Kerala
വാഹന്‍-സാരഥി പോര്‍ട്ടല്‍: തകരാറുകള്‍ ഒരാഴ്ചക്കകം പരിഹരിക്കും
ഗതാഗത മന്ത്രി സി.പി ജോണ്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കെ എസ് ആര്‍ ടി സി നവീകരണത്തിന് കേന്ദ്ര സഹായം ഉറപ്പ്. ടോള്‍ ഇളവ് അനുഭാവപൂര്‍വം പരിഗണിക്കും
തിരുവനന്തപുരം | സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഗതാഗത മന്ത്രി സി പി ജോണ്‍ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. വാഹന്‍-സാരഥി പോര്‍ട്ടലുകളുടെ തകരാറുകള്‍, കെ എസ് ആര്‍ ടി സി ബസുകളുടെ നവീകരണം, ഇ-ചെലാന്‍ ഏകോപനം തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. കേരളം ഉന്നയിച്ച ആവശ്യങ്ങളോട് കേന്ദ്രമന്ത്രി തികച്ചും അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
വാഹന്‍, സാരഥി സേവനങ്ങളില്‍ നിരന്തരമുണ്ടാകുന്ന തടസ്സങ്ങള്‍ ഗൗരവമായി എടുത്ത കേന്ദ്രമന്ത്രി, ഒരാഴ്ചക്കകം ഇത് പരിഹരിക്കാന്‍ ദേശീയ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍ ഐ സി) കര്‍ശന നിര്‍ദേശം നല്‍കി. മറ്റു സംസ്ഥാനങ്ങളില്‍ നിലവിലുള്ള ഇ-ചെലാന്‍ സംവിധാനം കേരളത്തിലും നടപ്പിലാക്കുന്നതിനായി ദേശീയ എന്‍ ഐ സിയും സംസ്ഥാന എന്‍ ഐ സിയും സംയുക്തമായി പ്രവര്‍ത്തിക്കാനും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ സംയോജനം പൂര്‍ത്തിയാക്കാനും തീരുമാനമായി.
വ്യാജ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകള്‍ (പി യു സി) തടയാന്‍ കര്‍ശന നടപടിയുണ്ടാകും. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന വിഷയം മന്ത്രി സി പി ജോണ്‍ യോഗത്തില്‍ ഉന്നയിച്ചു. ഈ സംഭവങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും സംസ്ഥാന തലത്തില്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനും നിര്‍ദേശിച്ച ഗഡ്കരി, കുറ്റക്കാര്‍ക്കെതിരെ കേന്ദ്ര മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് സ്ഥാപിക്കുന്ന വാഹന പൊളിക്കല്‍ കേന്ദ്രങ്ങളും (സ്‌ക്രാപ്പിങ് ഫെസിലിറ്റി) ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകളും എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടു.
ദേശീയപാതകളിലെ എ എന്‍ പി ആര്‍ ക്യാമറ ദൃശ്യങ്ങളും വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന വെയ്-ഇന്‍-മോഷന്‍ (ഡബ്ല്യു ഐ എം) വിവരങ്ങളും സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായി പങ്കുവെക്കാമെന്ന് കേന്ദ്രം സമ്മതിച്ചു. വെയ്-ഇന്‍-മോഷന്‍ സംവിധാനം പൂര്‍ണമായി ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെ എസ് ആര്‍ ടി സിയുടെ നവീകരണത്തിനായി കുറഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കണമെന്ന സംസ്ഥാനത്തിന്റെ നിര്‍ദേശം സാമ്പത്തികകാര്യ വകുപ്പിന് കൈമാറുമെന്ന് ഗഡ്കരി അറിയിച്ചു. പുതിയ ബസുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഭവന നഗരകാര്യ മന്ത്രാലയത്തെ സമീപിക്കാനും സംസ്ഥാനത്തിന് നിര്‍ദേശം നല്‍കി. എന്‍ എച്ച് എ ഐ ടോള്‍ പ്ലാസകളില്‍ കെ എസ് ആര്‍ ടി സി ബസുകള്‍ക്ക് ടോള്‍ ഇളവ് നല്‍കുന്ന കാര്യം വിശദമായ പരിശോധനക്കു ശേഷം പരിഗണിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുന്നതിന്റെ ഭാഗമായി അനെര്‍ട്ടുമായി ചേര്‍ന്ന് കെ എസ് ആര്‍ ടി സിയില്‍ നടപ്പിലാക്കുന്ന ഹൈഡ്രജന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ പൈലറ്റ് പ്രോജക്ടിന് കേന്ദ്രം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഈ പദ്ധതി എത്രയും വേഗം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:
The technical issues plaguing the Vahan-Sarathi portal will be resolved within a week. The Motor Vehicles Department is working to streamline online vehicle registration and driving license services. This initiative aims to reduce public inconvenience and clear pending applications swiftly.


