Connect with us

From the print

ശ്വാസ പരിശോധന വൈകി; നാല് പൈലറ്റുമാർ ഉൾപ്പെടെ എട്ട് പേർക്ക് സസ്പെൻഷൻ

സ്വയം വെളിപ്പെടുത്തലുകൾ രഹസ്യമായി കൈകാര്യം ചെയ്യും

Published

|

Last Updated

ന്യൂഡൽഹി | നിർബന്ധിത പോസ്റ്റ്-ഫ്ലൈറ്റ് ശ്വാസ പരിശോധന നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാത്തതിനെ തുടർന്ന് എയർ ഇന്ത്യ എ ക്‌സ്പ്രസ്സിലെ നാല് പൈലറ്റുമാർ ഉൾപ്പെടെ എട്ട് ജീവനക്കാർക്ക് സസ്പെൻഷൻ.

ആഗസ്റ്റ് രണ്ടിന് ദുബൈയിൽ നിന്ന് അമൃത്സറിലെത്തിയ വിമാനത്തിലെ ജീവനക്കാർക്കെതിരെയാണ് നടപടി. അമൃത്സറിലെ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയതിനു ശേഷം രണ്ട് മണിക്കൂറിനുള്ളിൽ നിർബന്ധിത ആൽക്കഹോൾ പരിശോധന പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ജീവനക്കാർ രണ്ട് മണിക്കൂറും 35 മിനുട്ടും കഴിഞ്ഞ ശേഷമാണ് നടപടിക്രമം പൂർത്തിയാക്കിയത്.

വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഒരു ജീവനക്കാരന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ ഹോട്ടലിലേക്ക് പോകുകയായിരുന്നു. പിന്നീടാണ് ശ്വാസ പരിശോധനക്കായി വിമാനത്താവളത്തിലേക്ക് തിരികെ എത്തിയത്. അപ്പോഴേക്കും നിർദിഷ്ട സമയപരിധിയേക്കാൾ 35 മിനുട്ട് വൈകിയിരുന്നു.

സംഭവം എയർ ഇന്ത്യ എ ക്‌സ്പ്രസ്സ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡി ജി സി എ) റിപോർട്ട് ചെയ്തതായാണ് വിവരം. തുടർന്ന് എട്ട് ജീവനക്കാരെയും ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു.

അതേസമയം, ഡ്യൂട്ടിയെയും സുരക്ഷിതമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള കഴിവിനെയും ബാധിച്ചേക്കാവുന്ന സൈക്കോആക്ടീവ് വസ്തുക്കളുടെ ഉപയോഗം, ദുരുപയോഗം, ആശ്രിതത്വം എന്നിവ സംബന്ധിച്ച് ജീവനക്കാർ സ്വമേധയാ വിവരം നൽകണമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ചീഫ് ഓഫ് ഫ്ലൈറ്റ് സേഫ്റ്റി ആവശ്യപ്പെട്ടു. ഇത്തരം സ്വയം വെളിപ്പെടുത്തലുകൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്നും ആവശ്യമായ ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും വിവരങ്ങൾ കൈമാറുകയെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

Content Highlights:
Air India Express suspended eight crew members, including four pilots, for failing to complete a mandatory post-flight breath analyzer test on time. The incident occurred after a flight landed in Amritsar from Dubai. The crew completed the test 35 minutes late due to a health issue.

Latest