യാത്ര
നിര്‍മലഹൃദയത്തിന്റെ അടയാളങ്ങള്‍
ജനസംഖ്യയുടെ പകുതിയും അധിവസിക്കുന്ന ജാവ ദ്വീപിലെ ഏറെക്കുറെ മുഴുവൻ പ്രധാന നഗരങ്ങളും പിന്നീട് മറ്റു ഐലൻഡുകളായ സുലാവെസിയും ബാത്താമും ബാലിയും സുമാത്രയും സന്ദർശിച്ചപ്പോൾ ഇതിവരുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന സംസ്‌കാരമാണെന്ന് തിരിച്ചറിഞ്ഞു. ചിരിക്കാൻ മാത്രമറിയുന്ന മനുഷ്യർ. പെട്രോൾ പമ്പുകളിലും കടകളിലും തിരക്ക് കൂട്ടാതെ ചിട്ടയോടെ കാത്തുനിന്ന് സാധനവും സേവനവും കൈപ്പറ്റുന്നവർ. റോഡുകളിൽ വാഹനം പരസ്പരം കൂട്ടി മുട്ടിയാൽ "മ ആഫ്' (സോറി) പറഞ്ഞു രംഗം പിരിയുന്നവർ.
ചിരി ദൈവാനുഗ്രഹമാണ്. ഉള്ളുതുറന്ന് ചിരിക്കാനാകുന്നത് നിർമലഹൃദയത്തിന്റെ അടയാളവുമാണ്. ഹൃദയംകൊണ്ട് പുഞ്ചിരി സമ്മാനിക്കുന്നവരാണ് ഇന്തോനേഷ്യക്കാർ. ഭാഷ അറിയാത്തവർക്ക് പോലും ഗൃഹാതുരത്വം അനുഭവപ്പെടും. സെൻട്രൽ ജാവയിലെ സുരകാർതയിലാണ് ഞാൻ പഠിക്കുന്ന യൂനിവേഴ്‌സിറ്റി. ജക്കാർത്തയിൽ നിന്ന് ഒന്പത് മണിക്കൂർ ദൂരമുണ്ട്. നാട്ടിലുള്ളപ്പോൾ അന്വേഷിച്ചിട്ടും പരിചയക്കാരെ കിട്ടാത്തതുകൊണ്ട് നേരിട്ടനുഭവിക്കാം എന്ന ദൃഢതയിലാണ് ടിക്കറ്റ് നിരക്ക് പരിഗണിച്ച് ജക്കാർത്തയിൽ ചെന്നിറങ്ങുന്നത്. നീണ്ട യാത്ര കാരണം മൊബൈൽ ഫോൺ ഓഫായിരുന്നു. ഇന്തോനേഷ്യയിലെ ചാർജിംഗ് സോട്ടുകൾ ഉൾവലിഞ്ഞ റൗണ്ട് രൂപത്തിലാണ്. ഇന്ത്യൻ നിർമിത ചാർജറുകൾ ഉപയോഗിക്കണമെങ്കിൽ കണക്ടർ നിർബന്ധം. എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുന്ന എന്റെ അടുത്തേക്ക് ഒരു സ്ത്രീ നടന്നുവന്നു. ഇംഗ്ലീഷിൽ അഭിവാദനം ചെയ്തു. ചാർജ് ചെയ്യാൻ ശ്രമിക്കുകയാണല്ലേ എന്ന് ചോദിച്ച് ഒരു യൂനിവേഴ്‌സൽ അഡാപ്റ്റർ എനിക്ക് നേരെ നീട്ടി. അത്യാവശ്യം ചാർജ് ആകുന്നത് വരെ ഞങ്ങൾ സംസാരിച്ചിരുന്നു. പിന്നീട് ആവശ്യം വരുമെന്ന് പറഞ്ഞ് അതെനിക്ക് സമ്മാനിക്കുകയും ചെയ്തു.
