National
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യു പി മാറും: കേന്ദ്ര മന്ത്രി
10 പുതിയ വിമാനത്താവളങ്ങള്‍ കൂടി സംസ്ഥാനത്ത് നിര്‍മിക്കും. ഇതിനു പുറമെ രണ്ടെണ്ണത്തിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ലഖ്‌നൗ | രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി യു പി ഉടന്‍ മാറുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ‘വിമാനത്താവളങ്ങളുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് ഉടന്‍ തന്നെ ഒന്നാം നമ്പര്‍ സംസ്ഥാനമായി മാറും.’-യു പിയില്‍ ആഗോള നിക്ഷേപക ഉച്ചകോടിയില്‍ പ്രസംഗിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് രാജ്യത്തെയും ഉത്തര്‍ പ്രദേശിനെയും പുനരുജ്ജീവിപ്പിച്ചു. നേരത്തെ രണ്ട് വിമാനത്താവളങ്ങള്‍ മാത്രമുണ്ടായിരുന്ന ഉത്തര്‍പ്രദേശിന് ഇപ്പോള്‍ ഒമ്പത് വിമാനത്താവളങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
10 പുതിയ വിമാനത്താവളങ്ങള്‍ കൂടി സംസ്ഥാനത്ത് നിര്‍മിക്കും. ഇതിനു പുറമെ രണ്ടെണ്ണത്തിന്റെ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 21 വിമാനത്താവളങ്ങളുള്ള സംസ്ഥാനമായി ഭാവിയില്‍ യു പി മാറുമെന്നും സിന്ധ്യ പറഞ്ഞു.
യു പി നിക്ഷേപ സൗഹൃദ സംസ്ഥാനമായി വളര്‍ന്നതായും എല്ലാ മേഖലയിലും മികച്ച മുന്നേറ്റം നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

