Connect with us

Editorial

രവീന്ദ്രന്‍ പട്ടയ വിവാദം വീണ്ടും പുകയുമ്പോള്‍

പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാകുമോ എന്ന് കണ്ടറിയണം. 2007ല്‍ വി എസ് നിയമിച്ച മൂന്നംഗ സംഘത്തിനുണ്ടായ അതേ അനുഭവമായിരിക്കും ഇപ്പോഴത്തെ തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ സംഭവിക്കാനിരിക്കുകയെന്നാണ് എം എം മണിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്.

Published

|

Last Updated

ഭൂമി കൈയേറ്റങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്തത് രവീന്ദ്രന്‍ പട്ടയങ്ങളായിരിക്കണം. 1999 കാലത്ത് ദേവികുളം അഡീഷനല്‍ തഹസില്‍ദാറായിരുന്ന എം ഐ രവീന്ദ്രന്‍ മൂന്നാര്‍ മേഖലയില്‍ നല്‍കിയ പട്ടയങ്ങളാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ എന്നറിയപ്പെടുന്നത്. അന്ന് ജില്ലാ കലക്ടറായിരുന്ന വി ആര്‍ പത്മനാഭനാണ് പട്ടയം നല്‍കാന്‍ രവീന്ദ്രനെ ചുമതലപ്പെടുത്തിയത്. ജില്ലാ കലക്ടറുടെ ഉത്തരവ് പക്ഷേ സ്റ്റാറ്റിയൂട്ടറി റഗുലേറ്ററി ഓര്‍ഡര്‍ വഴി ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് സാധൂകരിക്കാന്‍ തിരക്കിനിടയില്‍ റവന്യൂ വകുപ്പ് മറന്നു. അതുകൊണ്ട് നിയമപ്രകാരം രവീന്ദ്രന്‍ തഹസില്‍ദാര്‍ ആയില്ല. പട്ടയം ഒപ്പിട്ടുനല്‍കാനുള്ള അധികാരം തഹസില്‍ദാര്‍ക്ക് മാത്രമാണെന്നാണ് ചട്ടം. വന്‍കിട കൈയേറ്റങ്ങള്‍ സാധൂകരിക്കുന്ന രീതിയിലാണ് രവീന്ദ്രന്‍ പട്ടയങ്ങള്‍ നല്‍കിയതെന്നാണ് പറയപ്പെടുന്നത്. റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവയിലാണ് കൂടുതലും അദ്ദേഹം പട്ടയങ്ങള്‍ നല്‍കിയത്. ജില്ലക്ക് പുറത്തുള്ളവരടക്കം ഇത്തരുണത്തില്‍ ഭൂമി കൈയേറുകയും രവീന്ദ്രന്‍ പട്ടയങ്ങള്‍ നേടുകയും ചെയ്തതായി ആരോപിക്കപ്പെടുന്നുണ്ട്.

2007ല്‍ എസ് സുരേഷ് കുമാര്‍ ഐ എ എസിന്റെ നേതൃത്വത്തില്‍ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നംഗ ദൗത്യസംഘത്തെ നിയോഗിച്ച ഘട്ടത്തിലും രവീന്ദ്രന്‍ പട്ടയങ്ങള്‍ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. മെയ് 13 മുതല്‍ ജൂണ്‍ ഏഴ് വരെയുള്ള കാലയളവില്‍ അനധികൃതമായി കൈയേറിയ 91 കെട്ടിടങ്ങള്‍ ദൗത്യസംഘം പൊളിച്ചു. 11,350 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുകയും ചെയ്തു. ഇടുക്കി ജില്ലയിലെ പല രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായ രവീന്ദ്രന്‍ പട്ടയങ്ങളുടെ മറവിലാണെന്നു കണ്ടെത്തിയ ദൗത്യസംഘം പാര്‍ട്ടി ഓഫീസുകള്‍ക്കു നേരേ തിരിഞ്ഞതോടെ മൂന്നാര്‍ ദൗത്യത്തിന് ഇടങ്കോലിട്ട് സി പി എമ്മിലെ ഒരു വിഭാഗവും സി പി ഐയും രംഗത്തെത്തി. ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടുമെന്ന് ഒരു സി പി എം നേതാവ് പരസ്യമായി പ്രഖ്യാപിച്ചു. ഇതോടെ ദൗത്യം ഉപേക്ഷിച്ച് സുരേഷ് കുമാറിനും സംഘത്തിനും മടങ്ങേണ്ടി വന്നു. ദൗത്യസംഘത്തിന്റെ നടപടിക്കു വിധേയരായ റിസോര്‍ട്ട് ഉടമകള്‍ കോടതിയില്‍ നിന്ന് സ്റ്റേയുമായി എത്തിയതും അവരുടെ മുന്നോട്ടു പോക്കിനെ ബാധിച്ചു.

