Connect with us

book review

ചോരയിറ്റുന്ന ഭൂപടത്തിൽ നിന്ന് ഉള്ള് നീറി വിളിക്കുന്ന വാക്കുകൾ

പ്രവാസവും പ്രതിരോധവും യുദ്ധവും അധിനിവേശവും റിയാക്ടർ പൊട്ടിത്തെറികളും ആവിഷ്കരിച്ച പ്രശസ്തവും സമകാലികവുമായ കൃതികളിലേക്ക് വായനക്കാരെ അടുപ്പിക്കുന്ന രസവിദ്യയുണ്ട് ഈ പഠന ഗ്രന്ഥത്തിൽ. നൊബേൽ സമ്മാനിതരായ സെറ്റ്ല്വാന അലക്സിവിച്ച്, ഓൾഗാ ടോഗാർ ചുക്, അബ്ദുൾറസാഖ് ഗുർന എന്നിവരുടെ കൃതികളെ ഉള്ളു തൊട്ടറിഞ്ഞ് മനുഷ്യാനുഭവങ്ങളുടെ മുറിവും വേദനയും പ്രത്യാശയും ഭാവിയും കൃതികളിൽ ലയിച്ചിരിക്കുന്നതിന്റെ നേരുകൾ വിശകലനം ചെയ്യുന്നുണ്ട്.

Published

|

Last Updated

മനുഷ്യരെ കൊന്നൊടുക്കിയുള്ള യുദ്ധവും അധിനിവേശവും കലുഷിതമാക്കിയ ലോകഭൂപടത്തിലെ നിരാർദ്രമായ ഇടങ്ങളെ വായനയിലൂടെ അനുഭവിച്ചതിന്റെ നേർസാക്ഷ്യമാണ് ഹംസ അറയ്ക്കൽ എഴുതിയ “നിരാർദ്രതയുടെ കഥാലോകങ്ങൾ’ എന്ന പുസ്തകം. മൂന്ന് ദശകത്തിലധികമുള്ള പ്രവാസ ജീവിതത്തിൽ ഗ്രന്ഥകാരൻ ആർജിച്ച ലോക വീക്ഷണത്തെ താൻ വായിച്ച ഫിക്ഷനുകളിലൂടെ വീണ്ടു വിചാരത്തിനും പഠനത്തിനും വിധേയമാക്കുകയാണ്.

പ്രവാസവും പ്രതിരോധവും യുദ്ധവും അധിനിവേശവും റിയാക്ടർ പൊട്ടിത്തെറികളും ആവിഷ്കരിച്ച പ്രശസ്തവും സമകാലികവുമായ കൃതികളിലേക്ക് വായനക്കാരെ അടുപ്പിക്കുന്ന രസവിദ്യയുണ്ട് ഈ പഠന ഗ്രന്ഥത്തിൽ. നൊബേൽ സമ്മാനിതരായ സെറ്റ്്ല്വാന അലക്സിവിച്ച്, ഓൾഗാ ടോഗാർ ചുക്, അബ്ദുൾറസാഖ് ഗുർന എന്നിവരുടെ കൃതികളെ ഉള്ളു തൊട്ടറിഞ്ഞ് മനുഷ്യാനുഭവങ്ങളുടെ മുറിവും വേദനയും പ്രത്യാശയും ഭാവിയും കൃതികളിൽ ലയിച്ചിരിക്കുന്നതിന്റെ നേരുകൾ വിശകലനം ചെയ്യുന്നുണ്ട്.
അബ്ദുൾറസാഖ് ഗുർനയുടെ “പറുദീസ’ ഓൾഗ ടോകാർ ചുക്ന്റെ “നിലയ്ക്കാത്ത സഞ്ചാരങ്ങൾ ‘സ്വെറ്റ്്ലാന അലക്സിവിച്ചിന്റെ “ചെർണോബിൽ പ്രാർഥന’, “യുദ്ധഭൂമിയിലെ സ്ത്രീ പോരാളികൾ ‘, യാസ്മിനാ ഖാദ്രയുടെ “ആക്രമണം’, ബഗ്ദാദിന്റെ വിലാപങ്ങൾ, ആലീസ് ആൽബീനിയയുടെ സൈന്ധവ തടത്തിലെ സാമ്രാജ്യങ്ങൾ, ഗൊറാൻ വോജ്നോവിക്കിന്റെ നഷ്ടപൈതൃകങ്ങൾ എന്നീ കൃതികളുടെ വായനാപാഠങ്ങൾ ലോക സാഹിത്യത്തിലേക്ക് അനുഭവങ്ങളുടെ അതിരുവിട്ട് സഞ്ചരിക്കാൻ പ്രേരിപ്പിക്കും. ഒരു ജനതയുടെ തീവ്രമായ ദുഃഖം ലോകജനതക്ക് കൂടി പാഠമാകുന്ന വിധത്തിൽ “ചെർണോബിൽ പ്രാർഥന’യിൽ രേഖപ്പെടുന്നതിന്റെ വിശകലനവും ഫലസ്തീൻ -ഇസ്്റാഈൽ സംഘർഷത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന യാസ്മിനാ ഖാദ്രയുടെ “ആക്രമണം’ എന്ന കൃതിയുടെ പഠനവും ശ്രദ്ധേയമാണ്. മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്ന കൃതികളെയും വിവർത്തകരെയും പരിഗണിക്കുന്ന ഭാവുകത്വ നീതിയും ഈ പുസ്തകത്തിൽ കലരുന്നുണ്ട്.

