Kerala
സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ ഡി എഫ്
ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കും
തിരുവനന്തപുരം | സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു പ്രഖ്യാപിക്കുന്ന സര്‍ക്കാരിന്റെ ധവളപത്രത്തിലെ വാദങ്ങള്‍ ഖണ്ഡിച്ച് ബദല്‍ ധവളപത്രമിറക്കാന്‍ എല്‍ ഡി എഫ് തീരുമാനം. ഓരോ ഖണ്ഡികയ്ക്കും ബദല്‍ വാദങ്ങള്‍ അവതരിപ്പിക്കാനാണ് ധാരണ.
ഇടതു സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതി മോശമാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ലക്ഷ്യം. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം ഇന്നാണ് നിയമസഭയില്‍ മേശപ്പുറത്ത് വച്ചത്. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം ചന്ദ്രശേഖര്‍ അധ്യക്ഷനായ സമിതിയാണ് സാമ്പത്തിക നില പരിശോധിച്ച് ധവളപത്രം തയാറാക്കിയത്. സി ഡി എസ് ഡയറക്ടര്‍ ഡി വീരമണി, മുന്‍ സിഡി എസ് ഡയറക്ടര്‍ ഡി നാരായണ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്ന മറ്റ് അംഗങ്ങള്‍. ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാലാണ് കണ്‍വീനര്‍.
അധികാരത്തില്‍വന്നാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുമെന്നത് യു ഡി എഫിന്റെ തിരഞ്ഞെടുപ്പ് കാല പ്രഖ്യാപനമായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ധനവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വി ഡി സതീശന്‍ അത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.







