Kerala
കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും, ജോണിന്റെ മകള്‍ എന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ല; മുഖ്യമന്ത്രി വി ഡി സതീശന്‍
സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യും. തിരച്ചിലിന് എസ്ഒപി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി
കൊല്ലം|വിഴിഞ്ഞത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ മകള്‍ തന്നെ വിമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ടാല്‍ ദേഷ്യം വരും. അമര്‍ഷമുണ്ടാവും. പ്രതിഷേധം ഉണ്ടാവും. അത് ഭരണകൂടത്തോട് ആണ്. അവരുടെ വികാരം ഉള്‍ക്കൊള്ളുന്നു. മുഖ്യമന്ത്രി ഭരണകൂടത്തെ പ്രതിനിധാനം ചെയ്ത് നില്‍ക്കുന്ന ഒരാളാണ്. അതുകൊണ്ട് മുഖ്യമന്ത്രിയെ അല്ലേ വിമര്‍ശിക്കേണ്ടത്. അതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.
നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത്. മുഖ്യമന്ത്രിയ്‌ക്കൊപ്പം മന്ത്രി ഷിബു ബേബി ജോണും ഉണ്ടായിരുന്നു. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബം ഓരോ പ്രാവശ്യം വിമര്‍ശിക്കുമ്പോഴും അതേ ഉത്തരവാദിത്തതോടു കൂടി നമ്മള്‍ ചെയ്തിട്ടുണ്ട് എന്ന ആശ്വാസം ഞങ്ങള്‍ക്കുണ്ട്.
ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാവുന്ന അത്രയും ചെയ്തു. എന്നാല്‍ ഇത് പോരാ. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഇടവിട്ട് ഇക്കാര്യം വിലയിരുത്തി കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും തിരച്ചിലിന് എസ്ഒപി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെയും പങ്കാളിയാക്കും. അവരുടെ അറിവുകളെ പ്രയോജനപ്പെടുത്തി സമഗ്രമായ എസ്ഒപിക്കാണ് രൂപം നല്‍കുകയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights:
Kerala Chief Minister V D Satheesan responded to criticism from missing Vizhinjam fisherman John’s daughter. He noted that expressing anger towards the government in times of grief is natural. Visited after meeting missing Gautham Krishna’s family in Neendakara, he promised a new search SOP.

