Connect with us

National

സര്‍ക്കാര്‍ ചടങ്ങുകളില്‍ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കണം; പ്രമേയം തമിഴ്നാട് നിയമസഭയില്‍ ഐക്യകണ്‌ഠേന പാസാക്കി

ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം

Published

|

Last Updated

ചെന്നൈ|തമിഴ്നാട്ടിലെ ഔദ്യോഗിക സര്‍ക്കാര്‍ ചടങ്ങുകളില്‍ സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്ത്’ തന്നെ ആദ്യം ആലപിക്കണമെന്ന് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള പ്രമേയം തമിഴ്നാട് നിയമസഭ ഐക്യകണ്‌ഠേന പാസാക്കി. ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയ ഗാനത്തിന് തൊട്ടുമുമ്പ് ദേശീയ ഗീതമായ ‘വന്ദേമാതരം’ ആലപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശത്തിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം. മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷ കക്ഷികളായ ഡിഎംകെ, എഐഎഡിഎംകെ തുടങ്ങിയ എല്ലാ പാര്‍ട്ടികളും നിയമസഭയില്‍ ഒറ്റക്കെട്ടായി പിന്തുണച്ചു.

തമിഴ്നാടിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ അവകാശങ്ങളില്‍ തമിഴക വെട്രി കഴകം സര്‍ക്കാര്‍ യാതൊരു വിട്ടുവീഴ്ചയും വരുത്തില്ലെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ് എന്നത് ഒരു ഭാഷ മാത്രമല്ല. അത് ഞങ്ങളുടെ ജീവനും വികാരവുമാണ്. സ്വന്തം മാതൃഭാഷ ഒരാളുടെ അമ്മയെപ്പോലെ തന്നെ പരിശുദ്ധമാണ്. തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിനോ ഐക്യത്തിനോ എതിരല്ല; മറിച്ച് വൈവിധ്യത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ സങ്കല്‍പ്പത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

പ്രമേയം ഐക്യകണ്‌ഠേന പാസായതായി സ്പീക്കര്‍ ജെസിഡി പ്രഭാകര്‍ പ്രഖ്യാപിച്ചു. നിയമസഭ പാസാക്കിയ പ്രമേയം നടപ്പിലാക്കാന്‍ ആരുടെയും പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. പാസാക്കിയ പ്രമേയപ്രകാരം തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്ന എല്ലാ ഔദ്യോഗിക പരിപാടികളുടെയും തുടക്കത്തില്‍ തന്നെ തമിഴ് തായ് വാഴ്ത്ത് നിര്‍ബന്ധമായും ആലപിച്ചിരിക്കണം.

Content Highlights:
The Tamil Nadu assembly unanimously passed a resolution making state anthem Tamil Thai Vaazhthu mandatory at official functions. The move comes after central guidelines regarding national song Vande Mataram. All parties supported the resolution celebrating Tamil language and culture.

 

---- facebook comment plugin here -----

Latest