Kerala
കോഴിക്കോട്ട് ഒരേ സമയം രണ്ട് ഡി എം ഒമാര്‍; കസേരക്കളി ഇന്നും
കസേരക്കളിയില്‍ കുഴങ്ങി മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥർ
കോഴിക്കോട് | കോഴിക്കോട്ട് ഡി എം ഒ ഓഫീസില്‍ ഒരേ സമയം രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിക്ക് കസേര ഒഴിഞ്ഞുകൊടുക്കാന്‍ നിലവിലെ ഡി എം ഒ ഡോ. രാജേന്ദ്രന് തയ്യാറാകാതിരുന്നതോടെ ഡി എം ഒ ഓഫീസ് ഇന്നും രണ്ട് ഓഫീസര്‍മാര്‍ നിയന്ത്രിക്കുകയാണ്. നിലവിലെ ഡി എം ഒ ഡോ. രാജേന്ദ്രന് അഭിമുഖമായാണ് ഡോ. ആശാദേവി ഇരിപ്പുറപ്പിച്ചത്.
ഈ മാസം പത്തിനാണ് ഡോ. രാജേന്ദ്രനെ ഡി എച്ച് എസിലേക്ക് ഡെപ്യൂട്ടി ഡയറക്്ടറായി സ്ഥലംമാറ്റിയത്. തിരുവനന്തപുരത്ത് ഡി എം ഒയായിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട്ടേക്കും ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍, സ്ഥലം മാറ്റിയ ഉത്തരവിനെതിരെ ഡോ. രാജേന്ദ്രന് കോടതിയെ സമീപിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തു.
ഇതിനിടക്ക് ഡോ. ആശാദേവി കോഴിക്കോട്ടെത്തിയെങ്കിലും ഡോ. രാജേന്ദ്രന് സീറ്റ് ഒഴിഞ്ഞുകൊടുത്തില്ല. പിന്നീട് ആശാദേവി തിരുവന്തപുരത്ത് ട്രെയിനിംഗിന് പോയി.
ഇന്നലെ തിരിച്ചുവന്ന ഇവര്‍ ഡി എം ഒയായി ചാര്ജെടുക്കാനെത്തിയപ്പോഴാണ് വീണ്ടും കസേരക്ക് തര്‍ക്കമുണ്ടായത്. ഇന്നും പതിവുപോലെ ഇരുവരും ഓഫീസിലെത്തുകയായിരുന്നു.
തന്നെ സ്ഥലംമാറ്റിയ ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ടെന്നും മറിച്ചൊരു ഉത്തരവ് തനിക്ക് ലഭിച്ചിട്ടില്ലെന്നുമാണ് രാജേന്ദ്രന്റെ വാദം.
അതിനിടെ, ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥരാണ് കസേരക്കളിയില്‍ കുഴങ്ങുന്നത്. ഫയലുകളില്‍ ഒപ്പുവെക്കുന്നതിന് രണ്ട് ഡി എം ഒമാരും മത്സരിക്കുകയാണ്.




