Connect with us

Articles

മാലദ്വീപ്: ചൈനീസ് ചായ്‌വ് പ്രകടമാകുന്ന ജനവിധി

പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ്സിന്റെ വിജയം ഇന്ത്യയും മാലദ്വീപും തമ്മില്‍ തുടരുന്ന അകലം ഒന്നുകൂടി വര്‍ധിപ്പിച്ചേക്കാം. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് സമൂഹമായ മാലദ്വീപിലെ തിരഞ്ഞെടുപ്പ് ഇന്ത്യയും ചൈനയും ആകാംക്ഷയോടെ നോക്കിക്കണ്ട തിരഞ്ഞെടുപ്പായിരുന്നു. മുഇസ്സുവിന്റെ വിജയം ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. ബീജിംഗിനോട് അടുപ്പം പുലര്‍ത്തുന്ന മുഇസ്സുവിന്റെ വിജയം തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നിയന്ത്രണം ശക്തിപ്പെടുത്തും.

Published

|

Last Updated

മാലദ്വീപില്‍ നടന്ന പാര്‍ലിമെന്റ് (പീപ്പിള്‍സ് മജ്‌ലിസ്) തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് മുഹമ്മദ് മുഇസ്സുവിന്റെ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി വന്‍ വിജയം നേടി. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ശേഷമുള്ള ഈ തിരഞ്ഞെടുപ്പ് മുഇസ്സു നേരിട്ട ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു.

93 സീറ്റുകളുള്ള മാലദ്വീപിലെ പീപ്പിള്‍സ് മജ്‌ലിസില്‍ മൂന്നില്‍ രണ്ട് സീറ്റിലും മുഇസ്സുവിന്റെ പാര്‍ട്ടി വിജയക്കൊടി ഉയര്‍ത്തി. പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ഈ വിജയം ഇന്ത്യയും മാലദ്വീപും തമ്മില്‍ തുടരുന്ന അകലം ഒന്നുകൂടി വര്‍ധിപ്പിച്ചേക്കാം. ഇന്ത്യന്‍ മഹാസമുദ്ര ദ്വീപ് സമൂഹമായ മാലദ്വീപിലെ തിരഞ്ഞെടുപ്പ് ഇന്ത്യയും ചൈനയും ആകാംക്ഷയോടെ നോക്കിക്കണ്ട തിരഞ്ഞെടുപ്പായിരുന്നു. മുഇസ്സുവിന്റെ വിജയം ഇന്ത്യ ആഗ്രഹിച്ചിരുന്നില്ല. ബീജിംഗിനോട് അടുപ്പം പുലര്‍ത്തുന്ന മുഇസ്സുവിന്റെ വിജയം തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ നിയന്ത്രണം ശക്തിപ്പെടുത്തും. ഇത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണ്.
2023 ഒക്ടോബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ “ഇന്ത്യ ഔട്ട്’ എന്ന പ്രചാരണം മുഇസ്സു നടത്തുകയുണ്ടായി. മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെ തിരിച്ചയക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മുഇസ്സുവിന്റെ അന്നത്തെ വിജയത്തെ ഇന്ത്യാവിരുദ്ധ വിജയമായി ചില രാഷ്ട്രതന്ത്രജ്ഞര്‍ വ്യാഖ്യാനിച്ചിരുന്നു. ചൈനയെ അനുകൂലിക്കുകയും അയല്‍ രാജ്യമായ ഇന്ത്യയോട് അകല്‍ച്ച കാണിക്കുകയും ചെയ്യുന്ന മുഇസ്സുവിന്റെ വിജയത്തെ ഇന്ത്യക്കേറ്റ തിരിച്ചടിയെന്ന് മാലദ്വീപിലേതടക്കമുള്ള മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പിലുള്ള മുഇസ്സുവിന്റെ വന്‍ വിജയം മാധ്യമങ്ങളുടെ ആ വിലയിരുത്തലിനെ സാധൂകരിക്കുകയാണ്.

