Aksharam Education
ജെ ഇ ഇ സ്‌കോർ: ഐ ഐ എമ്മുകളിലും പഠിക്കാം
രാജ്യത്തെ അഞ്ച് ഐ ഐ എമ്മുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിജിറ്റൽ ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്.
ഐ ഐ എമ്മുകൾ സ്വപ്‌നം കാണുന്ന വിദ്യാർഥികൾക്ക് സന്തോഷവാർത്ത. ജെ ഇ ഇ സ്‌കോറുകൾ ഉപയോഗിച്ച് ഇനി രാജ്യത്തെ പ്രമുഖ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളായ ഐ ഐ എമ്മുകളിലും പ്രവേശനം നേടാം. ഐ ഐ ടികളിലെ പ്രവേശനത്തിന് മാത്രമായിരുന്നു നേരത്തേ ജെ ഇ ഇ സ്‌കോറുകൾ ഉപയോഗിച്ചിരുന്നത്. രാജ്യത്തെ അഞ്ച് ഐ ഐ എമ്മുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, ഡിജിറ്റൽ ബിസിനസ്സ് തുടങ്ങിയ മേഖലകളിൽ പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചിട്ടുണ്ട്.
ഐ ഐ എം കോഴിക്കോട്, മുംബൈ, ലക്‌നോ, സംഭൽപൂർ, ബെംഗളൂരൂ എന്നിവയാണ് മൂന്നും നാലും വർഷ ദൈർഘ്യമുള്ള പുതിയ അണ്ടർഗ്രാജ്വേറ്റ് കോഴ്‌സുകൾ അവതരിപ്പിച്ചിരിക്കുന്നത്. സി എ ടി പരീക്ഷ വഴിയായിരുന്നു ഈ ഐ ഐ എമ്മുകൾ പ്രധാനമായും ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനം നൽകിയിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിട്ടുള്ള കോഴ്‌സുകളിൽ നിന്ന് വിദ്യാർഥികൾക്ക് പഠനകാലയളവിൽ എക്‌സിറ്റ് അടിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. “മൾട്ടിപ്പിൾ എക്സിറ്റ്’സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മുതൽ രണ്ട് വർഷം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഡിപ്ലോമയും നാല് വർഷം പൂർത്തിയാക്കുന്നവർക്ക് ഓണേഴ്‌സ് ബിരുദവും ലഭിക്കും. മൂന്നാം വർഷം മുതൽ കോർപറേറ്റ് ഇന്റേൺഷിപ്പുകളും അതോടൊപ്പം വിവിധ മെറിറ്റ് സ്‌കോളർഷിപ്പുകളും ലഭിക്കും.
ജെ ഇ ഇ സ്‌കോർ വഴി പ്രവേശനം നൽകുന്ന ഐ ഐ എമ്മുകൾ
ഐ ഐ എം കോഴിക്കോട്
കോഴ്‌സ്: ബാച്ചിലർ ഓഫ് മാനേജ്‌മെന്റ്സ്റ്റഡീസ്- മൂന്ന് മുതൽ നാല് വർഷം വരെ.
തിരഞ്ഞെടുപ്പ്: ജെ ഇ ഇ മെയിനിൽ 80 ശതമാനത്തിന് മുകളിലുള്ളവർക്ക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ നിന്ന് ഇളവ് ലഭിക്കുകയും നേരിട്ട് ഇന്റർവ്യൂ റൗണ്ടിലേക്ക് യോഗ്യത നേടുകയും ചെയ്യാം.
ഐ ഐ എം മുംബൈ
കോഴ്‌സ്: ബി എസ് ഇൻ ഡിജിറ്റൽ സയൻസ് ആൻഡ് ബിസിനസ്സ് മാനേജ്‌മെന്റ- നാല് വർഷം.
യോഗ്യത: പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്്സ് വിഷയങ്ങളിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്.
തിരഞ്ഞെടുപ്പ്: ജെ ഇ ഇ മെയിൻ റാങ്കിന്റെ അടിസ്ഥാനത്തിൽ. അഖിലേന്ത്യാ റാങ്ക് 15,000നും 20,000നും ഇടയിലുള്ളവർക്ക് ഇന്റർവ്യൂ വഴി പ്രവേശനത്തിന് അവസരമുണ്ട് (70 ശതമാനം വെയിറ്റേജ് ജെ ഇ ഇ സ്‌കോറിനും 30 ശതമാനം ഇന്റർവ്യൂവിനും).
