Connect with us

From the print

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യന്‍ വിമാനക്കമ്പനികള്‍ റദ്ദാക്കിയത് 10,000ത്തിലേറെ വിദേശ സര്‍വീസുകള്‍

മിഡില്‍ ഈസ്റ്റിലേക്കുള്ള പ്രതിദിന സർവീസ് 80 മുതൽ 90 ആയി കുറഞ്ഞു

Published

|

Last Updated

ന്യൂഡല്‍ഹി | പശ്ചിമേഷ്യന്‍ യുദ്ധം രൂക്ഷമായതിനെത്തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ 10,000ത്തിലേറെ അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയതായി വ്യോമയാന മന്ത്രാലയം. സംഘര്‍ഷം വര്‍ധിച്ചതും വ്യോമപാതകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വിദേശ സര്‍വീസുകളെ സാരമായി ബാധിച്ചു. പ്രധാന ട്രാന്‍സിറ്റ് ഇടനാഴികള്‍ അടച്ചതോടെ യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തിവെക്കാനോ പാത മാറ്റാനോ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായി.
സാധാരണഗതിയില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മിഡില്‍ ഈസ്റ്റിലേക്ക് പ്രതിദിനം 300 മുതല്‍ 350 വരെ സര്‍വീസുകള്‍ നടത്തിയിരുന്നു. എന്നാൽ, അത് 80 മുതൽ 90 വരെ ആയി കുറഞ്ഞെന്നും പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളെക്കുറിച്ച് വിശദീകരിക്കവെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ജോയിന്റ്്സെക്രട്ടറി അസംഗ്ബ ചുബ ആവോ പറഞ്ഞു.
ഇസ്്റാഈല്‍, ജോര്‍ദാന്‍, ലബനാന്‍, കുവൈത്ത്, ഖത്വര്‍, ബഹ്റൈന്‍, യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വ്യോമപാതകള്‍ അടക്കുകയോ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ഇത് ആഗോള വ്യോമയാന ശൃംഖലയില്‍ വലിയ തടസ്സങ്ങള്‍ സൃഷ്ടിച്ചതായും ദീര്‍ഘദൂര പാതകള്‍ സ്വീകരിക്കേണ്ടി വരുന്നത് യാത്രാസമയവും ചെലവും വര്‍ധിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൈലറ്റുമാരുടെ ജോലി സമയത്തില്‍ ഇളവ്
പ്രതിസന്ധി മറികടക്കാന്‍ പൈലറ്റുമാരുടെ വിമാന ഡ്യൂട്ടി സമയ പരിധിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) താത്കാലിക ഇളവ് അനുവദിച്ചു. ദീര്‍ഘദൂര വിമാനങ്ങളിലെ പൈലറ്റുമാരുടെ കുറവ് പരിഹരിക്കാനാണ് ഈ നടപടി. ഇതനുസരിച്ച് വിമാന പറക്കല്‍ സമയം ഏകദേശം 11.5 മണിക്കൂര്‍ വരെയായി വര്‍ധിപ്പിച്ചു.
ഈ മാസം 30 വരെ നീളുന്ന ഈ ഇളവ് ജീവനക്കാരുടെ രൂക്ഷമായ ക്ഷാമം ഒഴിവാക്കാന്‍ സഹായിക്കും. കാലാവധി കഴിയുന്ന മുറക്ക് സാഹചര്യം വിലയിരുത്തി ഇതില്‍ തുടര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest