km shaji controversy
ടി പി ചന്ദ്രശേഖരന്‍ വധം: പി കെ കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കെ എം ഷാജി
കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മലപ്പുറം | ടി പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട സി പി എം നേതാവ് പി കെ കുഞ്ഞനന്തനെ സി പി എം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജി. ടിപി കൊലക്കേസില്‍ അന്വേഷണം സി പി എം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്ന കുഞ്ഞനന്തന്‍ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചതെന്നും ആരോപിച്ചു.
കൊണ്ടോട്ടി മുസ്ലീം ലീഗ് മുനിസിപ്പല്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസല്‍ കൊലക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെട്ടു. കുറച്ച് ആളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊലപാതകം നടത്തി തിരിച്ചുവരും.
ഇവരില്‍നിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും. ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊന്നത് സി പി എമ്മാണ്. ഷുക്കൂര്‍ കൊലപാതക കേസിലെ പ്രധാന പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും കെ എം ഷാജി പറഞ്ഞു.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന പി കെ കുഞ്ഞനന്തന്‍ 2020 ജൂണിലാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടയിലായിരുന്നു മരണം. ടി പി വധക്കേസില്‍ 13-ാം പ്രതിയായിരുന്ന അദ്ദേഹത്തെ ജയിലിലായിരിക്കുമ്പോഴും സി പി എം ഏരിയാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിരുന്നു.