UAE
നിരവധി കേസുകളിൽ പ്രതിയായ ഡാനിയൽ കിനാഹനെ അയർലൻഡിന് കൈമാറി യു എ ഇ
രാജ്യാന്തര കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ ആഗോളതലത്തിൽ വിശ്വസ്ത പങ്കാളിയായി യു എ ഇ തുടരുമെന്ന് അൽ നുഐമി
അബൂദബി|സംഘടിത കുറ്റകൃത്യങ്ങളും കൊലപാതകവും മയക്കുമരുന്ന് കടത്തുമടക്കമുള്ള കേസുകളിൽ പ്രതിയായ ഐറിഷ് പൗരൻ ഡാനിയൽ കിനാഹനെ യു എ ഇ അയർലൻഡിന് കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടിയുടെയും ദുബൈ കോർട്ട് ഓഫ് കാസേഷന്റെ അന്തിമ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് നടപടിയെന്ന് നീതികാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവദ് അൽ നുഐമിയും അയർലൻഡ് നീതിന്യായ മന്ത്രി ജിം ഒ കല്ലാഘാനും ഫോണിൽ സംസാരിച്ചു. അന്താരാഷ്ട്ര കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെ തെളിവാണ് ഈ തീരുമാനമെന്ന് മന്ത്രിമാർ വ്യക്തമാക്കി. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമനടപടികളിൽ നിന്ന് ഒളിത്താവളം കണ്ടെത്താനാവില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്താരാഷ്ട്ര സഹകരണം അത്യന്താപേക്ഷിതമാണെന്നും അവർ ഓർമിപ്പിച്ചു.
രാജ്യാന്തര കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ ആഗോളതലത്തിൽ വിശ്വസ്ത പങ്കാളിയായി യു എ ഇ തുടരുമെന്ന് അൽ നുഐമി വ്യക്തമാക്കി. കുറ്റവാളികൾ രക്ഷപ്പെടുന്നത് തടയാനും നീതി നടപ്പാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുറ്റവാളി കൈമാറ്റ പ്രക്രിയയിൽ പൂർണ സഹകരണം നൽകിയ യു എ ഇ അധികൃതർക്കും നീതിന്യായ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമതക്കും ഐറിഷ് മന്ത്രി നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ജുഡീഷ്യൽ ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
The UAE has extradited notorious Irish national Daniel Kinahan to Ireland following a final order from the Dubai Court of Cassation. Kinahan faces severe charges, including organized crime and drug trafficking. Both nations hailed the extradition as a landmark in global judicial cooperation.






