Kuwait
കുവൈത്തിലെ ജലീബ് അല്‍ ശുവൈഖ് പ്രദേശത്ത് നിയമലംഘനങ്ങള്‍ നടത്തിയ 263 അനധികൃത കെട്ടിടങ്ങളുടെ പൊളിച്ചു നീക്കല്‍ ആരംഭിച്ചു
ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 263 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയാണ്. രണ്ടാംഘട്ടത്തില്‍ 494 കെട്ടിടങ്ങള്‍ കൂടി പൊളിച്ചു നീക്കാനുള്ള പട്ടികയില്‍ ഉണ്ട്
കുവൈത്ത് സിറ്റി | കുവൈത്തില്‍ മലയാളികള്‍ ഏറ്റവുമധികം താമസിക്കുന്ന പ്രദേശം കൂടിയായ ജലീബ് അല്‍ ശുവൈഖിലെ നിയമലംഘനങ്ങള്‍ നടത്തിയ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്ന നടപടികള്‍ക്ക് കുവൈത്ത് നഗരസഭ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 263 അനധികൃത കെട്ടിടങ്ങളാണ് ആദ്യഘട്ടത്തില്‍ പൊളിച്ചു നീക്കന്നത്.ഇവയുടെ ഉടമകള്‍ക്ക് ഇതിനോടകം ഔദ്യോഗിക ഗസറ്റില്‍ മുന്നറിയിപ്പ് പ്രസിദ്ധീകരിക്കുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കെട്ടിട ഉടമകള്‍ സ്വമേധയാ പൊളിച്ചു നീക്കല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് നഗരസഭ നേരിട്ട് പൊളിച്ചു നീക്കല്‍ നടപടികള്‍ ആരംഭിച്ചത് .നിശ്ചിത സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി അനധികൃത കെട്ടിടങ്ങളുടെ വിഷയം അന്തിമമായി പരിഹരിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ഉള്‍പ്പെട്ട 263 കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുകയാണ്. രണ്ടാംഘട്ടത്തില്‍ 494 കെട്ടിടങ്ങള്‍ കൂടി പൊളിച്ചു നീക്കാനുള്ള പട്ടികയില്‍ ഉണ്ട്.നഗരസഭ ഡയറക്ടര്‍ ജനറലിന്റെ ഔദ്യോഗിക ഉത്തരവ് ലഭിക്കുന്നതോടെ മൂന്നാഴ്ചക്കുശേഷം ഇവയുടെ പൊളിച്ചു നീക്കല്‍ നടപടികളും ആരംഭിക്കും. മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ട കെട്ടിടങ്ങളുടെ സാങ്കേതിക റിപ്പോര്‍ട്ടുകളും വിശദമായ പട്ടികകളും പൊതുമരാമത്ത് മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്നതിനായി മുനിസിപ്പാലിറ്റി കാത്തിരിക്കുകയാണ്.റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറക്ക് അവയും നടപടിക്രമങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.നിയമലംഘനം നടത്തിയ കെട്ടിടങ്ങളുടെ പൊളിച്ചു നീക്കലിനും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും ഉള്ള മുഴുവന്‍ ചെലവും കെട്ടിട ഉടമകളില്‍ നിന്ന് ഈടാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഗതാഗത ചെലവ്,ഉപയോഗിക്കുന്ന യന്ത്രസാമഗ്രികള്‍, കെട്ടിടത്തിന്റെ നിലകളുടെ എണ്ണം, ആകെ വിസ്തീര്‍ണ്ണം, എന്നിവ കണക്കിലെടുത്ത് ആയിരിക്കും മൊത്തം ചെലവുകള്‍ നിര്‍ണയിക്കുക എന്നും അധികൃതര്‍ അറിയിച്ചു
Content Highlights: Kuwait Municipality has begun demolishing 263 illegal buildings in Jaleeb Al Shuyoukh after owners failed to act on warnings. Another 494 structures are slated for demolition in the second phase. All costs incurred during the process will be recovered from the building owners.