പീപ്പിള്‍സ് മജ്‌ലിസില്‍ നിലവില്‍ പീപ്പിള്‍സ് നാഷനല്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും എട്ട് സീറ്റുകള്‍ മാത്രമാണുള്ളത്. ഇതുകാരണം മുഇസ്സുവിന് പ്രസിഡന്റായി അധികാരമേറ്റിട്ടും പാര്‍ലിമെന്റില്‍ ബില്ലുകള്‍ പാസ്സാക്കാനും മറ്റും ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. മന്ത്രിമാരെ നിയമിക്കുന്നതിനും ബജറ്റ് പാസ്സാക്കുന്നതിനും മുഇസ്സുവിന് എതിര്‍പക്ഷത്തെ ഭൂരിപക്ഷം തടസ്സമായിരുന്നു. പ്രസിഡന്റ് മുഇസ്സു നിയമിച്ച മൂന്ന് മന്ത്രിമാര്‍ക്കും പാര്‍ലിമെന്റിന്റെ അംഗീകാരം ലഭിക്കാത്തതിനാല്‍ ചുമതല ഏല്‍ക്കാന്‍ സാധിച്ചിരുന്നില്ല. മുന്‍ പ്രസിഡന്റും ഇന്ത്യ അനുകൂലിയുമായ ഇബ്‌റാഹീം മുഹമ്മദ് സ്വാലിഹിന്റെ പാര്‍ട്ടിയായ മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി)ക്കാണ് പാര്‍ലിമെന്റില്‍ ഭൂരിപക്ഷമുള്ളത്. ഇത്തവണ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ എം ഡി പി വന്‍ പരാജയമാണ് നേരിട്ടത്. മുഇസ്സുവിന്റെ മുന്നണി 71 സീറ്റുകള്‍ നേടിയപ്പോള്‍ എം ഡി പി 15 സീറ്റിലൊതുങ്ങി. മുഇസ്സുവിന്റെ പാര്‍ട്ടി തനിച്ച് 68 സീറ്റില്‍ ജയിച്ചു. അധികാരത്തിലെത്തിയാല്‍ മാലദ്വീപിലുള്ള ഇന്ത്യന്‍ സൈനികരെയും സാങ്കേതിക വിദഗ്ധരെയും തിരിച്ചയക്കുമെന്ന പ്രഖ്യാപനവുമായി മുഇസ്സു മുന്നോട്ട് പോകുകയാണ്. രാജ്യത്ത് ചൈനയുടെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തിവരികയാണ്. മുന്‍ പ്രസിഡന്റ് സ്വലാഹിയുടെ പാര്‍ട്ടി പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് മുഇസ്സുവിന്റെ ഇന്ത്യാവിരുദ്ധ – ചൈനീസ് അനുകൂല നിലപാടിനെ ചോദ്യം ചെയ്ത് കൊണ്ടായിരുന്നു.

2023 നവംബറില്‍ മുഹമ്മദ് മുഇസ്സു പ്രസിഡന്റായി അധികാരമേറ്റ ശേഷം ഇന്ത്യ-മാലദ്വീപ് ബന്ധത്തില്‍ വിള്ളലുണ്ടായി. ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കുമെന്ന തീരുമാനത്തിനു പുറമെ മുഇസ്സു ഇന്ത്യക്കെതിരെയുള്ള നീക്കം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ്. പ്രസിഡന്റായി ചുമതലയേറ്റ ഉടനെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ക്ഷണപ്രകാരം മുഇസ്സു ആ രാജ്യം സന്ദര്‍ശിച്ചു. ഷി ജിന്‍പിംഗ് ഉള്‍പ്പെടെ ഉയര്‍ന്ന ചൈനീസ് നേതാക്കളുമായി ചര്‍ച്ച നടത്തി പ്രതിരോധ മേഖലയിലടക്കം ഇരു രാജ്യങ്ങളും കരാറിലേര്‍പ്പെട്ടു. ടൂറിസം വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് അപ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍മിക്കുന്നതിന് ചൈന സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. കൂടാതെ ദ്വീപിന്റെ അടിസ്ഥാന വികസന പദ്ധതികളിലും ചൈനീസ് നേതാക്കള്‍ സഹായം ഉറപ്പുനല്‍കി. എന്നാല്‍ നീണ്ടകാലം സൗഹൃദത്തില്‍ തുടര്‍ന്ന അയല്‍ രാജ്യം കൂടിയായ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ നിന്ന് മുഇസ്സു മാറിനില്‍ക്കുകയാണ്.

