Connect with us

editorial

സര്‍വീസ് മേഖലയില്‍ തച്ചങ്കരിമാര്‍ വേറെയും

നികുതിപ്പണത്തില്‍ നിന്ന് വേതനവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന പൊതുസേവനം ജനവിശ്വാസത്തില്‍ ഊന്നിയ ഒരു ഉത്തരവാദിത്വമാണ്. എത്ര ഉന്നത പദവിയിലുള്ളവരായാലും ആ വിശ്വാസത്തെ വഞ്ചിക്കുന്നവര്‍ക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല.

Published

|

Last Updated

അഴിമതിക്കെതിരായ നിയമ പോരാട്ടത്തില്‍ ശ്രദ്ധേയമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സംസ്ഥാന മുന്‍ ഡി ജി പി ടോമിന്‍ ജെ തച്ചങ്കരിയെ നാല് വര്‍ഷത്തെ തടവിനു ശിക്ഷിച്ച കോടതി വിധി. ഡി ജി പി റാങ്കില്‍ നിന്ന് വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കേസില്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെടുന്നത് കേരള ചരിത്രത്തില്‍ ഇതാദ്യമാണ.് അഴിമതിവിരുദ്ധ പ്രവര്‍ത്തകനായ ബോബി കുരുവിളയുടെ പരാതിയിലും രണ്ട് പതിറ്റാണ്ടോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലുമാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ അന്തിമവിധി വന്നത്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ബാധ്യസ്ഥനായ പോലീസ് മേധാവി തന്നെ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് മാപ്പര്‍ഹിക്കാത്ത ഗുരുതര കുറ്റമാണെന്ന് വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി.

2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ ഔദ്യോഗിക പദവിയിലിരിക്കെ, പദവി ദുരുപയോഗം ചെയ്ത് 64.70 ലക്ഷം രൂപയുടെ സ്വത്ത് (അറിയപ്പെടുന്ന വരുമാന സ്രോതസ്സിനേക്കാള്‍ 135 ശതമാനം കൂടുതല്‍) സമ്പാദിച്ചെന്നാണ് കേസ്. ഇത് കുടുംബവിഹിതമായും ഇഷ്ടദാനമായും ലഭിച്ചതാണെന്ന് സ്ഥാപിക്കാന്‍ സഹോദരിയെ അടക്കം സാക്ഷിയാക്കി തച്ചങ്കരി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രതി ഇടപെട്ട് പലതവണ കേസ് അട്ടിമറിക്കാനും ശ്രമം നടത്തി. കേസ് അനന്തമായി നീളുന്നതില്‍ കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കേസ് നടത്തിപ്പിന് വേഗം കൂടിയത്.

തന്റെ സര്‍വീസ് കാലയളവിലുടനീളം വിവിധ ആരോപണങ്ങള്‍ക്ക് വിധേയനാകുകയും വിവാദങ്ങളിലൂടെ കടന്നു പോകുകയും ചെയ്ത വ്യക്തിയാണ് 1984 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനായ തച്ചങ്കരി. പോലീസ് ആസ്ഥാനത്തെ നിരവധി ഫയലുകള്‍ തച്ചങ്കരി നശിപ്പിച്ചതായി ആരോപിച്ചത് മുന്‍ ഡി ജി പി. ടി പി സെന്‍കുമാറാണ്. 2002ല്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ അനധികൃതമായി കൊണ്ടുവന്നതിന് തച്ചങ്കരിയുടെ ഗണ്‍മാണ്‍ പിടിക്കപ്പെട്ടിരുന്നു. ഇത് തച്ചങ്കരിക്കു വേണ്ടിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഔദ്യോഗിക പദവിയിലിരിക്കെ സര്‍ക്കാറിന്റെ അനുമതിയില്ലാതെ അദ്ദേഹം നടത്തിയ വിദേശയാത്രകളും ഈ യാത്രകളില്‍ കൊണ്ടുവന്ന വസ്തുക്കളും വിവാദമായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഉള്‍പ്പെടെ പലപ്പോഴായി അദ്ദേഹം സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

തച്ചങ്കരിക്കെതിരായ കോടതി വിധി അഴിമതിക്കെതിരായ പോരാട്ടത്തില്‍ ശ്രദ്ധേയമാണെങ്കിലും സര്‍വീസ് മേഖലയില്‍ അഴിമതി ഇപ്പോഴും വ്യാപകമാണ്. ഈ കേസിനു സമാനമായോ അതില്‍ കൂടുതലോ സാമ്പത്തിക ക്രമക്കേടുകളും നിയമലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തുന്ന ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥ പ്രമുഖരും സിവില്‍ സര്‍വീസിന്റെയും ഭരണസംവിധാനങ്ങളുടെയും തണലില്‍ സുരക്ഷിതരായി കഴിയുന്നുണ്ട്. വില്ലേജ് ഓഫീസുകള്‍, രജിസ്‌ട്രേഷന്‍ ഓഫീസുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ മുതല്‍ സെക്രട്ടേറിയറ്റിലെയും വികസന കോര്‍പറേഷനുകളിലെയും ഉന്നതങ്ങളില്‍ വരെയും അഴിമതി സാധാരണമായിരിക്കുന്നു. താഴേത്തട്ടിലുള്ള അഴിമതി ചിലപ്പോള്‍ വിജിലന്‍സ് റെയ്ഡുകളില്‍ പിടിക്കപ്പെടാറുണ്ടെങ്കിലും കോടികളുടെ അവിഹിതസ്വത്ത് സമ്പാദിക്കുന്ന വന്‍കിട സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ഭരണനേതാക്കളും വ്യവസ്ഥാപിതമായി രക്ഷപ്പെടുകയാണ് പതിവ്.

