Connect with us

International

ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി

പ്രമേയത്തില്‍ ഇത് നാലാം തവണയാണ് ജനപ്രതിനിധി സഭ വോട്ട് ചെയ്യുന്നതെങ്കിലും ആദ്യമായാണ് പ്രമേയം പാസാകുന്നത്

Published

|

Last Updated

വാഷിങ്ടണ്‍ ഡി സി | പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം അമേരിക്കന്‍ ജനപ്രതിനിധി സഭ പാസാക്കി. ഇറാനില്‍ യുദ്ധം തുടരുന്ന ട്രംപിന് ജനപ്രതിനിധി സഭയുടെ നീക്കം കനത്ത തിരിച്ചടിയായി. 208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്.

ട്രംപിന്റെ പാര്‍ട്ടിക്കാരായ നാല് റിപ്പബ്ലിക്കന്‍ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. ഇന്നലത്തെ വോട്ടെടുപ്പില്‍, മിഷിഗണില്‍ നിന്നുള്ള ടോം ബാരറ്റ്, ഒഹിയോയില്‍ നിന്നുള്ള വാറന്‍ ഡേവിഡ്‌സണ്‍, പെന്‍സില്‍വാനിയയില്‍ നിന്നുള്ള ബ്രയാന്‍ ഫിറ്റ്‌സ്പാട്രിക്, കെന്റക്കിയില്‍ നിന്നുള്ള തോമസ് മാസി എന്നീ റിപ്പബ്ലിക്കന്മാരാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. ഇറാനെതിരായ സൈനിക നടപടികള്‍ക്ക് കോണ്‍ഗ്രസിന്റെ അനുമതി തേടാന്‍ ട്രംപിനെ നിര്‍ബന്ധിക്കുന്ന പ്രമേയത്തില്‍ ഇത് നാലാം തവണയാണ് ജനപ്രതിനിധി സഭ വോട്ട് ചെയ്യുന്നതെങ്കിലും ആദ്യമായാണ് പ്രമേയം പാസാകുന്നത്.

യു എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധത്തില്‍ പങ്കെടുക്കരുത് എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പ്രമേയം. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ പോലും ട്രംപിനെതിരായ പ്രമേയത്തെ അനുകൂലിച്ചത് ശ്രദ്ധേയമായി. പ്രമേയം സെനറ്റ് കടന്ന് നിയമമാകാനുള്ള സാധ്യത കുറവാണെങ്കിലും ഇസ്രാഈലിനൊപ്പം ചേര്‍ന്ന് ഇറാനെ ആക്രമിച്ച ട്രംപിന്റെ തീരുമാനത്തിനോടുള്ള കനത്ത എതിര്‍പ്പാണ് രേഖപ്പെടുത്തിയത്. സെനറ്റ് കടന്നാലും പ്രസിഡന്റിന് പ്രമേയത്തില്‍ വീറ്റോ അധികാരവുമുണ്ട്. ഇറാനില്‍ ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധം ശനിയാഴ്ച 100 ദിവസം തികയും. ഇറാനിലെ യുദ്ധത്തിന് ട്രംപ് യുഎസ് കോണ്‍ഗ്രസിന്റെ അനുമതി തേടിയിരുന്നില്ല. ഒരു ഹ്രസ്വകാല സംഘര്‍ഷമെന്ന നിലയിലാണ് ട്രംപ് ഇറാനിലെ ആക്രമണത്തെ അവതരിപ്പിച്ചിരുന്നത്.

ട്രംപിന്റെ യുദ്ധാധികാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ഡെമോക്രാറ്റുകള്‍ ഏറെക്കാലമായി തുടരുന്നുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്മാര്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ പ്രമേയം പാസാകാറുണ്ടായിരുന്നില്ല. കോണ്‍ഗ്രസ് പിരിയുന്നതിന് മുമ്പ് മേയ് 21നായിരുന്നു പ്രമേയത്തില്‍ വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. റിപ്പബ്ലിക്കന്‍ പിന്തുണയോടെ പ്രമേയം പാസാകുമെന്ന അഭ്യൂഹത്തിനിടെ ട്രംപിന്റെ അടുത്തയാളായ സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ വോട്ടെടുപ്പ് റദ്ദാക്കിയിരുന്നു. ഇടവേളക്ക് ശേഷമാണ് വീണ്ടും പ്രമേയത്തില്‍ വോട്ടെടുപ്പ് നടന്നത്.

Latest