Connect with us

Kerala

വെള്ളാപ്പള്ളിയുടെ പ്രസ്താവന നിരുത്തരവാദപരം: എം സ്വരാജ്

ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകള്‍ കേരളം തള്ളിക്കളയും.

Published

|

Last Updated

തിരുവനന്തപുരം | എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് സി പി എം നേതാവ് എം സ്വരാജ്. ശ്രീനാരായണഗുരുവും എസ് എന്‍ ഡി പി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായങ്ങളാണ് അദ്ദേഹം പ്രകടിപ്പിച്ചത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം പ്രസ്താവനകള്‍ കേരളം തള്ളിക്കളയുമെന്നും സ്വരാജ് പറഞ്ഞു.

കോട്ടയത്ത് എസ് എന്‍ ഡി പി യോഗത്തിന്റെ നേതൃയോഗത്തില്‍ സംസാരിക്കവെയാണ് വെള്ളാപ്പള്ളി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകും. എല്‍ ഡി എഫ്-യു ഡി എഫ് മുന്നണികള്‍ മുസ്ലിം സമുദായത്തിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു. ഈഴവര്‍ ഒന്നിച്ചാല്‍ കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കാം എന്നെല്ലാമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.

ക്രിസ്ത്യാനിക്കും, മുസ്‌ലിമിനും ഒക്കെ ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാന്‍ പറ്റില്ല എന്നാണ് പലരുടെയും നിലപാട്. വിശ്വാസമുള്ള പാര്‍ട്ടിയില്‍ ഈഴവ സമുദായ അംഗങ്ങള്‍ വളര്‍ന്ന് വലുതാകണം. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോള്‍ തന്നെ അധികാരത്തില്‍ പ്രാതിനിധ്യത്തിലെത്തണമെന്ന് തീരുമാനിച്ചു കഴിഞ്ഞ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അധികാരത്തില്‍ നമുക്ക് പ്രാതിനിധ്യം വേണമെന്നും നമ്മുടെ അംഗങ്ങളെ ഓരോ പാര്‍ട്ടിയിലും അധികാരത്തില്‍ എത്തിക്കണമെന്നും രാഷ്ട്രീയ ശക്തിയായി സംഘടന മാറണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്. ഒരു കോളജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്സുകള്‍ മാത്രമെ ഇപ്പോഴുമുള്ളൂ. എന്നാല്‍ മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാല്‍ മതി എന്നതാണ് നാട്ടിലെ അവസ്ഥയെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

 

Latest