ഒരു ഇന്ത്യൻ മുസ്്ലിം ഇന്തോനേഷ്യയിലേക്ക് ഇസ്്ലാമിക് എജ്യുക്കേഷനിൽ മാസ്റ്റേഴ്‌സ് ചെയ്യാൻ വരുന്നെന്നറിഞ്ഞതിൽ അവർക്ക് വല്ലാത്തൊരു ആശ്ചര്യം. ശേഷം സോളോയിലേക്കാണ് പോകേണ്ടതെന്ന് പറഞ്ഞപ്പോൾ ട്രെയിനിന്റെ വഴിയും പറഞ്ഞു തന്നു. രണ്ട് ട്രെയിനുകൾ മാറിക്കയറി വേണം സോളോയിലേക്കെത്താൻ. 30 കിലോ ലഗേജും കൊണ്ട് വട്ടം കറക്കാൻ താത്പര്യം ഇല്ലാഞ്ഞിട്ടും കൂട്ടത്തിലൊരു ട്രെയിനിന് ടിക്കറ്റെടുക്കാൻ ബേങ്ക് അക്കൗണ്ട് നിർബന്ധമായത് കൊണ്ടും രണ്ടാമത്തെ ട്രെയിനിന് ടിക്കറ്റെടുക്കും വരെ അവരെന്റെ കൂടെ വന്നു. തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്ന് തീർച്ച. എന്തോ ഭാഗ്യം ചെയ്തതുപോലെ അസാധാരണമായി കിട്ടിയ ഒരനുഭവം എന്നതായിരുന്നു എന്റെ ധാരണ. പക്ഷേ, അത് വൈകാതെ തിരുത്തപ്പെട്ടു. ഈ കൊച്ചു ദ്വീപിലെ മനുഷ്യരുടെ ശരാശരി സ്വഭാവമാണിതെന്ന് എന്റെ തുടർയാത്രകളെന്നെ പഠിപ്പിച്ചു.
ജനസംഖ്യയുടെ പകുതിയും അധിവസിക്കുന്ന ജാവ ദ്വീപിലെ ഏറെക്കുറെ മുഴുവൻ പ്രധാന നഗരങ്ങളും പിന്നീട് മറ്റു ഐലൻഡുകളായ സുലാവെസിയും ബാത്താമും ബാലിയും സുമാത്രയും സന്ദർശിച്ചപ്പോൾ ഇത് ഇവരുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന സംസ്‌കാരമാണെന്ന് തിരിച്ചറിഞ്ഞു. ചിരിക്കാൻ മാത്രമറിയുന്ന മനുഷ്യർ. പെട്രോൾ പമ്പുകളിലും കടകളിലും തിരക്ക് കൂട്ടാതെ ചിട്ടയോടെ കാത്തുനിന്ന് സാധനവും സേവനവും കൈപ്പറ്റുന്നവർ. റോഡുകളിൽ വാഹനം പരസ്പരം കൂട്ടി മുട്ടിയാൽ “മ ആഫ്’ (സോറി) പറഞ്ഞു രംഗം പിരിയുന്നവർ. എന്ത് ഉപകാരം ചെയ്താലും “തരീമകാസി’ (താങ്ക്‌സ്) എന്ന് സന്തോഷവാചകം പങ്കുവെക്കുന്നവർ. സന്തോഷം പങ്കിടുന്നവരോട് “സാമാ സാമാ’ എന്ന് പിന്നെയും സ്വാഗതം പറയുന്നവർ.
പരിപാടികളുടെ തുടക്കത്തിൽ ബിസ്മി ചൊല്ലി ഒടുക്കം അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ പറഞ്ഞ് മടങ്ങുന്ന ഇസ്്ലാമിതര വിശ്വാസികൾ. തെറ്റുകൾ സംഭവിച്ചാലോ കണ്ടാലോ (ചിലപ്പോൾ അസ്ഥാനത്തും) “അസ്താഗാ’ എന്ന് നെടുവീർപ്പിടുന്നവർ. (അസ്തഗ്ഫിറുള്ളാഹൽ അളീം എന്നതിന്റെ ഇന്തോനേഷ്യൻ വേർഷ്യൻ, ഇതുപോലൊത്ത ചുരുക്കിപ്പറച്ചിലുകൾ ഇവരുടെ പ്രത്യേകതയാണ്, നിത്യജീവിതത്തിലെ മിക്ക വാക്കുകളും ഇവരിങ്ങനെ മുറിച്ചിണക്കി പുതിയൊരു കൊച്ചു വാക്കായിട്ടാണ് പ്രയോഗിക്കുക) ഇനിയുമിങ്ങനെ ദീർഘമായി പറയാൻ കഴിയും ഇവരുടെ വിശേഷണങ്ങൾ.
