Kerala
പുതിയ യു ഡി എഫ് സര്‍ക്കാറിനു മുന്നില്‍ കടുത്ത ധനകാര്യ പ്രതിസന്ധി നിലനില്‍ക്കുന്നതായി ധവളപത്രം
സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നു
തിരുവനന്തപുരം | പുതിയ യു ഡി എഫ് സര്‍ക്കാറിനു മുന്നില്‍ കടുത്ത ധനകാര്യ പ്രതിസന്ധി നിലനില്‍ക്കുന്നതായി നിയമസഭയില്‍ വച്ച ധവള പത്രം വ്യക്തമാക്കുന്നു. മുന്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച സാമ്പത്തിക പാരമ്പര്യം പ്രതിസന്ധിയുടേതാണെന്നു വ്യക്തമാക്കുന്നതാണ് ഈ ‘കേരളത്തിന്റെ ധനകാര്യ സ്ഥിതി റിപ്പോര്‍ട്ട്’.
സംസ്ഥാനത്തിന്റെ വരവും ചെലവും തമ്മിലുള്ള വലിയ അന്തരവും അടിയന്തരമായി കൊടുത്തുതീര്‍ക്കേണ്ട ഭീമമായ കുടിശ്ശികകളും റിപ്പോര്‍ട്ടില്‍ അക്കമിട്ടു നിരത്തുന്നുണ്ട്.
കേരളത്തിന്റെ ആകെ കടബാധ്യത 2025-26 ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 5.07 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നു. ഇത് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 35.5 ശതമാനം വരും. സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, കടമെടുത്ത തുകയ്ക്കുള്ള പലിശ എന്നിവ നല്‍കാന്‍ മാത്രമായി ചെലവാകുന്നു. മറ്റ് സംസ്ഥാനങ്ങളിലെ ദേശീയ ശരാശരി 46.1 ശതമാനം ആയിരിക്കുമ്പോഴാണ് കേരളത്തില്‍ ഇത് ഇത്രയും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇത്തരം ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കുന്നതിനാല്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായുള്ള മൂലധന ചെലവ് ഗണ്യമായി കുറഞ്ഞു. കേരളത്തിന്റെ മൂലധന ചെലവ് ജി എസ് ഡി പിയുടെ വെറും 1.3 ശതമാനം മാത്രമാണ്.
സംസ്ഥാനത്തിന്റെ ദൈനംദിന സാമ്പത്തിക ഇടപാടുകള്‍ നടക്കുന്ന ട്രഷറി വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തം വരുമാനം തികയാതെ വരുമ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സുകളെയും ഓവര്‍ഡ്രാഫ്റ്റിനെയുമാണ് സംസ്ഥാനം പ്രധാനമായും ആശ്രയിക്കുന്നത്. 2025ല്‍ മാത്രം 262 ദിവസങ്ങളില്‍ കേരളം വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സുകളിലും, 84 ദിവസങ്ങളില്‍ ഓവര്‍ഡ്രാഫ്റ്റിലും ആയിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കുടിശ്ശിക ഇനത്തില്‍ മാത്രം അടിയന്തരമായി നല്‍കാനുള്ളത് 48,733 കോടിയാണ്. ഇതില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡി എ/ഡി ആര്‍ കുടിശ്ശികകളായി നല്‍കാനുള്ള കോടികളും ഉള്‍പ്പെടുന്നു. ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും ബില്‍ ഡിസ്‌കൗണ്ടിങ് വഴി നല്‍കാനുള്ള കുടിശ്ശികകളും ഇതില്‍ വരും.
ബജറ്റിന് പുറത്തുനിന്ന് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ രൂപീകരിച്ച കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. കിഫ്ബിയ്ക്ക് ഏകദേശം 21,000 കോടിയുടെ വായ്പാബാധ്യത നിലവിലുണ്ട്. കൂടാതെ അംഗീകരിച്ച പല പ്രൊജക്റ്റുകള്‍ക്കുമായി ഇനിയും 35,000 കോടി കണ്ടെത്തേണ്ടതുണ്ട്. കിഫ്ബിയ്ക്ക് മതിയായ സ്വന്തം വരുമാനമില്ലാത്തതിനാല്‍ അവയുടെ കടങ്ങളെല്ലാം സംസ്ഥാന സര്‍ക്കാരിന്റെ കടങ്ങളായി തന്നെ കണക്കാക്കണമെന്ന സി എ ജി കണ്ടെത്തലും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ നഷ്ടം ഖജനാവിന് മറ്റൊരു വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ സഞ്ചിത നഷ്ടം 2024-25ല്‍ 78,851 കോടിരൂപയായി ഉയര്‍ന്നു. ഇതില്‍ തന്നെ കെ എസ് ആര്‍ ടി സി, വാട്ടര്‍ അതോറിറ്റി, കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ മുന്‍പന്തിയിലുള്ളത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. മൊത്തം ചെലവിലെ പ്ലാന്‍ ഫണ്ടിന്റെ വിഹിതം 18 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളെയാണ്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ ക്ഷേമത്തിനായുള്ള പദ്ധതിവിഹിതം 9.24 ശതമാനത്തില്‍ നിന്നും 3.85 ശതമാനമായി കൂപ്പുകുത്തി.
കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന നികുതി വിഹിതത്തിലും ഗ്രാന്റുകളിലുമുള്ള കുറവും സാമ്പത്തിക സമ്മര്‍ദ്ദം വര്‍ധിപ്പിച്ചു. ജി എസ് ടി കോമ്പന്‍സേഷന്‍ നിര്‍ത്തലാക്കിയതും റവന്യൂ കമ്മി ഗ്രാന്റ് പൂര്‍ണമായും ഇല്ലാതായതും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ വിടവ് സൃഷ്ടിച്ചു. മുന്നോട്ടുള്ള വഴികളും ശിപാര്‍ശകളുംകേരളത്തിന്റെ ധനകാര്യ സ്ഥിതി ഏറെ ആശങ്കാജനകമാണെങ്കിലും, ഇത് മറികടക്കാന്‍ കൃത്യമായ പരിഹാരമാര്‍ഗങ്ങളും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്.
സാമ്പത്തികമായ അച്ചടക്കം പാലിക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഇതിന് പുറമെ, സംസ്ഥാനത്ത് സ്വകാര്യ നിക്ഷേപങ്ങളും സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങളും വന്‍തോതില്‍ പ്രോത്സാഹിപ്പിക്കണം. വ്യവസായ വികസനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഊന്നല്‍ നല്‍കേണ്ടതുണ്ട്. വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനായി സ്വകാര്യ നിക്ഷേപം അനുവദിക്കണമെന്നും, കാര്യക്ഷമതയില്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പുനര്‍ഘടന ചെയ്യണമെന്നും റിപ്പോര്‍ട്ട് കര്‍ശനമായി ശിപാര്‍ശ ചെയ്യുന്നു.







