UAE
യു എ ഇ ഉച്ചവിശ്രമ നിയമം; 99 ശതമാനം പാലിക്കപ്പെടുന്നതായി മന്ത്രാലയം
ഡെലിവറി റൈഡർമാർക്കായി 12,000 വിശ്രമ കേന്ദ്രങ്ങൾ
ദുബൈ| വേനൽച്ചൂടിൽ നിന്നുള്ള തൊഴിൽ സുരക്ഷ ഉറപ്പാക്കുന്നതിൽ യു എ ഇയുടെ ഉച്ചവിശ്രമ നിയമം ലോകത്തിന് മാതൃകയാകുന്നു. കഴിഞ്ഞ വർഷം 99 ശതമാനം സ്വകാര്യ സ്ഥാപനങ്ങളും നിയമം കൃത്യമായി പാലിച്ചതായി മാനവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെയാണ് തുറസ്സായ സ്ഥലങ്ങളിലും നേരിട്ട് വെയിലേൽക്കുന്നയിടങ്ങളിലും ജോലി ചെയ്യുന്നത് വിലക്കിയിരിക്കുന്നത്. സൂര്യതാപം, നിർജലീകരണം എന്നിവയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാൻ ഈ നടപടി ഏറെ സഹായിക്കുന്നുണ്ട്.
തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാൻ സ്ഥാപനങ്ങൾ ഉയർന്ന പ്രതിബദ്ധതയാണ് കാണിക്കുന്നതെന്ന് മന്ത്രാലയത്തിലെ ലേബർ പ്രൊട്ടക്ഷൻ സെക്ടർ ആക്ടിംഗ് അസിസ്റ്റന്റ്അണ്ടർസെക്രട്ടറി ദലാൽ അൽ ശെഹ്ഹി പറഞ്ഞു. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ പല കമ്പനികളും സ്വമേധയാ മുൻകരുതലുകൾ എടുത്തു തുടങ്ങുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
തുടർച്ചയായ നാലാം വർഷവും ഡെലിവറി റൈഡർമാർക്കായി വിവിധ സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെ 12,000 എയർകണ്ടീഷൻ ചെയ്ത വിശ്രമ കേന്ദ്രങ്ങൾ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. നിരോധിത സമയങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി തണലുള്ള വിശ്രമ സങ്കേതങ്ങൾ, കുടിവെള്ളം, കൂളിങ് ഫാനുകൾ, ഫസ്റ്റ് എയ്ഡ് സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്. തൊഴിലാളികൾക്ക് തണുത്ത വെള്ളവും ലഘുഭക്ഷണങ്ങളും നൽകുന്ന രീതി രാജ്യത്ത് ജീവകാരുണ്യ സംസ്‌കാരത്തിന്റെ ഭാഗമായി മാറിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
Content Highlights:
UAE midday break law becomes a global model for protecting outdoor workers from summer heat. MOHRE reported 99 percent compliance among private firms last year. The ministry also arranged 12,000 air-conditioned rest stations for delivery riders, ensuring high standards of labor welfare.