ഇപ്പോള്‍ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തതോടെ വിഷയം വീണ്ടും വിവാദമാകുകയും സി പി എം-സി പി ഐ പോരിന് അത് കളമൊരുക്കിയിരിക്കുകയുമാണ്. ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ച് 1999ല്‍ ദേവികുളം താലൂക്കില്‍ അനുവദിച്ച 530 പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകാണ് ബുധനാഴ്ച ഉത്തരവിറക്കിയത്. 45 ദിവസങ്ങള്‍ക്കുള്ളില്‍ പട്ടയങ്ങള്‍ വിശദമായി പരിശോധിച്ച് നിയമാനുസൃതമായി റദ്ദ് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം ഐ രവീന്ദ്രന്‍ പട്ടയമനുവദിച്ച വില്ലേജുകളില്‍ ഒരു ഡെപ്യൂട്ടി തഹസില്‍ദാറുടെ നേതൃത്വത്തില്‍ രണ്ട് സര്‍വേയര്‍മാരും ഒരു റവന്യൂ ഇന്‍സ്‌പെക്ടറും രണ്ട് സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരും അടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ച് ഭൂമിയുടെ യോഗ്യത ഉറപ്പാക്കാനും എല്ലാ രേഖകളും തയ്യാറാക്കി തഹസില്‍ദാര്‍ക്ക് കൈമാറാനും ഉത്തരവില്‍ പറയുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി നഷ്ടപ്പെടാതിരിക്കാനാണ് ഈ പരിശോധന. നാല് വര്‍ഷം നീണ്ട വിശദമായ പരിശോധനക്ക് ശേഷമാണ് പട്ടയം റദ്ദാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
അനധികൃത പട്ടയങ്ങള്‍ റദ്ദാക്കപ്പെടുന്നതോടൊപ്പം പട്ടയത്തിന് അര്‍ഹതയുള്ളവര്‍ക്ക് രണ്ട് മാസത്തിനകം പുതിയ പട്ടയം നല്‍കാന്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേം നല്‍കിയിട്ടുമുണ്ട്. ഇതിനായി പ്രത്യേകം സമിതിയെ നിയോഗിക്കും. അതേസമയം അനധികൃത പട്ടയങ്ങള്‍ റദ്ദാക്കുന്നതിന്റെ പേരില്‍ മൂന്നാറിലെ സി പി എം ഓഫീസ് തൊടാന്‍ വന്നാല്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണി രംഗത്തു വന്നിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് നിയമപരമായി നല്‍കിയതാണ് രവീന്ദ്രന്‍ പട്ടയങ്ങളെന്ന് അവകാശപ്പെട്ട എം എം മണി, റവന്യൂ വകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസ്സിലാകുന്നില്ലെന്നും പറയുകയുണ്ടായി. പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തോട് യോജിക്കുന്നില്ല. ഇത് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. ഇടുക്കിയില്‍ മാത്രമാണോ അനധികൃത കെട്ടിടങ്ങളുള്ളത്? അനധികൃത നിര്‍മാണം നടക്കുമ്പോള്‍ നോക്കേണ്ടവര്‍ എവിടെയായിരുന്നുവെന്നും എം എം മണി ചോദിക്കുന്നു. സി പി ഐയെയും റവന്യൂ വകുപ്പിനെയും ലക്ഷ്യമാക്കിയാണ് അദ്ദേഹത്തിന്റെ ഒളിയമ്പ്. പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ തെറ്റായ വ്യാഖ്യാനങ്ങളും കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തിലുള്ള പ്രതികരണങ്ങളും വേണ്ടെന്നായിരുന്നു ഇതിനു റവന്യൂ മന്ത്രി കെ രാജന്റെ മറുപടി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തപ്പോള്‍ ഇറക്കിയ ഉത്തരവിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് വിവാദ പട്ടയങ്ങള്‍ നല്‍കിയ മുന്‍ ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ എം ഐ രവീന്ദ്രന്റെ ഇതുസംബന്ധിച്ച പ്രതികരണം.

പെട്ടെന്നുണ്ടായതല്ല വിവാദ പട്ടയം റദ്ദാക്കാനുള്ള തീരുമാനം. 2019ല്‍ മന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയുണ്ടായി. പട്ടയം നിയമാനുസൃതമല്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. 2019ല്‍ എം എം മണി ഉള്‍പ്പെട്ട ക്യാബിനറ്റിന്റേതായിരുന്നു തീരുമാനമെന്ന് സി പി ഐ സംസ്ഥാന നേതൃത്വവും വ്യക്തമാക്കി. എങ്കിലും പട്ടയം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാനാകുമോ എന്ന് കണ്ടറിയണം. 2007ല്‍ വി എസ് നിയമിച്ച മൂന്നംഗ സംഘത്തിനുണ്ടായ അതേ അനുഭവമായിരിക്കും ഇപ്പോഴത്തെ തീരുമാനം നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ സംഭവിക്കാനിരിക്കുകയെന്നാണ് എം എം മണിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. പട്ടയം റദ്ദാക്കല്‍ തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുമേറെയാണ്. അനധികൃത പട്ടയത്തില്‍ സി പി എം ഓഫീസിന്റെയും ചില രാഷ്ട്രീയ നേതാക്കളുടെ റിസോര്‍ട്ടുകളുടെയും ഭൂമി ഉള്‍പ്പെട്ടതാണ് പ്രശ്നം. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായിയെ ആശ്രയിച്ചിരിക്കുന്നു ഇക്കാര്യത്തില്‍ അന്തിമ തീരുമാനം.

 

Latest