UAE
യു എ ഇ; ആരോഗ്യ മേഖലയിൽ 2030ഓടെ 33,000 ജീവനക്കാരെ വേണം
റിക്രൂട്ട്മെന്റ് വേഗത്തിലാക്കാൻ എ ഐ
ദുബൈ| യു എ ഇയിലെ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ നഴ്സിംഗ് ജീവനക്കാരെ കണ്ടെത്തുന്നതിനും റിക്രൂട്ട്മെന്റ് നടപടികൾ വേഗത്തിലാക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) സാങ്കേതികവിദ്യകൾ വ്യാപകമായി ഉപയോഗപ്പെടുത്തുന്നു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനും നിയമന നടപടികൾ കാര്യക്ഷമമാക്കുന്നതിനുമായാണ് ഈ പുതിയ നീക്കം.
എമിറേറ്റ്‌സ് ഹെൽത്ത് സർവീസസ് (ഇ എച്ച് എസ്) നഴ്സിങ് ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനായി “മീഥ’ എന്ന പേരിൽ എ ഐ അധിഷ്ഠിത പ്ലാറ്റ്ഫോം വികസിപ്പിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ അക്കാദമിക് യോഗ്യതകൾ, പ്രവൃത്തിപരിചയം, ലൈസൻസുകൾ എന്നിവ വേഗത്തിലും സുതാര്യമായും പരിശോധിച്ച് യോഗ്യരായവരെ കണ്ടെത്താൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കും. ഉദ്യോഗാർഥികളുമായി വെർച്വൽ അഭിമുഖങ്ങൾ നടത്തി അവരുടെ പ്രൊഫഷണൽ മികവ് വിലയിരുത്താനും ഈ സംവിധാനത്തിലൂടെ സാധിക്കും.
റിക്രൂട്ട്മെന്റിലെ കാലതാമസം നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയും മാനസിക സമ്മർദത്തിന് കാരണമാകുകയും ചെയ്യുന്നുണ്ടെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൺസൾട്ടിംഗ് സ്ഥാപനമായ കോളിയേഴ്സിന്റെ റിപ്പോർട്ട് അനുസരിച്ച് 2030 ഓടെ യു എ ഇയിലെ ആരോഗ്യ മേഖലക്ക് 33,000 ത്തിലധികം പുതിയ ജീവനക്കാരെ ആവശ്യമായി വരും. പരമ്പരാഗത രീതികളിലൂടെ മാത്രം ഈ ലക്ഷ്യം കൈവരിക്കുക പ്രയാസമാണ്.
അതേസമയം, എ ഐ പ്രാഥമിക പരിശോധനകൾക്കും ഭരണപരമായ നടപടികൾക്കും മാത്രമായി ഉപയോഗിക്കണമെന്നും, വ്യക്തിഗത അഭിമുഖങ്ങൾക്കും പ്രായോഗിക ശേഷി വിലയിരുത്തുന്നതിനും മനുഷ്യവിഭവശേഷി വിഭാഗത്തിലെ വിദഗ്ധരുടെ മേൽനോട്ടം അനിവാര്യമാണെന്നും ആരോഗ്യ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
Content Highlights:
UAE is using AI technology to speed up nursing recruitment and meet healthcare staff demands. Emirates Health Services launched the Meetha AI platform to verify credentials and conduct virtual interviews. Experts estimate UAE will need over 33,000 healthcare workers by 2030.






