Connect with us

punjab congress issue

ക്യാപ്റ്റന്റെ ഭാവി രാഷ്ട്രീയ ഇന്നിംഗ്‌സ് ഏത് ദിശയിൽ?

പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്ത് രാഷ്ട്രീയ ഗോദയിൽ പോരാട്ടം നടത്തുകയായിരിക്കും മുന്‍ സൈനികനായ അമരീന്ദര്‍ ചെയ്യുക.

Published

|

Last Updated

ക്രിക്കറ്റില്‍ ബാറ്റ്‌സ്മാനായിരുന്നെങ്കിലും നവജോത് സിംഗ് സിദ്ദുവിന്റെ അധികാര രാഷ്ട്രീയ യോര്‍ക്കറില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ക്ലീന്‍ ബൗള്‍ഡായിരിക്കുന്നു. പഞ്ചാബ് കോണ്‍ഗ്രസില്‍ ഒളിഞ്ഞുംതെളിഞ്ഞും കാലങ്ങളായി തുടരുന്ന പോരിനാണ് ഇതോടെ അര്‍ധ വിരാമമായിരിക്കുന്നത്. ക്യാപ്റ്റന്റെ ഭാവി തീരുമാനമാണ് ആ പോരിന് പൂര്‍ണ വിരാമമമിടുക.

ക്രിക്കറ്റില്‍ നിന്ന് ടി വി അവതാരകനായും തുടർന്ന് ബി ജെ പി വഴി കോണ്‍ഗ്രസിലെത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാകും മുമ്പാണ് ക്യാപ്റ്റന്റെ എതിരാളിയായി സിദ്ദു വളര്‍ന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ വമ്പന്‍ ജയം മുന്നില്‍കണ്ട് 2017ല്‍ കോണ്‍ഗ്രസിലെത്തിയ സിദ്ദു മന്ത്രിസഭയില്‍ ഇടംനേടിയെങ്കിലും അമരീന്ദറുമായുള്ള ശക്തമായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് വൈകാതെ രാജിവെക്കുകയും ഈ വര്‍ഷം പി സി സി അധ്യക്ഷനാകുകയും ചെയ്തു. ഇതിന് ശേഷമാണ് ഗ്രൂപ്പ് യുദ്ധം അതിന്റെ ക്ലൈമാക്‌സിലേക്ക് വളര്‍ന്നത്.

ഒന്നല്ല മൂന്ന് പ്രാവശ്യം അപമാനിതനായെന്ന ക്യാപ്റ്റന്റെ ഇന്നത്തെ തുറന്നുപറച്ചിലില്‍ എല്ലാമുണ്ട്. പഞ്ചാബിലെ ഭരണം ശരാശരിയാണെന്ന് തുറന്ന് സമ്മതിക്കാമെങ്കിലും തൊഴുത്തില്‍ കുത്ത് അപാരമായിരുന്നു. സിദ്ദു പി സി സി അധ്യക്ഷനായതിന് ശേഷമാണ് ഒരു വിഭാഗം എം എല്‍ എമാര്‍ രണ്ട് തവണ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ഹൈക്കമാന്‍ഡിനെ സമീപിച്ചത്. ഇതാണ് താന്‍ അപമാനിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞത്. എം എല്‍ എമാര്‍ മൂന്നാം തവണയും യോഗം ചേരുന്നതിന് മുന്നോടിയായി അദ്ദേഹം രാജിവെച്ചൊഴിയുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ ശക്തമായ പിന്തുണ സിദ്ദുവിനുണ്ട്. 2017ല്‍ സിദ്ദുവിനെ ബി ജെ പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് എത്തിക്കുന്നതില്‍ അമരീന്ദറിന് എതിര്‍പ്പുണ്ടായിരുന്നു. തന്നെ സിദ്ദു മറികടക്കുമോയെന്ന ഭയം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കണം.

ഈ ഘട്ടത്തില്‍ അമരീന്ദര്‍ ഇനിയേത് ദിശയിലായിരിക്കും സഞ്ചരിക്കുകയെന്നത് പ്രധാനപ്പെട്ടതാണ്. അനുയായികളുമായി ചേര്‍ന്ന് യുക്തമായ തീരുമാനമെടുക്കുമെന്നാണ് രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയ ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 2017ല്‍ ത്രികോണ മത്സരത്തില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ വമ്പന്‍ ജയം നേടി കോണ്‍ഗ്രസിനെ അധികാരത്തിലേക്ക് ആനയിച്ചത് അമരീന്ദറിന്റെ നേതൃത്വത്തിലായിരുന്നു.

