകളായ ന്യൂഡൽഹി, ഭോപാൽ, ഭുവനേശ്വർ, ജോധ്പുർ, നാഗ്പുർ, പട്‌ന, റായ്പുർ, ഋഷികേശ്, ബിബിനഗർ, ബട്ടിൻഡ, ദിയോഗർ, മംഗളഗിരി, റായ്ബറേലി, കല്യാണി, ബിലാസ്പുർ, ഗൊരഖ്പുർ, ഗുവാഹത്തി, രാജ്‌കോട്ട്, ജമ്മു, ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്- ജിപ്മർ (പുതുച്ചേരി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്-നിംഹാൻസ് (െബംഗളൂരു), പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്-പി ജി ഐ എം ഇ ആർ (ചണ്ഡീഗഢ്),
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജി -എസ് സി ടി ഐ എം എസ് ടി (തിരുവനന്തപുരം) സ്ഥാപനങ്ങളിലെ ജൂലൈ സെഷനിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ- എം ഡി/എം എസ്/എം സി എച്ച് (ആറ് വർഷം), ഡി എം (ആറ് വർഷം)/എം ഡി എസ്/എം ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) തുടങ്ങിയ കോഴ്സുകളിൽ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ഐ എൻ ഐ-സി ഇ ടി.
യോഗ്യത
എം ഡി/എം എസ്/എം സി എച്ച് (ആറ് വർഷം), ഡി എം (ആറ് വർഷം)/എം ഡി (ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ) പ്രവേശനത്തിന് അപേക്ഷിക്കാൻ എം ബി ബി എസ് ബിരുദവും എം ഡി എസ് പ്രവേശനത്തിന് അപേക്ഷിക്കാൻ ബി ഡി എസ് ബിരുദവും വേണം.
യോഗ്യതാ കോഴ്‌സ് പരീക്ഷയിലെ മാർക്ക്, ഇന്റേൺഷിപ്പ്/പ്രാക്ടിക്കൽ പരിശീലനം എന്നിവ പൂർത്തിയാക്കേണ്ട തീയതി എന്നിവ ഉൾപ്പെടെയുള്ള, വിശദമായ പ്രവേശനയോഗ്യതാ വ്യവസ്ഥകൾ aiimsexams.ac.in ലെ പ്രോ സ്‌പെക്ടസിൽ (പാർട് എ) ലഭ്യമാണ്.
ഐ എൻ ഐ- സി ഇ ടി യുടെ അപേക്ഷ, പരീക്ഷ എന്നിവക്ക് മാത്രമാണ് മേൽ പറഞ്ഞ പൊതു യോഗ്യതാ വ്യവസ്ഥ. വിവിധ ദേശീയതല സ്ഥാപനങ്ങളിലെ പി ജി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് വ്യത്യസ്ത വ്യവസ്ഥകൾ ഉണ്ടാകാം. അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.
അപേക്ഷ
അപേക്ഷ ഈ മാസം 25ന് വൈകിട്ട് അഞ്ച് വരെ വെബ്‌സൈറ്റ് വഴി നടത്താം. അപേക്ഷാഫീസ് 4000 രൂപയാണ് (പട്ടിക/ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 3200 രൂപ). ഭിന്നശേഷിക്കാർക്ക് അപേക്ഷാഫീസില്ല. ഓൺലൈനായി അപേക്ഷാഫീസ് അടയ്ക്കാം. രജിസ്‌ട്രേഷൻ പട്ടിക ഈ മാസം 30ന് പ്രസിദ്ധപ്പെടുത്തും. നിരാകരിച്ച ഇമേജുകൾ/തെറ്റായ രജിസ്‌ട്രേഷൻ വിവരങ്ങൾ എന്നിവ തിരുത്താൻ അന്ന് മുതൽ മേയ് രണ്ടിന് വൈകിട്ട് അഞ്ച് വരെ സൗകര്യമുണ്ടാകും.
രജിസ്‌ട്രേഷന്റെ അന്തിമ പട്ടിക ഒന്പതിന് പ്രസിദ്ധപ്പെടുത്തും. ഡൗൺലോഡിംഗിനായി അഡ്മിറ്റ് കാർഡും അന്ന് വെബ്സൈറ്റിൽ ലഭ്യമാക്കും.
പരീക്ഷ
കന്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തുന്ന പരീക്ഷക്ക് മൂന്ന് മണിക്കൂർ ആണ് ദൈർഘ്യം. മേയ് 16ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ (സിംഗിൾ കറക്ട് ചോയ്‌സ്, മൾട്ടിപ്പിൾ കറക്ട് ചോയ്‌സ്) ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ മൂന്നിലൊന്ന് മാർക്ക് നഷ്ടപ്പെടും.
പരീക്ഷയിൽ വിജയിക്കാൻ 50ാം പെർസന്റൈൽ സ്‌കോർ ലഭിക്കണം. പട്ടിക/ഒ ബി സി/ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് 45ാം പെർസന്റൈൽ ആണ് വേണ്ടത്. ഫലം മേയ് 23ന് പ്രഖ്യാപിച്ചേക്കും. സീറ്റ് അലോക്കേഷൻ ഓൺലൈൻ രീതിയിൽ നടത്തും. കുറഞ്ഞത് രണ്ട് റൗണ്ടും ഒരു ഓപൺ റൗണ്ടും ഉണ്ടാകും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധപ്പെടുത്തും.




