Connect with us

Articles

സംഘ്പരിവാര്‍ പാകുന്നത് ധ്രുവീകരണ വിത്തുകള്‍

2019 നവംബറില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതു മുതല്‍, മന്ദിര്‍-മസ്ജിദ് സംഘര്‍ഷത്തിന്റെ അധ്യായം എന്നെന്നേക്കുമായി അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിലുടനീളമുള്ള മുസ്ലിംകള്‍ വളരെ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. പക്ഷേ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ അതിന്റെ ഉന്നത നേതാക്കള്‍ ഇപ്പോഴും ഈ വിഷയം ഉന്നയിക്കുന്ന രീതി കണക്കിലെടുക്കുമ്പോള്‍ അത് അങ്ങനെയാണെന്ന് തോന്നുന്നില്ല.

Published

|

Last Updated

നടന്നുകൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, രാമക്ഷേത്രത്തെ തന്റെ പ്രധാന നേട്ടമായി പരാമര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര ശ്രമങ്ങള്‍ ഈ വിഷയത്തില്‍ തിരെഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആഗ്രഹം വ്യക്തമാക്കുന്നതാണ്. വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദിലെ പരിശോധനയുടെയും മഥുരയിലെ ശാഹി ഈദ്ഗാഹ് മസ്ജിദിന്റെ മേലുള്ള അവകാശവാദങ്ങളുടെയും വിപുലമായ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍, മന്ദിര്‍-മസ്ജിദ് സംഘര്‍ഷം 2024ന് ശേഷമുള്ള തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിച്ചേക്കാമെന്നത് വ്യക്തമാണ്.

2022 ജൂണില്‍, ഗ്യാന്‍വാപി മസ്ജിദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍, രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ തലവന്‍ മോഹന്‍ ഭാഗവത് നാഗ്പൂരില്‍ ഒരു അഭ്യര്‍ഥന നടത്തി. മുസ്ലിം ഭരണാധികാരികള്‍ ചരിത്രത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് മുസ്ലിംകളുടെ ഇന്നത്തെ തലമുറയെ ഉത്തരവാദികളാക്കരുത്. എന്തിനാണ് എല്ലാ മസ്ജിദിലും ശിവലിംഗം തിരയുന്നത്?- ഭാഗവത് ചോദിച്ചു. അതൊരു ന്യായമായ ചോദ്യമായിരുന്നെങ്കിലും അതിനു ശേഷം കാര്യമായ തുടര്‍ നടപടികളൊന്നുമുണ്ടായില്ല. പകരം, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാശിയുടെയും മഥുരയുടെയും കാര്യത്തില്‍ കൂടുതല്‍ വാചാലനാകുന്നതാണ് നാം കണ്ടത്. 2024 ഫെബ്രുവരിയില്‍ ഉത്തര്‍ പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍, മഹാഭാരതത്തോട് താരതമ്യപ്പെടുത്തി അദ്ദേഹം പറഞ്ഞു: ‘കൃഷ്ണന്‍ അഞ്ച് ഗ്രാമങ്ങള്‍ ആവശ്യപ്പെട്ടത് പോലെ ഇന്നത്തെ ഹിന്ദു സമൂഹം മൂന്ന് കേന്ദ്രങ്ങളാണ് ആവശ്യപ്പെടുന്നത്. അയോധ്യ, കാശി, മഥുര.’ കാശിയിലെയും മഥുരയിലെയും അവകാശവാദം ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ മുസ്ലിംകളോട് അദ്ദേഹം അഭ്യര്‍ഥിക്കുകയുണ്ടായി. 1980കളിലും 1990കളിലും അയോധ്യ സമരകാലത്ത് ‘അയോധ്യ തോ ജാന്‍കീ ഹേ, കാശി മഥുര ബാക്കി ഹേ’ എന്നൊരു മുദ്രാവാക്യം ഉയര്‍ന്നിരുന്നു. ആ മുദ്രാവാക്യത്തിലെ ‘കാശി മഥുര ബാക്കി ഹേ’ എന്ന ഭാഗം വീണ്ടും രാഷ്ട്രീയമായി സജീവമായിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ മസ്ജിദ് സ്ഥിതി ചെയ്യുന്നത് കേരളത്തിലാണെങ്കിലും, ഡല്‍ഹിയിലെ ജമാ മസ്ജിദിനെ പോലെ മുസ്ലിം ചരിത്രവുമായി അടുത്ത ബന്ധമുള്ള മറ്റൊരു മസ്ജിദും ഇല്ല. 1857ലെ കലാപ സമയത്ത് കൊളോണിയല്‍ സൈന്യം അതിനെ കളങ്കപ്പെടുത്തി. 1857 സെപ്തംബര്‍ 20ന് ബ്രിട്ടീഷ് ശിപായിമാര്‍ മസ്ജിദിനുള്ളില്‍ തീകുണ്ഡാരമൊരുക്കി ആനന്ദ നൃത്തം ചെയ്തതും പിന്നീട് അതിനെ ഒരു സൈനിക ബാരക്കാക്കി മാറ്റുകയും ചെയ്തത് ചരിത്ര രേഖയാണ്.