രണ്ട് പതിറ്റാണ്ടോളം വേണ്ടി വന്നു തച്ചങ്കരി കേസില്‍ നിയമവ്യവസ്ഥക്ക് അന്തിമ തീരുമാനത്തിലെത്താന്‍. നിയമ നടപടികളിലെ ഇത്തരം കാലതാമസവും പഴുതുകളുമാണ് സര്‍വീസ് കാലയളവിലെ മുഴുവന്‍ ആനുകൂല്യങ്ങളും ജോലിക്കയറ്റങ്ങളും ആസ്വദിച്ച് പിന്നീട് വിരമിക്കാന്‍ അഴിമതിക്കാര്‍ക്ക് വഴിയൊരുക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കിടയിലെ തെറ്റായ പരസ്പരസഹകരണവും ഐക്യദാര്‍ഢ്യവും പലപ്പോഴും കേസ്സന്വേഷണത്തെ വഴിതിരിച്ചുവിടാറുണ്ട്. തച്ചങ്കരി കേസില്‍ ചില ഉദ്യോഗസ്ഥ പ്രമുഖര്‍ അദ്ദേഹത്തിന് അനുകൂലമായി മൊഴിനല്‍കാന്‍ രംഗത്തുവന്നത്, അഴിമതിയില്‍ ഉദ്യോഗസ്ഥ പ്രഭുത്വം എത്രത്തോളം സഹകരിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ്. ഇത്തരം “സിന്‍ഡിക്കേറ്റ്’ മനോഭാവം തകര്‍ക്കാതെ സിവില്‍ സര്‍വീസിനെ ശുദ്ധീകരിക്കാന്‍ സാധിക്കുകയില്ല.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണവും കോടതി നടപടികളും എളുപ്പമല്ല. അധികാര ബന്ധങ്ങള്‍, ഭരണപരമായ സ്വാധീനം, രേഖകളുടെ ലഭ്യത, സാക്ഷികളുടെ നിലപാട് മാറ്റം തുടങ്ങിയവ കേസ് നടപടികളെ ബാധിക്കുക പതിവാണ്. ഉദ്യോഗസ്ഥന്റെ ഉന്നത പദവിയോ രാഷ്ട്രീയ സ്വാധീനമോ നിയമ നടപടികള്‍ക്ക് തടസ്സമാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ വേണ്ടതുണ്ട്. പൊതുസേവകരുടെയും ഭരണാധികാരികളുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങള്‍ കൃത്യമായി പരിശോധിക്കാന്‍ സുതാര്യമായ നടപടികള്‍ ആവിഷ്‌കരിക്കണം.

അഴിമതി പുറത്തുകൊണ്ടുവരുന്നവര്‍ പലപ്പോഴും വേട്ടയാടപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ അവര്‍ക്ക് പരിരക്ഷ ഉറപ്പാക്കണം. കേസില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയും അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുകയും വേണം. കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ സര്‍വീസില്‍ തുടരുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ ഇടയാക്കും. ഇത്തരം കേസുകളില്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതിനു വിചാരണാ കോടതി സംവിധാനം ശക്തിപ്പെടുത്തുകയും വേണം.

നികുതിപ്പണത്തില്‍ നിന്ന് വേതനവും ആനുകൂല്യങ്ങളും കൈപ്പറ്റുന്ന പൊതുസേവനം ജനവിശ്വാസത്തില്‍ ഊന്നിയ ഒരു ഉത്തരവാദിത്വമാണ്. എത്ര ഉന്നത പദവിയിലുള്ളവരായാലും ആ വിശ്വാസത്തെ വഞ്ചിക്കുന്നവര്‍ക്ക് പദവിയില്‍ തുടരാന്‍ അര്‍ഹതയില്ല. പ്രത്യേകിച്ച് പോലീസ് സേനയുടെ വിശ്വാസ്യത ജനാധിപത്യ ഭരണസംവിധാനത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ്. ആ വിശ്വാസം തകര്‍ന്നാല്‍ നിയമവാഴ്ച ദുര്‍ബലമാകും.

Content Highlights:
Former Kerala DGP Tomin Thachankary was sentenced to four years in prison in a disproportionate assets case. The verdict by the Kottayam Vigilance Court marks the first time a retired officer of DGP rank in Kerala faced jail for corruption. The case was filed by anti-corruption activist Bobi Kuruvilla.

Latest