Kerala
വന്ദേഭാരത്: തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ മുസ്ലിം ലീഗ്; സമരത്തിലേക്ക് കടക്കുമെന്ന് പി എം എ സലാം
മലപ്പുറത്തെ ജനങ്ങളോടുള്ള ക്രൂരമായ വിവേചനമാണ് ഇതെന്ന് സലാം.
മലപ്പുറം | വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ മുസ്ലിം ലീഗ്. മലപ്പുറത്തെ ജനങ്ങളോടുള്ള ക്രൂരമായ വിവേചനമാണ് ഇതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. സ്റ്റോപ്പ് ആവശ്യപ്പെട്ട് ലീഗ് സമരത്തിലേക്ക് കടക്കുമെന്നും സലാം വ്യക്തമാക്കി.
കടന്നുപോകുന്ന പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചപ്പോള്‍ മലപ്പുറം ജില്ലയെ തഴഞ്ഞെന്നാണ് ആരോപണം. ഇന്നലെ ഉച്ചയോടെ റെയില്‍വേ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റോപ്പ്, സമയക്രമവുമായി ബന്ധപ്പെട്ട അവസാന അറിയിപ്പിലും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെട്ടിരുന്നില്ല. വന്ദേ ഭാരതിന്റെ ആദ്യ ട്രയല്‍ റണ്ണിനിടെ തിരൂരില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍, രണ്ടാം ട്രയല്‍ റണ്ണില്‍ നിര്‍ത്തിയതുമില്ല. ഇതോടെ ജില്ലയിലെ സ്റ്റോപ്പ് ഒഴിവാക്കുമെന്ന് ഉറപ്പായി. ഇ ടി മുഹമ്മദ് ബഷീര്‍ എം പിയടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
മലപ്പുറം ജില്ലയിലെ പ്രധാന റെയില്‍വേ സ്റ്റേഷനാണ് തിരൂര്‍. ജില്ലയുടെ മിക്ക ഭാഗങ്ങളിലെയും ട്രെയിന്‍ യാത്രക്കാര്‍ യാത്ര പുറപ്പെടുന്ന സ്റ്റേഷനാണിത്. ഇനി വന്ദേ ഭാരത് ട്രെയിനില്‍ യാത്ര ചെയ്യണമെങ്കില്‍ ഷൊര്‍ണൂരിനെയോ കോഴിക്കോടിനെയോ ആശ്രയിക്കേണ്ടി വരും. ജില്ലയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിരവധി പേര്‍ പുറത്തുനിന്നുള്ളവരാണ്. അവര്‍ക്ക് തിരൂര്‍ സ്റ്റോപ്പ് ഏറെ ഗുണം ചെയ്യുമായിരുന്നു. ആര്‍ സി സിയിലേക്കുള്ള രോഗികളും ഒപ്പം പോകുന്നവരും വലിയ തോതില്‍ ആശ്രയിക്കുന്ന സ്റ്റോപ്പ് കൂടിയാണിത്.