മലയാളിയുടെ വായനയിൽ ഏറെ സ്വാധീനം ചെലുത്തിയ ബെന്യാമിന്റെ “ആടുജീവിതം ‘ പഠനവിധേയമാക്കുന്നുണ്ട് ഒരു ലേഖനത്തിൽ.
പൊതുവായനയിൽ കണ്ടെത്താത്ത നോവലിലെ ചില സവിശേഷമായ അടരുകൾ വെളിപ്പെടുത്തുന്നു. മരുഭൂമിയിൽ ജീവിതത്തിന്റെ പുതുതളിർപ്പുകൾ തേടി വന്ന നജീബിന്റെ ദുരനുഭവങ്ങൾക്ക് മനുഷ്യമഹാസങ്കടങ്ങളുടെ ആഴങ്ങൾ കൈവരുന്നത് കൃത്യതയോടെ വായിച്ചെടുക്കുന്നു. “വിരഹം, ദുഃഖം, ഏകാന്തത, പ്രണയം, ആസക്തി എന്നിങ്ങനെ വായനയുടെ ലയം കൊള്ളുന്ന ചുഴികളിലേക്ക് പ്രാർഥനയോടെ വായനക്കാരെ കൊണ്ടുപോകുകയാണ്. എന്നും മനുഷ്യവിമോചനം സ്വപ്നം കാണുന്ന അടിമ സമൂഹത്തിന്റെ മാനിഫെസ്റ്റോയായി മാറുകയാണ് നോവലിൽ ജീവിതം എന്നും ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എസ് ജയചന്ദ്രൻ നായരുടെ “ഉന്മാദത്തിന്റെ സൂര്യകാന്തികൾ ‘എന്ന നോവൽ വായിച്ച് വാൻഗോഗിന്റെ കലയുടെയും ജീവിതത്തിന്റെയും ഉള്ളു പൊള്ളുന്ന വേദനകൾ ആഖ്യാനം ചെയ്യുന്ന രീതിശാസ്ത്രം പഠനവിധേയമാക്കുന്നു. പാരായണത്തിന്റെ സൂക്ഷ്മതയാൽ ഹൃദ്യമാകുന്ന ലേഖനം. ആകാശം നഷ്ടപ്പെട്ടവരുടെ പ്രാർഥനയായി കെ എം അബ്ബാസിന്റെ കഥകൾ വായിച്ചെടുക്കുമ്പോൾ മലയാള കഥ ലോകാനുഭവങ്ങളോട് ചേർന്ന് നിൽക്കുന്നതിന്റെ ഉയരവും കൃത്യപ്പെടുത്തുന്നു.
മുറിവേറ്റ വേദനയിൽ നിന്ന് സർഗബോധ്യങ്ങൾ ഉയിർക്കുന്നത് വായനയിലെ രാഷ്ട്രീയ പരിസരം കൂടിയായി മാറുന്നു. എം മുകുന്ദൻ, ടി ഡി രാമകൃഷ്ണൻ, കൃഷ്ണദാസ്, ബഷീർ മേച്ചേരി, ഗായത്രി, എ എം മുഹമ്മദ്, സുരേന്ദ്രൻ മങ്ങാട്ട്, വി ബി ജ്യോതിരാജ്, നർഗീസ് എന്നിവരുടെ രചനകളിലുള്ള ആഖ്യാന ഭാവതലങ്ങളും അപഗ്രഥിച്ച് മലയാളത്തിന്റെ സർഗബോധ്യങ്ങൾക്കൊപ്പം നിൽക്കാനും ഈ പുസ്തകത്തിനാകുന്നുണ്ട്. പ്രസാധനം ഗ്രീൻ ബുക്സ്. പേജ് 192. വില 280 രൂപ.

Latest