Connect with us

Uae

ഉമ്മുൽ ഖുവൈൻ ഡൗൺടൗൺ പദ്ധതിക്ക് 20 ബില്യൺ ദിർഹം ചെലവ്

1.5 ലക്ഷം പേരെ ഉൾക്കൊള്ളുന്ന പദ്ധതി പൂർത്തിയാക്കുന്നത് ശോഭ റിയാലിറ്റി

Published

|

Last Updated

ഉമ്മുൽ ഖുവൈൻ | ഉമ്മുൽ ഖുവൈൻ ഡൗൺടൗൺ പദ്ധതിക്ക് ഏകദേശം 20 ബില്യൺ ദിർഹം ചെലവ് വരുമെന്ന് ശോഭ റിയാലിറ്റി വ്യക്തമാക്കി. 25 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. 1.5 ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ 5,000 റെസിഡൻഷ്യൽ യൂണിറ്റുകൾ നിർമിക്കും. 2028 മധ്യത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷം വിൽപന ആരംഭിക്കും. ഡൗൺടൗൺ ഉമ്മുൽ ഖുവൈൻ, ശോഭ അൽ സിനിയ ദ്വീപ് പദ്ധതികൾ വഴി 12 ബില്യൺ ദിർഹത്തിന്റെ മൊത്തം വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 11 കിലോമീറ്റർ കടൽത്തീരവും ഏഴ് കിലോമീറ്റർ തീരപ്രദേശവുമടങ്ങുന്ന ഒരു നഗരമാണ് ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നത്. ഇതിന്റെ 50 ശതമാനവും തുറന്ന, ഹരിത ഇടങ്ങൾക്കും നടപ്പാതകൾക്കുമായി നീക്കിവെച്ചിട്ടുണ്ട്. സൈക്ലിംഗ്, കാൽനടയാത്ര എന്നിവക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പദ്ധതിയുടെ രൂപകൽപ്പന.
റിയൽ എസ്റ്റേറ്റ് രംഗത്തെ ഏറ്റവും പ്രധാനപ്പെട്ടതും വാഗ്ദാനങ്ങൾ നൽകുന്നതുമായ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് ഉമ്മുൽ ഖുവൈൻ എന്ന് ശോഭ റിയാലിറ്റിയുടെ ജനറൽ മാനേജർ ഫ്രാൻസിസ് ആൽഫ്രഡ് പറഞ്ഞു. രാജ്യത്തെ മറ്റ് പ്രധാന വിപണികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ നിരക്കിൽ ഇവിടെ വസ്തുവകകൾ ലഭ്യമാണ്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തോടുള്ള സാമീപ്യവും ദുബൈയുമായും മറ്റ് എമിറേറ്റുകളുമായും ബന്ധിപ്പിക്കുന്ന മൂന്ന് ഹൈവേകളും ഉമ്മുൽ ഖുവൈനെ നിക്ഷേപകർക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

Latest