Connect with us

International

യുഎസ് ഇറാൻ കരാർ: ഹോർമുസ് കടലിടുക്ക് കടന്ന് സൗദി ടാങ്കറുകൾ; ലെബനനിൽ ആക്രമണം തുടർന്ന് ഇസ്റാഈൽ

തെക്കൻ ലെബനനിലെ ക്ഫാർതെബ്നിത്, സെബ്ദിൻ തുടങ്ങിയ നഗരങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

Published

|

Last Updated

ബെയ്റൂത്ത്/ജെറുസലേം | ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും ഒപ്പുവെച്ച ധാരണാപത്രം നിലവിൽ വന്നതോടെ ഹോർമുസിൽ ചരക്കുനീക്കം സാധാരണ നിലയിലേക്ക്. ഹോർമുസ് കടലിടുക്ക് ഉടനടി തുറക്കാനും ഇറാന്റെ തുറമുഖങ്ങൾക്കെതിരെയുള്ള യുഎസ് ഉപരോധം നീക്കാനും തീരുമാനമായതിന് പിന്നാലെ ആറ് ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണയുമായി മൂന്ന് സൗദി സൂപ്പർ ടാങ്കറുകൾ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചു.

സുരക്ഷിതമായ പാത ഉറപ്പാക്കാനും മൈനുകൾ നീക്കം ചെയ്യാനും സമയമെടുക്കുമെങ്കിലും, കപ്പലുകൾ ഇപ്പോൾ തങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവിട്ടുതുടങ്ങിയിട്ടുണ്ട്. കരാറിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില രണ്ട് ശതമാനം ഇടിഞ്ഞ് ബാരലിന് 78 ഡോളറിന് താഴെയെത്തി.

അതേസമയം, ഇറാനുമായുള്ള കരാറിന്റെ ഭാഗമായി ലെബനനിലെ യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനും അവിടുത്തെ പരമാധികാരം സംരക്ഷിക്കാനും നിർദ്ദേശമുണ്ടെങ്കിലും ലെബനനിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്. ഇസ്റാഈലിനെ ഒഴിവാക്കിക്കൊണ്ടാണ് യുഎസ് ചർച്ചകൾ നടത്തിയത്. ലെബനനിലെ സൈനിക നീക്കങ്ങളിൽ ഇസ്റാഈലിനെ ട്രംപ് പരസ്യമായി വിമർശിച്ചിരുന്നെങ്കിലും, ലെബനനിൽ നിന്ന് പിന്മാറാൻ ഉദ്ദേശമില്ലെന്ന് ഇസ്റാഈൽ വ്യക്തമാക്കി.

തെക്കൻ ലെബനനിൽ തങ്ങൾ പിടിച്ചെടുത്ത ബഫർ സോൺ ഉൾപ്പെടുന്ന പുതിയ ഭൂപടം ഇസ്റാഈൽ പുറത്തുവിട്ടു. ലെബനനിൽ തങ്ങളുടെ സൈന്യത്തെ നിലനിർത്തുന്നതിനായി ഇസ്റാഈൽ യുഎസുമായി ചർച്ചകൾ നടത്തുന്നുണ്ട്. തെക്കൻ ലെബനനിലെ ക്ഫാർതെബ്നിത്, സെബ്ദിൻ തുടങ്ങിയ നഗരങ്ങളിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.

യുഎസും ഇറാനും തമ്മിൽ ധാരണയിലെത്തിയെങ്കിലും ലെബനനിലെ യുദ്ധം അവസാനിച്ചിട്ടില്ലെന്ന ആശങ്കയിലാണ് അവിടുത്തെ ജനങ്ങൾ. യുഎസ് ഇറാൻ കരാറിനെതിരെ ഇസ്റാഈലിലെ രാഷ്ട്രീയ മേഖലകളിൽ നിന്നും കടുത്ത വിമർശനം ഉയരുന്നുണ്ട്.

Content Highlights

The US-Iran memorandum of understanding to end the war has taken effect, leading to the opening of the Strait of Hormuz and allowing three Saudi supertankers to cross. However, Israeli airstrikes continue in Lebanon, raising regional concerns despite the peace agreement.

Latest