Connect with us

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മുറിവ് അഞ്ച് ദിവസം ഡ്രസ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും രോഗിയുടെ ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നുമുള്ള കണ്ടെത്തലിലാണ് നടപടി.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ ശസ്ത്രക്രിയ ചെയ്ത കാലില്‍ പുഴുവരിച്ച സംഭവത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. റൗണ്ട്‌സിന്റെ ചുമതല ഉണ്ടായിരുന്ന ഡോക്ടറെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജീവനക്കാരെ സംരക്ഷിച്ചു കൊണ്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ ആരോഗ്യമന്ത്രി കെ മുരളീധരനാണ് റൗണ്ട്‌സിന്റെ ചുമതല ഉണ്ടായിരുന്ന ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.

രോഗി പരിചരണത്തില്‍ വീഴ്ച ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. മുറിവ് അഞ്ച് ദിവസം ഡ്രസ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും രോഗിയുടെ ബന്ധുക്കളുടെ പരാതിയോട് മാന്യമായി പെരുമാറിയില്ലെന്നുമുള്ള കണ്ടെത്തലിലാണ് നടപടി. ബന്ധുക്കളോട് മോശമായി പെരുമാറിയ നഴ്സിനെ നിര്‍ബന്ധിത കൗണ്‍സിലിങിന് വിധേയമാക്കാനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിന്റെ ശസ്ത്രക്രിയ ചെയ്ത കാലിലാണ് പുഴുവരിച്ചത്. കഴിഞ്ഞ മാസം 28നാണ് രാജേന്ദ്ര പ്രസാദ് ബൈക്ക് അപകടത്തില്‍ കാലിന് പരുക്കേറ്റ് ചികിത്സ തേടി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി ഇട്ടിരുന്നു. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുറിവില്‍ പുഴു അരിക്കുന്നത് കണ്ടെത്തിയത്.

സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി 48 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. സംഭവത്തില്‍ ഓര്‍ത്തോ ഐസിയുവില്‍ രോഗികളുടെ പരിചരണത്തിന് നിയോഗിച്ചവര്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടായെന്നാണ് വിദഗ്ധസമിതിയുടെ നിഗമനം. വിശദമായ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ജീവനക്കാരെ ന്യായീകരിക്കുന്ന മെഡിക്കല്‍ കോളജ് അധികൃതരുടെ നിലവിലെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആരോഗ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.

Content Highlights:
A duty doctor at the Thiruvananthapuram Medical College Hospital has been suspended following an incident where maggots were found in a patient’s post-surgery wound. Health Minister K Muraleedharan rejected the initial investigation report that protected the staff and ordered strict action against the responsible doctor. The patient, Rajendra Prasad from Parippally, suffered severe negligence as his wound went undressed for five days. Furthermore, a nurse who behaved inappropriately with the patient’s relatives has been ordered to undergo mandatory counseling.

 

Latest