നീണ്ട മൂന്ന് വർഷത്തെ അനുഭവങ്ങൾക്കുശേഷമാണ് ഇതെഴുതുന്നത്. ഇന്ത്യ പോലോത്തെ ഒരു രാജ്യത്തു നിന്ന് വരുന്ന ഓരോ വ്യക്തിക്കും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. ഇവരുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ചിരിക്കാൻ ബലം പിടിക്കുന്ന നമ്മൾ മലയാളികൾക്ക് പ്രത്യേകിച്ചും. എത്ര നീണ്ട ട്രാഫിക് ജാമിലും ഹോണടിച്ച് ശബ്ദകോലാഹലം സൃഷ്ടിക്കാത്ത നഗര ജീവിത രീതിയും എഴുപതും എൺപതും വയസ്സായവർ കുന്നും മലകളും താണ്ടി കൃഷിപ്പണി ചെയ്ത് ആരോഗ്യത്തോടെ ജീവിക്കുന്ന ഗ്രാമീണ ചിത്രങ്ങളും അവയിൽ പ്രധാനമാണ്. മർമമുള്ളൊരു നർമം കൂടി പറയാം. നമ്മൾ ഇന്ത്യക്കാർ പൊതുവേ ചൂടുള്ള ചായയും എരിവ് ചേർത്ത വിഭവങ്ങളും കഴിക്കുമ്പോൾ ഇവർക്ക് ഐസിട്ട ചായയും മധുരം കലർത്തിയ ഭക്ഷണവുമാണ് ശീലം. ഒരുപക്ഷേ നമ്മുടെ കർക്കശസ്വഭാവത്തിന്റെയും ഇവരുടെ തണുത്ത പ്രകൃതത്തിന്റെയും കാരണം ഈ ഭക്ഷണരീതിയാകുമോ എന്ന് ഒരുവേള ചിന്തിച്ചുപോയി.
ഇങ്ങനെയൊക്കെയാണെങ്കിലും ചില പാഠങ്ങൾ ഇവർക്ക് പുറമേ നിന്ന് ഉൾക്കൊള്ളാനുണ്ട്.
ഹിച്ച്‌ഹൈക്കിംഗ് മെന്റാലിറ്റിയും പരിപാടികൾക്ക് സ്വന്തം വീട്ടിൽ ഭക്ഷണം വെച്ച് വിളമ്പുന്ന മര്യാദയും പൊതു ഇടങ്ങളിൽ ഫ്രീ പാർക്കിംഗ് സൗകര്യം ഒരുക്കുന്ന ഗവൺമെന്റ്നയങ്ങളും ഉദാഹരണങ്ങൾ. എന്നിരിക്കെ ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ഹോസ്പിറ്റാലിറ്റി ഇന്തോനേഷ്യയിൽ ആണെന്ന് യാത്രികർ പലപ്പോഴും പറയാറുണ്ട്. ഒരു വിദേശിയെ കണ്ടാൽ എങ്ങനെ പരമാവധി മുതലെടുക്കാം എന്ന ചിന്തക്ക് പകരം അവനെ എങ്ങനെ സന്തോഷിപ്പിച്ച് തിരികെ പറഞ്ഞയക്കാം എന്നതാണ് ഇന്തോനേഷ്യക്കാരുടെ മനഃസ്ഥിതി. ടാക്‌സി ഓർഡർ ചെയ്ത സ്ഥലത്തിന്റെ ഒരു കിലോമീറ്റർ അപ്പുറത്തേക്ക് വണ്ടിയോടിപ്പിച്ചാലും ചെറുപുഞ്ചിരിയോടെ ആവശ്യം സ്വീകരിച്ച് ആദ്യം പറഞ്ഞ തുക മാത്രം വാങ്ങി നന്ദി പറഞ്ഞു പിരിയുന്നവരാണ് ഇവിടത്തെ ഡ്രൈവർമാർ.
എന്നിരുന്നാലും ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നെല്ലുണ്ടെങ്കിൽ പതിരും കാണുമെന്ന പോലെ പൂർണമായി വിശ്വസിക്കാൻ പറ്റിയ ഒരു നാടുമില്ലല്ലോ. ജക്കാർത്തയിലെ പ്രസിദ്ധമായ മസ്ജിദുൽ ഇസ്തിഖ്‌ലാലിൽ നിന്ന് ഒരിക്കൽ മഗ്്രിബ് നിസ്‌കാരത്തിന് കയറിയ ഞാൻ തിരികെ ഇറങ്ങിയപ്പോൾ രണ്ടുദിവസം മാത്രം ഉപയോഗിച്ച വിലകൂടിയ ചെരുപ്പ് ധർമം ചെയ്തതായി മനസ്സിൽ കരുതിയിട്ടാണ് തിരികെ പോന്നത്. മറ്റൊരിക്കൽ, ഒരു ടിക്കറ്റ് ബുക്കിംഗ് സ്‌കാമിൽ പെട്ട് വലിയൊരു തുകയും പോയിക്കിട്ടി. കരുതലനുഭവിക്കുന്നതോടൊപ്പം കരുതിയിരിക്കണമെന്ന പാഠം കൂടി ഇന്തോനേഷ്യ പഠിപ്പിച്ചു.
Content Highlights:
An Indian student shares deeply touching experiences from a three-year stay in Indonesia, highlighting the exceptional warmth and smiling nature of the locals. The narrative explores everyday culture across Java, Jakarta, and Surakarta alongside unique lifestyle habits. It also offers balanced insights into navigating local travel with care and awareness.



