Connect with us

Kerala

കുട്ടികളെ ഉപയോഗിച്ച് ഒഡീഷയില്‍ നിന്നും കഞ്ചാവ് കടത്ത്; എക്‌സൈസ് പോലീസിന് റിപ്പോര്‍ട്ട് നല്‍കി

ഒഡീഷയിലെ ഗോപാല്‍പുരില്‍ നിന്ന് കഞ്ചാവ് വാങ്ങി കുട്ടികളെ മറയാക്കിയാണ് പ്രതികള്‍ തിരുവനന്തപുരത്തേയ്ക്ക് കഞ്ചാവ് എത്തിച്ചത്

Published

|

Last Updated

തിരുവനന്തപുരം  | തിരുവനന്തപുരത്ത് കുട്ടികളെ ഉപയോഗിച്ച് ഒഡീഷയില്‍ നിന്നും  90 കിലോയിലധികം കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ എക്സൈസ് പൊലീസിന് റിപ്പോര്‍ട്ട് കൈമാറി. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് എടുക്കാനാണ് നീക്കം. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറാണ് തമ്പാനൂര്‍ പോലീസിന് റിപ്പോര്‍ട്ട് നല്‍കിയത്. ഒളിവില്‍ കഴിയുന്ന സ്ത്രീക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കും.

ഒഡീഷയിലെ ഗോപാല്‍പുരില്‍ നിന്ന് കഞ്ചാവ് വാങ്ങി കുട്ടികളെ മറയാക്കിയാണ് പ്രതികള്‍ തിരുവനന്തപുരത്തേയ്ക്ക് കഞ്ചാവ് എത്തിച്ചത്. ജഗതി സ്വദേശി അഖില്‍, മാറനല്ലൂര്‍ കരിങ്ങല്‍ വിഷ്ണു ഭവനില്‍ വിഷ്ണു, തിരുവല്ലം മേനിലം ചെമ്മണ്ണ് വിള പുത്തന്‍ വീട്ടില്‍ ചൊക്കന്‍ രതീഷ്, തിരുവല്ലം കരിങ്കടമുകള്‍ ശാസ്താഭവനില്‍ ആര്‍ രതീഷ് എന്നിവരാണ് കേസിലെ പ്രതികള്‍. മേയ് 7നായിരുന്നു പ്രതികള്‍ എക്‌സൈസിന്റെ പിടിയിലായത്.

പ്രതികളിലൊരാളായ വിഷ്ണുവിന്റെ ഭാര്യയും മൂന്നു കുട്ടികളുമായാണ് സംഘം കേരളത്തില്‍ നിന്ന് പോയത്. ഗോപാല്‍പുര്‍ ബീച്ചില്‍ ഭാര്യയെയും കുഞ്ഞുങ്ങളെയും ഇറക്കി നിറുത്തിയിട്ട് കഞ്ചാവ് വാങ്ങി. പിന്നീട് ഇവരെ വാഹനത്തില്‍ കയറ്റി മടങ്ങി. സ്ത്രീയും കുട്ടികളുമുണ്ടെങ്കില്‍ വാഹനപരിശോധനയില്‍ നിന്ന് രക്ഷപ്പെടാമെന്നായിരുന്നു കണക്ക് കൂട്ടല്‍. എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതികളെ പിന്തുടര്‍ന്ന് കണ്ണേറ്റുമുക്കില്‍ വച്ച് പിടികൂടിയത്.