സൈനിക അധിനിവേശ കാലത്ത് മസ്ജിദിന്റെ പരിസരം കലുഷമാക്കപ്പെട്ട വിധം വാക്കുകള്‍ക്കതീതമായിരുന്നു. മുസ്ലിംകള്‍ തങ്ങളുടെ ജീവന്‍ കൊണ്ടും സ്വത്ത് കൊണ്ടും ഇതിനായി നല്‍കിയ വില വലുതാണ്. മാസങ്ങള്‍ക്ക് ശേഷം ജമാ മസ്ജിദ് മുസ്ലിംകള്‍ക്ക് തിരികെ നല്‍കി. ആര്‍ മോര്‍ഗന്‍സ്റ്റീന്റെ ‘ഇന്ത്യന്‍ മുസ്ലിം ന്യൂനപക്ഷങ്ങളും 1857ലെ കലാപവും’ എന്ന പുസ്തകം കലാപത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും അത് മുസ്ലിം സ്വത്വത്തെ എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചും വ്യക്തമായ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്.

1857ലെ കലാപ കാലത്ത് ജമാ മസ്ജിദ് പൊളിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. 1857-59 കാലഘട്ടത്തില്‍ ദി ടൈംസിന്റെ ഇന്ത്യന്‍ ലേഖകനായി സേവനമനുഷ്ഠിച്ച വില്യം ഹോവാര്‍ഡ് റസ്സല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. 1858-59 വര്‍ഷത്തില്‍ ‘മൈ ഡയറി ഇന്‍ ഇന്ത്യ’ എന്ന തന്റെ ഡയറിയില്‍ റസ്സല്‍ എഴുതി: ‘ജമാ മസ്ജിദ് പൊളിച്ചു കളയണമെന്നുള്ളതാണ് ഞങ്ങളുടെ നിര്‍ദേശം. ഇന്ത്യയിലെ മുഹമ്മദീയരാണ് നമ്മെ ഏറ്റവും കൂടുതല്‍ കുഴപ്പത്തിലാക്കുന്നത് എന്നതാണ് വസ്തുത’. മിസ്റ്റര്‍ റസ്സല്‍ കൂട്ടിച്ചേര്‍ക്കുന്നു, ‘ഒരു ശക്തമായ പ്രയത്നത്തിലൂടെ നമുക്ക് പൈതൃകങ്ങളെ ഉന്മൂലനം ചെയ്യാനും മുഹമ്മദീയരുടെ ആരാധനാ കേന്ദ്രങ്ങള്‍ നശിപ്പിക്കാനും കഴിയുമെങ്കില്‍, അതായിരിക്കും ക്രിസ്ത്യന്‍ വിശ്വാസത്തിനും ബ്രിട്ടീഷ് ഭരണത്തിനും നല്ലത്’. അന്ന് മുതല്‍ ഇന്ത്യന്‍ മുസ്ലിംകള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കെല്ലാം സാക്ഷിയായി ഡല്‍ഹി ജമാ മസ്ജിദ് ഇന്നും നിലകൊള്ളുന്നു. 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ നൂറുകണക്കിന് മുസ്ലിംകള്‍ അന്ന് വൈകുന്നേരം ഡല്‍ഹി ജമാ മസ്ജിദില്‍ ഒത്തുകൂടി. ശാഹി ഇമാം അവരെ അഭിസംബോധന ചെയ്തു. 2024 ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയില്‍ കാര്യമായൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

