Connect with us

National

യമുനാ എക്‌സ്പ്രസ് വേ ബസ് ദുരന്തം; ഡ്രൈവര്‍ യാത്രക്കാരുടെ മുന്നറിയിപ്പ് അവഗണിച്ചതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ബസാണ് ഗ്രേറ്റര്‍ നോയ്ഡയിലെ ജേവറിന് സമീപം ബുധനാഴ്ച രാത്രി തീപിടിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | യമുനാ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന എസി സ്ലീപ്പര്‍ ബസിന് തീപിടിച്ച് ബി ജെ പി നേതാവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ വെന്തുമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോകുകയായിരുന്ന ഡബിള്‍ ഡെക്കര്‍ എസി സ്ലീപ്പര്‍ ബസിലാണ് ഗ്രേറ്റര്‍ നോയ്ഡയിലെ ജേവറിന് സമീപം ബുധനാഴ്ച രാത്രി ദാരുണമായ അപകടമുണ്ടായത്.

ബസിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും പുകവലിച്ചിരുന്നെന്നും യാത്രാവേളയില്‍ ബസിനുള്ളില്‍ കരിയുന്ന ഗന്ധം അനുഭവപ്പെട്ടതായി യാത്രക്കാര്‍ ജീവനക്കാരെ അറിയിച്ചിരുന്നെങ്കിലും ഇവര്‍ ഇത് അവഗണിച്ചുവെന്നും എഫ് ഐ ആര്‍ വ്യക്തമാക്കുന്നു. ബസിന്റെ മുന്‍ഭാഗത്തുനിന്ന് തീ ആളിപ്പടര്‍ന്നപ്പോള്‍ പരിഭ്രാന്തരായി നിലവിളിച്ച യാത്രക്കാരോട് ‘നിങ്ങള്‍ മരിച്ചാലും എനിക്ക് പ്രശ്‌നമില്ല, ഞാന്‍ ബസ് നിര്‍ത്തില്ല എന്ന് ജീവനക്കാര്‍ പറഞ്ഞതായും എഫ് ഐ ആറില്‍ പറയുന്നു.

മഹോബയിലെ ബി ജെ പി ജില്ലാ ട്രഷറര്‍ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകന്‍ ശശാങ്ക് എന്നിവരുള്‍പ്പെടെയുള്ളവർക്കാണ്  അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള സുനിത ബസിന്റെ അവസാന സീറ്റിലായിരുന്നു ഇരുന്നത്. തീ പടര്‍ന്നപ്പോള്‍ മകന്‍ ശശാങ്ക് അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ശാരീരികാവസ്ഥയും പുകയും കാരണം പുറത്തിറങ്ങാനാവാതെ ഇരുവരും അപകടത്തില്‍പ്പെടുകയായിരുന്നു.

ഡി എന്‍ എ പരിശോധനയിലൂടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ബസിന്റെ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തിലുണ്ടായ തകരാറോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ രക്ഷപ്പെട്ട ഡ്രൈവര്‍മാരെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights:
Nine people died in a bus fire on the Yamuna Expressway near Jewar. The FIR revealed driver and conductor negligence, including smoking inside and ignoring burning smells. The deceased include the wife and son of a BJP leader. Police arrested the escaped bus crew. Financial aid was announced.

 

Latest