Kerala
കോഴിക്കോട് ബാലുശ്ശേരിയില്‍ പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരുക്ക്
ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ രാജഗിരിയിലെ പിണ്ഡം നീക്കിയില്‍ ബിജു (50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കോഴിക്കോട് | പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരുക്ക്. കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പൊയിലിലാണ് സംഭവം. പരുക്കേറ്റ രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു (50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി പാമ്പിനെ കണ്ട സുധീഷ്, ബിജുവിനെ വീട്ടിലേക്ക് വിളിക്കുകയായിരുന്നു. പാമ്പ് സുധീഷിന്റെ കൈയില്‍ കടിച്ചപ്പോള്‍ മൊബൈല്‍ വെളിച്ചത്തില്‍ കടിവിടുവിക്കാന്‍ ബിജു ശ്രമിച്ചു. ഇതോടെ പാമ്പ് സുധീഷിനെ വിട്ട് ബിജുവിന്റെ കാലിലേക്ക് ചാടി ശക്തിയില്‍ കടിക്കുകയായിരുന്നു. ബിജുവിന്റെ കാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.
ഇരുവരുടെയും ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.