ഐ ഐ എം ലക്‌നോ
കോഴ്‌സ്: ബി എസ് ഇൻ എ ഐ ആൻഡ് ബിസിനസ്സ് അനലിറ്റിക്സ്.
യോഗ്യത: ജെ ഇ ഇ അഡ്വാൻസ്ഡ് യോഗ്യത നേടിയവരും 21 വയസ്സിൽ താഴെയുള്ളവരുമായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഐ ഐ എം സംഭൽപൂർ
കോഴ്‌സ്: ബി എസ് ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ.
യോഗ്യത: പ്ലസ് ടുവിന് പി സി എം വിഷയങ്ങളിൽ 60 ശതമാനം മാർക്ക്.
തിരഞ്ഞെടുപ്പ്: ജെ ഇ ഇ മെയിൻ പെർസെന്റൈലും ഓൺലൈൻ ഇന്റർവ്യൂവും. മൂന്ന് വർഷം പൂർത്തിയാക്കുമ്പോൾ ബി എസ്്സിയും നാല് വർഷം പൂർത്തിയാക്കുമ്പോൾ ബി എസ് ഓണേഴ്‌സ് ബിരുദവും നൽകും.
ഐ ഐ എം ബെംഗളൂരു
കോഴ്‌സ്: ബി ബി എ ഇൻ ഡിജിറ്റൽ ബിസിനസ്സ് ആൻഡ് എന്റർപ്രണർഷിപ്പ്.
യോഗ്യത: സയൻസ്, കൊമേഴ്‌സ്, ആർട്‌സ് സ്ട്രീമുകളിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: ജെ ഇ ഇ മെയിൻ, സി യു ഇ ടി-യു ജി അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വന്തം പ്രവേശന പരീക്ഷ വഴി. ജെ ഇ ഇ മെയിനിൽ 90ശതമാനത്തിന് മുകളിലുള്ളവർക്ക് മുൻഗണനയുണ്ടാകും.
ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ നൽകുന്ന മറ്റ് ഐ ഐ എമ്മുകൾ
ഐ ഐ എം ഇൻഡോർ
ഐ പി എം എ ടി പരീക്ഷ വഴിയാണ് പ്രവേശനമെങ്കിലും ജെ ഇ ഇ അഡ്വാൻസ്ഡ് സ്‌കോർ മികച്ചതാണെങ്കിൽ ഇന്റർവ്യൂവിൽ മുൻഗണന ലഭിക്കും.
ഐ ഐ എം റോഹ്തക്
ഐ പി എം എ ടി വഴിയുള്ള ഷോർട്ട് ലിസ്റ്റിംഗിൽ ജെ ഇ ഇ മെയിനിൽ 90 ശതമാനത്തിന് കൂടുതലുള്ളവർക്ക് ഇളവ്/ മുൻഗണന ലഭിക്കും.
ഐ ഐ എം ജമ്മു – ബോധ്ഗയ
ജി ഐ പി എം എ ടി വഴിയാണ് പ്രവേശനം. ജെ ഇ ഇ മെയിനിലെ ഉയർന്ന മാത്്സ് സ്‌കോറുകൾക്ക് പ്രവേശനസമയത്ത് പ്രത്യേക പരിഗണനയുണ്ട്.
ജെ ഇ ഇ സ്‌കോർ സ്വീകരിക്കുന്ന മറ്റ് പ്രമുഖ സ്ഥാപനങ്ങൾ
ഐ ഐ ഐ ടി ഹൈദരാബാദ്: ബി ടെക്- എം എസ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ
ബിറ്റ്‌സ് പിലാനി: ബി ഇ, എം എസ്്സി ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്ക് ബിറ്റ്‌സാറ്റ് (ബി ഐ ടി എസ് എ ടി) വഴി പ്രവേശനം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ തീയതികൾക്കും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.
Content Highlights:
Premier Indian Institutes of Management (IIMs) now accept JEE Main and Advanced scores for new undergraduate programs. Five top IIMs have introduced 3 and 4 year courses in AI, Data Science, and Digital Business. Students benefit from flexible exit options under the National Education Policy.