2019 നവംബറില്‍ ബാബരി മസ്ജിദ് വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതു മുതല്‍, മന്ദിര്‍-മസ്ജിദ് സംഘര്‍ഷത്തിന്റെ അധ്യായം എന്നെന്നേക്കുമായി അവസാനിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയിലുടനീളമുള്ള മുസ്ലിംകള്‍ വളരെ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളത്. പക്ഷേ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രചാരണത്തില്‍ അതിന്റെ ഉന്നത നേതാക്കള്‍ ഇപ്പോഴും ഈ വിഷയം ഉന്നയിക്കുന്ന രീതി കണക്കിലെടുക്കുമ്പോള്‍ അത് അങ്ങനെയാണെന്ന് തോന്നുന്നില്ല.

ജമാ മസ്ജിദിന്റെ പുനരുദ്ധാരണത്തിന് വേണ്ടി വിദേശത്ത് നിന്നുള്ള സാമ്പത്തിക സഹായം അനുവദിക്കാന്‍ യു പി എ സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകാമെന്ന കാരണം പറഞ്ഞ് അത് നിരസിക്കുകയാണുണ്ടായത്. എന്നാല്‍ ഹിന്ദുത്വ വലതുപക്ഷം അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ആഗോളതലത്തില്‍ വിഭവ സമാഹരണം നടത്തുന്നതില്‍ സുരക്ഷാ ആശങ്കകളൊന്നും കാണുന്നില്ല. 2021ല്‍, ജമാ മസ്ജിദിന്റെ അവസ്ഥയെക്കുറിച്ചും അതിന്റെ നവീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും പാര്‍ലിമെന്റില്‍ ചോദ്യമുന്നയിക്കപ്പെട്ടപ്പോഴും മോദി സര്‍ക്കാര്‍ അത് നിരസിച്ചു. 1992 ഡിസംബര്‍ ആറിനും 2024 ജനുവരി 22നും ഇടയില്‍ നടന്ന കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയും അതിന് മുമ്പ് നടന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയും ഭാവിയിലെ മന്ദിര്‍-മസ്ജിദ് തര്‍ക്കങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള രാഷ്ട്രീയ നീക്കങ്ങള്‍, വിഭവ സമാഹരണം, ജുഡീഷ്യല്‍ ഇടപെടല്‍ എന്നിവക്ക് കൃത്യമായ ഒരു മാതൃക ഹിന്ദുത്വ വലതുപക്ഷത്തിനുണ്ട്.

ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15ന് നിലനിന്നിരുന്ന അതേ സ്ഥിതിയില്‍ നിലനിര്‍ത്താനായി രൂപവത്കൃതമായ 1991ലെ ആരാധനാലയ സംരക്ഷണത്തിനുള്ള സ്പെഷ്യല്‍ പ്രൊവിഷന്‍ ആക്ടാണ് ഇപ്പോള്‍ സംഘ്പരിവാറിന്റെ വഴിയില്‍ തടസ്സമായി നില്‍ക്കുന്നത്. 1991ലെ ഈ നിയമം മാറ്റുന്നത് ആര്‍ട്ടിക്കിള്‍ 370 നേര്‍പ്പിക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണെന്ന് മനസ്സിലാക്കുമ്പോള്‍ അതിന്റെ ഭാവി എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല. എന്തുതന്നെയായാലും, മന്ദിര്‍-മസ്ജിദ് വിവാദം കാശിക്കും മഥുരക്കും അപ്പുറത്തേക്കുള്ള ഒരു മുഖ്യ വിഷയമാകും. അത് മതധ്രുവീകരണത്തെ കൂടുതല്‍ ആഴത്തിലാക്കുകയും ഇന്ത്യയുടെ വളര്‍ന്നുവരുന്ന മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും.

കടപ്പാട്: ദി ഹിന്ദു
വിവര്‍ത്തനം: ഡോ. മുഹമ്മദ് അലി ഇ കെ

 

Latest