Aksharam Education
ജീവന്റെ താളം കാക്കുന്ന ചിത്രശലഭം
ശരീരത്തിന്റെ ഊർജ നിയന്ത്രണ കേന്ദ്രമായ തൈറോയ്ഡ് ഗ്രന്ഥി മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തഃസ്രാവി ഗ്രന്ഥികളിൽ ഒന്നാണ്.
നമ്മുടെ ശരീരത്തിൽ ചെറുതെങ്കിലും അതിപ്രധാനമായ ചില ഗ്രന്ഥികളുണ്ട്. ഓർക്കസ്ട്ര നയിക്കുന്ന സംഗീത സംവിധായകനെ പോലെ ശരീരത്തിന്റെ ഓരോ പ്രവർത്തനത്തെയും താളത്തിലാക്കുന്ന ഗ്രന്ഥികൾ. കഴുത്തിന്റെ മുൻവശത്ത് ചിത്രശലഭത്തിന്റെ ചിറകുകൾ വിടർത്തി നിൽക്കുന്നത് പോലെയുള്ള ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. വലിപ്പത്തിൽ ചെറുതാണെങ്കിലും നമ്മുടെ വളർച്ചയിലും ഊർജത്തിലും ചിന്തയിലും അതിന്റെ സ്വാധീനം വളരെ വലുതാണ്. നമ്മുടെ ശരീരത്തിന്റെ താളവും തൂക്കവുമെല്ലാം കാത്തുസൂക്ഷിക്കുന്ന നിശ്ശബ്ദ കാവൽക്കാരനാണ് തൈറോയ്ഡ് ഗ്രന്ഥി.
ശരീരത്തിന്റെ ഊർജ നിയന്ത്രണ കേന്ദ്രമായ തൈറോയ്ഡ് ഗ്രന്ഥി മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അന്തഃസ്രാവി ഗ്രന്ഥികളിൽ ഒന്നാണ്. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ ഈ ഗ്രന്ഥി നിർണായക പങ്കുവഹിക്കുന്നു.
സ്ഥാനവും ഘടനയും
കഴുത്തിൽ ശ്വാസനാളിയോട് ചേർന്ന് തൊണ്ടമുനക്ക് താഴെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഈ ഗ്രന്ഥിക്ക് രണ്ട് വശങ്ങളിലായി രണ്ട് ലോബുകൾ ഉണ്ട്. തൈറോയ്ഡ് ഗ്രന്ഥി പ്രധാനമായും രണ്ട് ഹോർമോണുകളാണ് ഉത്പാദിപ്പിക്കുന്നത്.
1. തൈറോക്‌സിൻ (Thyroxin)
തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പ്രധാന ഹോർമോണാണിത്. ഇതിന്റെ നിർമാണത്തിന് അയോഡിൻ അത്യാവശ്യമാണ്. ശരീരത്തിലെ ഉപാപചയ നിരക്ക് നിയന്ത്രിക്കുക, ഊർജ ഉത്പാദനം വർധിപ്പിക്കുക, ഹൃദയമിടിപ്പ്, ശരീരതാപനില എന്നിവ ക്രമീകരിക്കുക, കുട്ടികളിൽ ശാരീരികവും മാനസികവുമായ വളർച്ചയെയും തലച്ചോറിന്റെ വികാസത്തെയും ഉത്തേജിപ്പിക്കുക എന്നിവയാണ് തൈറോക്‌സിന്റെ പ്രധാന ധർമങ്ങൾ.
2. കാൽസിടോണിൻ (Calcitonin)
രക്തത്തിലെ കാത്സ്യത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോണാണിത്. രക്തത്തിൽ കാത്സ്യത്തിന്റെ അളവ് കൂടുമ്പോൾ, കാൽസിടോണിൻ അത് അസ്ഥികളിലേക്ക് സംഭരിക്കുകയും രക്തത്തിലെ അളവ് സാധാരണ നിലയിലാക്കുകയും ചെയ്യുന്നു.
തൈറോക്‌സിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ
തൈറോക്‌സിന്റെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ ശരീരത്തെ ദോഷകരമായി ബാധിക്കും. ഇവയെ പ്രധാനമായും രണ്ടായി തിരിക്കാം:
1- ഹൈപോ തൈറോയ്ഡിസം (Hypothyroidism)
തൈറോക്‌സിൻ ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണിത്. ഇത് ശരീരത്തെ പലരീതിയിൽ ബാധിക്കാം:
ഉദാഹരണങ്ങൾ:-
ക്രെറ്റിനിസം (Cretinism): കുട്ടികളിൽ തൈറോക്‌സിൻ കുറയുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണിത്. ഇത് ശാരീരികവും മാനസികവുമായ വളർച്ചാ വൈകല്യങ്ങൾക്ക് കാരണമാകുന്നു.
മിക്‌സെഡിമ (Myxedema): മുതിർന്നവരിൽ തൈറോക്‌സിൻ കുറയുന്ന അവസ്ഥയാണിത്. ശാരീരിക ക്ഷമത കുറയുക, അമിത വണ്ണം, ചർമം വരണ്ടുപോകുക, മാനസിക മന്ദത, മുഖത്തും ശരീരത്തിലും വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ.
ലളിതമായ ഗോയിറ്റർ (Simple Goitre): ഭക്ഷണത്തിൽ അയോഡിന്റെ കുറവ് മൂലം തൈറോക്‌സിൻ നിർമാണം തടസ്സപ്പെടുന്നു. ഹോർമോൺ ഉത്പാദനം കൂട്ടാനായി തൈറോയ്ഡ് ഗ്രന്ഥി അമിതമായി വളരുന്നതിലൂടെ കഴുത്ത് വീർത്തുവരുന്നു. ഇതാണ് ഗോയിറ്റർ.
2- ഹൈപർ തൈറോയ്ഡിസം (Hyperthyroidism)
തൈറോക്‌സിൻ ഹോർമോണിന്റെ ഉത്പാദനം അമിതമാകുന്ന അവസ്ഥയാണ് ഹൈപർ തൈറോയ്ഡിസം. ഉപാപചയ നിരക്ക് വർധിക്കുക, ശരീരഭാരം അമിതമായി കുറയുക, ഹൃദയമിടിപ്പ് കൂടുക, അമിതമായി വിയർക്കുക, വൈകാരിക അസ്ഥിരത എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.
കൺവലയങ്ങൾ പുറത്തേക്ക് തള്ളിനിൽക്കുന്ന എക്‌സോഫ്താൽമിക് ഗോയിറ്റർ (Exophthalmic Goitre) ഇതിന്റെ പ്രധാന ലക്ഷണമാണ്.
ശരീരത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് തൈറോയ്ഡ് ഗ്രന്ഥിയുടെ കൃത്യമായ പ്രവർത്തനം അനിവാര്യമാണ്.
ഭക്ഷണത്തിൽ കൃത്യമായ അളവിൽ അയോഡിൻ അടങ്ങിയ ഉപ്പ് ഉൾപ്പെടുത്തുന്നതിലൂടെ ഒരു പരിധി വരെ തൈറോയ്ഡ് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കും.