പാര്‍ട്ടിയെ പിളര്‍ത്തി അമരീന്ദര്‍ കോൺഗ്രസിൽ നിന്നും രാജിവെച്ചാല്‍ മാസങ്ങള്‍ മാത്രമുള്ള തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകും. മിക്കവാറും പുതിയ പാര്‍ട്ടി രൂപവത്കരിക്കുകയാകും അമരീന്ദര്‍ ചെയ്യുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. അപമാനിതനായി പുറത്തുപോകുന്നു എന്ന് വ്യക്തമാക്കിയതിനാല്‍ കോണ്‍ഗ്രസില്‍ തുടരാന്‍ അദ്ദേഹം താത്പര്യപ്പെടില്ല. കേന്ദ്രത്തില്‍ അധികാരം ഈയടുത്തൊന്നും കോണ്‍ഗ്രസിന് സ്വപ്‌നം കാണാന്‍ പോലും സാധിക്കാത്തതും ഇതിന് കാരണമാണ്.

ഇനിയുള്ളത് ശിരോമണി അകാലി ദള്‍, എ എ പി എന്നിവയാണ്. പഞ്ചാബിലെ പ്രധാന പ്രതിപക്ഷമായ ശിരോമണി അകാലി ദള്‍ അമരീന്ദറിന്റെ പ്രഖ്യാപിത ശത്രുവായതിനാല്‍ ആ സാധ്യതയുടെ വാതില്‍ അടക്കാം. അടുത്ത തിരഞ്ഞെടുപ്പില്‍ എ എ പി വലിയ വിജയം നേടുമെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും ബി ജെ പിയുടെ ബി ടീം എന്ന മേല്‍വിലാസം ലഭിച്ചതിനാല്‍, തികഞ്ഞ സെക്യുലര്‍ ആയ അമരീന്ദര്‍ ആ വാതിലും മുട്ടാന്‍ ഇടയില്ല. ബി ടീം പോലും തിരഞ്ഞെടുക്കാൻ സാധ്യതയില്ലാത്ത അദ്ദേഹം എ ടീമിലേക്ക് പോകില്ലയെന്നതിനാലും ബി ജെ പിയുടെ സാധ്യത 2017ലെ തിരഞ്ഞെടുപ്പില്‍ തന്നെ അടഞ്ഞതിനാനും ആ ദിശയിലേക്കും അദ്ദേഹം തിരിയില്ല. അതിനാല്‍, പുതിയ പാര്‍ട്ടി രൂപവത്കരിക്കുയെന്ന വെല്ലുവിളി ഏറ്റെടുത്ത് രാഷ്ട്രീയ ഗോദയിൽ പോരാട്ടം നടത്തുകയായിരിക്കും മുന്‍ സൈനികനായ അമരീന്ദര്‍ ചെയ്യുക. അതിന്റെ ഫലം കോണ്‍ഗ്രസിന് ക്ഷീണം സംഭവിക്കും എന്നതാണ്. അതേസമയം, പുതിയ പാര്‍ട്ടി കാരണം വലിയ നേട്ടം അമരീന്ദറിന് ഉണ്ടായില്ലെങ്കിലും കോണ്‍ഗ്രസിനുള്ള വോട്ടുകള്‍ ഭിന്നിക്കുക വഴി ശിരോമണി അകാലിദളിനും എ എ പിക്കും ഗുണമുണ്ടാകും. മാത്രമല്ല, കാര്‍ഷിക നിയമങ്ങളുടെ പേരില്‍ എന്‍ ഡി എ കൂടാരത്തില്‍ നിന്ന് പുറത്തുകടന്ന് മതേതര സ്വഭാവം ഊട്ടിയുറപ്പിക്കുന്ന ശിരോമണി അകാലി ദളിന് വലിയ നേട്ടങ്ങളാണുണ്ടാകുക. പ്രത്യേകിച്ച്, കര്‍ഷക സമരം അനന്തമായി തുടരുന്ന സാഹചര്യത്തില്‍. എന്തായാലും, നല്ലൊരു പാചകക്കാരൻ കൂടിയായ അമരീന്ദർ എന്തൊക്കെ ചേരുവകൾ ചേർത്താണ് ഭാവി രാഷ്ട്രീയ വിഭവങ്ങൾ ഒരുക്കുകയെന്നത് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നുണ്ട്. ആ വിഭവങ്ങളുടെ സ്വാദ് കോൺഗ്രസിന് എങ്ങനെയാണ് അനുഭവവേദ്യമാകുകയെന്നതും.

Latest