മുഇസ്സു പ്രസിഡന്റായി ചുമതലയേറ്റ ഘട്ടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടയില്‍ നടത്തിയ പരാമര്‍ശം മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയുണ്ടായി. ലക്ഷദ്വീപിനെ ഏറ്റവും നല്ല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന മോദിയുടെ പ്രസ്താവനക്കെതിരെ മാലദ്വീപില്‍ നിന്നുണ്ടായ പ്രതികരണം മോദിയെയും ഇന്ത്യയെയും അപമാനിക്കുന്ന രീതിയിലായിരുന്നു. ആ പ്രസ്താവന മാലദ്വീപിനെ ദോഷകരമായി ബാധിക്കുകയും ചെയ്തു. ഇന്ത്യന്‍ ടൂറിസ്റ്റുകള്‍ മാലദ്വീപ് സന്ദര്‍ശിക്കുന്നതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം കൊഴുത്തു. ടൂറിസം പ്രധാന വരുമാന മാര്‍ഗമായ മാലദ്വീപിലേക്കുള്ള ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മാലദ്വീപ് മനോഹരമായ അവധിക്കാല കേന്ദ്രമായി അറിയപ്പെടുന്നു. 800 കിലോമീറ്റര്‍ ചുറ്റളവില്‍ ചിതറിക്കിടക്കുന്ന 1,192 ചെറിയ പവിഴ ദ്വീപുകളുടെ കൂട്ടമാണ് മാലദ്വീപ്. ദ്വീപിലെ ആകെ ജനസംഖ്യ 5.21 ലക്ഷം ആണ്.
മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസം ഒരു പ്രധാന പങ്കുവഹിക്കുന്നു. ദ്വീപ് സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കായിരുന്നു. വിവാദത്തെ തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മാലദ്വീപ് സന്ദര്‍ശിച്ച നാല് ലക്ഷത്തോളം പേരില്‍ ഇന്ത്യക്കാരുടെ സ്ഥാനം അഞ്ചാമതായി കുറഞ്ഞു. ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ എണ്ണത്തിലെ കുറവ് മാലദ്വീപിന്റെ സമ്പദ് വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള നടപടികള്‍ മാലദ്വീപ് ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. ടൂറിസം രംഗത്ത് മാത്രമല്ല ആരോഗ്യ മേഖലയിലും ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതിയിലും മാലദ്വീപിന് ഇന്ത്യയെ മാറ്റി നിര്‍ത്താന്‍ ആകില്ല. ചികിത്സാ സൗകര്യം പരിമിതമായ മാലദ്വീപിലെ രോഗികള്‍ക്ക് ഏറ്റവും വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന ഇടം തിരുവനന്തപുരവും കോയമ്പത്തൂരും ആണ്. മുഇസ്സു ചൈനയുമായി അടുക്കുന്നതിനെ അനുകൂലിക്കുന്ന മാലദ്വീപിലെ ജനങ്ങള്‍ ഇന്ത്യയുമായി അകലുന്നതിനോട് പൂര്‍ണമായി യോജിക്കുന്നില്ല.

2024-25 സാമ്പത്തിക വര്‍ഷം മുട്ട, ഉരുളക്കിഴങ്ങ്, ഉള്ളി, അരി, ഗോതമ്പ് മാവ്, പഞ്ചസാര, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ മാലദ്വീപിലേക്ക് കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കൊറോണയെ തുടര്‍ന്ന് മാലദ്വീപിനു ലഭിച്ച വാക്‌സീനുകളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇപ്പോഴും ആ രാജ്യം ഔഷധങ്ങള്‍ക്ക് കൂടുതലായി ആശ്രയിക്കുന്നത് ഇന്ത്യയെയാണ്. തീര്‍ത്തും ദുര്‍ബലമായ ഒരു കൊച്ചു രാജ്യത്തെ അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ചേരിതിരിഞ്ഞ് രണ്ട് ശാക്തിക രാജ്യങ്ങളുടെ കാല്‍ക്കീഴില്‍ പൂര്‍ണമായി കൊണ്ടുകെട്ടാന്‍ മത്സരിക്കുന്നതിന്റെ അനന്തരഫലം ആ രാജ്യത്തിന് അനുകൂലമായിരിക്കില്ലെന്നാണ് മനസ്സിലാകുന്നത്.