Connect with us

From the print

കേസുണ്ടെങ്കിലെന്താ? ജനപ്രിയരല്ലേ...!

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 1,618 സ്ഥാനാര്‍ഥികളില്‍ 252 (16 ശതമാനം) പേര്‍ ക്രിമിനല്‍ കേസുകളുള്ളവര്‍.

Published

|

Last Updated

ആലപ്പുഴ | ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന 1,618 സ്ഥാനാര്‍ഥികളില്‍ 252 (16 ശതമാനം) പേര്‍ ക്രിമിനല്‍ കേസുകളുള്ളവര്‍. 35 പേരുടെ പേരില്‍ വിദ്വേഷ പ്രസംഗത്തിന് കേസുണ്ട്. 102 മണ്ഡലങ്ങളില്‍ 42 (41 ശതമാനം) എണ്ണം റെഡ് അലര്‍ട്ട് മണ്ഡലങ്ങളാണ്. മൂന്നോ അതിലധികമോ സ്ഥാനാര്‍ഥികള്‍ക്കെതിരെ ക്രിമിനല്‍ കേസുള്ള മണ്ഡലങ്ങളാണ് റെഡ് അലര്‍ട്ടില്‍ ഉള്‍പ്പെടുത്തുന്നത്. ഇത് സുപ്രീം കോടതി നിര്‍ദേശങ്ങള്‍ക്കെതിരാണ്.

സുപ്രീം കോടതി മാര്‍ഗനിര്‍ദേശമനുസരിച്ച്, യോഗ്യതകള്‍, നേട്ടങ്ങള്‍, മെറിറ്റ് എന്നിവയായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിന് പരിഗണിക്കേണ്ടത്. 2020 ഫെബ്രുവരി 13ലെ സുപ്രീം കോടതി നിര്‍ദേശങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ക്രിമിനല്‍ പശ്ചാത്തലമില്ലാത്തവരെ സ്ഥാനാര്‍ഥികളായി തിരഞ്ഞെടുക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്നും കോടതി ചോദിച്ചിരുന്നു.

പ്രമുഖ പാര്‍ട്ടികള്‍ ക്രിമിനല്‍ കേസുള്ള 13 മുതല്‍ 100 വരെ ശതമാനം സ്ഥാനാര്‍ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 2023ല്‍ നടന്ന അഞ്ച് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വ്യക്തിയുടെ ജനപ്രീതി, മികച്ച സാമൂഹിക പ്രവര്‍ത്തനം, കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണ് തുടങ്ങിയ ന്യായീകരണങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്.
ഗുരുതര ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍

ആര്‍ ജെ ഡി- നാല് സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ (50 ശതമാനം)
ഡി എം കെ- 22 സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ (27 ശതമാനം)
എസ് പി- ഏഴ് സ്ഥാനാര്‍ഥികളില്‍ രണ്ട് പേര്‍ (29 ശതമാനം)
എ ഐ ടി സി- അഞ്ച് സ്ഥാനാര്‍ഥികളില്‍ ഒരാള്‍ (20 ശതമാനം)
ബി ജെ പി- 77 സ്ഥാനാര്‍ഥികളില്‍ 14 പേര്‍ (18ശതമാനം)
എ ഐ എ ഡി എം കെ- 36 സ്ഥാനാര്‍ഥികളില്‍ ആറ് പേര്‍ (17 ശതമാനം)
കോണ്‍ഗ്രസ്സ്- 56 സ്ഥാനാര്‍ഥികളില്‍ എട്ട് പേര്‍ (14 ശതമാനം)
ബി എസ് പി- 86 സ്ഥാനാര്‍ഥികളില്‍ എട്ട് പേര്‍ (ഒന്പത് ശതമാനം)

ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളില്‍ 28 ശതമാനം (458) പേര്‍ കോടിപതികളാണ്. സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 4.51 കോടിയാണ്.

 

Latest