Uae
സംഘർഷം അവസാനിപ്പിക്കാൻ വീണ്ടും യു എ ഇ ആഹ്വാനം
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ യു എ ഇ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു.

അബൂദബി| ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ യു എസ് നടത്തിയ ആക്രമണത്തിന് ശേഷം മേഖലയിലെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് യു എ ഇ അഭ്യർഥിച്ചു. ഇത്തരം നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. നിലവിലെ സ്ഥിതി പുതിയ തലത്തിലുള്ള അസ്ഥിരതയിലേക്ക് നയിച്ചേക്കാമെന്നും യു എ ഇ ആശങ്ക പ്രകടിപ്പിച്ചു.
ഇറാനിലെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിൽ യു എ ഇ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. സ്ഥിരതയും സമൃദ്ധിയും നീതിയും കൈവരിക്കുന്ന സമഗ്രമായ സമീപനങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രത്തിനും സംഭാഷണത്തിനും മുൻഗണന നൽകേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
സംഘർഷത്തിന്റെ വിനാശത്തിൽ നിന്ന് മേഖലയെയും അതിലെ ജനങ്ങളെയും സംരക്ഷിക്കുകയും പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്താൻ അന്താരാഷ്ട്ര സമൂഹം കൂട്ടായി പരിശ്രമിക്കണമെന്നും യു എ ഇ ആഹ്വാനം ചെയ്തു. നിർണായക പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണുന്നതിൽ ഗൗരവമായ ഇടപെടൽ ആവശ്യമാണ്. പ്രാദേശികവും അന്തർദേശീയവുമായ സുരക്ഷക്കും സ്ഥിരതക്കും വർധിച്ചുവരുന്ന ഭീഷണി ഇല്ലാതാക്കുന്നതിനും ഐക്യരാഷ്ട്രസഭയും സുരക്ഷാ കൗൺസിലും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും യു എ ഇ അഭ്യർഥിച്ചു. ഈ സാഹചര്യത്തിൽ വിവേകവും ഉത്തരവാദിത്തവും മേഖലയുടെ ചരിത്രപരമായ അനുഭവങ്ങളിൽ നിന്നും യുദ്ധങ്ങളിൽ നിന്നും അവ നൽകുന്ന പാഠങ്ങളിൽ നിന്നും പഠിക്കേണ്ടതിന്റെ ആവശ്യകതയും യു എ ഇ എടുത്തുപറഞ്ഞു.
---- facebook comment plugin here -----