Connect with us

Uae

ആഗോള തലത്തിൽ ശ്രദ്ധ നേടി യു എ ഇയുടെ "ഫാൽക്കൺ' എ ഐ

സാങ്കേതിക പരമാധികാരത്തിലേക്കുള്ള വലിയ ചുവടുവെപ്പെന്ന് ഫ്രഞ്ച് പ്ലാറ്റ്ഫോം

Published

|

Last Updated

അബൂദബി|ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) രംഗത്ത് യു എ ഇ കൈവരിച്ച അസാമാന്യമായ നേട്ടങ്ങളെ പ്രകീർത്തിച്ച് പ്രമുഖ ഫ്രഞ്ച് സാങ്കേതിക പ്ലാറ്റ്ഫോം. ആഗോള എ ഐ ഭൂപടത്തിൽ യു എ ഇ ഇന്ന് ഒരു നിർണായക ശക്തിയായി മാറിയിരിക്കുകയാണെന്നും ഫാൽക്കൺ മോഡലിലൂടെ കൈവരിച്ച പുരോഗതി ഇതിന് തെളിവാണെന്നും പ്ലാറ്റ്ഫോം വിലയിരുത്തി. സാങ്കേതിക വിദ്യ കേവലം വമ്പൻ രാജ്യങ്ങളുടെ മാത്രം കുത്തകയല്ലെന്ന് തെളിയിക്കുന്നതാണ് യു എ ഇയുടെ ഈ കുതിച്ചുചാട്ടം.

ലോകത്തിലെ ഏറ്റവും ആകർഷകമായ ജനറേറ്റീവ് എ ഐ പ്രോജക്റ്റുകളിൽ ഒന്നായാണ് ഫാൽക്കൺ വിശേഷിപ്പിക്കപ്പെടുന്നത്. യു എ ഇയുടെ സാങ്കേതിക പരമാധികാരവും ആഗോളതലത്തിൽ മത്സരിക്കാനുള്ള കഴിവും ഇത് പ്രതിഫലിപ്പിക്കുന്നു. ലഘുവായ മൂന്ന് ബില്യൺ പാരാമീറ്റർ മോഡലുകൾ മുതൽ അതീവ സങ്കീർണമായ 180 ബില്യൺ പാരാമീറ്റർ മോഡലുകൾ വരെ ഫാൽക്കൺ കുടുംബത്തിലുണ്ട്. ഇത് ഗവൺമെന്റ്സേവനങ്ങൾ മുതൽ ഗവേഷണ ആവശ്യങ്ങൾക്കായി വരെ ഒരേപോലെ ഉപയോഗിക്കാൻ സാധിക്കും.

സാങ്കേതിക വിദ്യ ഒരാൾ മാത്രം കൈവശം വെക്കുന്ന രീതിക്ക് വിപരീതമായി ഫാൽക്കൺ ഒരു ഓപ്പൺ സോഴ്സ് നയമാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ലോകമെമ്പാടുമുള്ള ഡെവലപ്പർമാർക്കും ഗവേഷകർക്കും ഈ മോഡൽ ഉപയോഗിക്കാനും വികസിപ്പിക്കാനും അവസരം നൽകുന്നു.

അബൂദബിയിലെ ടെക്‌നോളജി ഇന്നൊവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഫാൽക്കൺ മോഡലുകൾ വികസിപ്പിക്കുന്നത്. സുരക്ഷ, സുതാര്യത, ഉത്തരവാദിത്തം എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള യു എ ഇയുടെ ദീർഘവീക്ഷണമാണ് ഈ വിജയത്തിന് പിന്നിലെന്ന് “ലെമാഗ് ഐ ടി’ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.