Kerala
ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ്; കോതിയില്‍ ഇന്ന് ഹര്‍ത്താല്‍
കോര്‍പ്പറേഷനിലെ മുഖദാര്‍, കുറ്റിച്ചിറ, ചാലപ്പുറം ഡിവിഷനുകളിലാണ് ഹര്‍ത്താല്‍.

കോഴിക്കോട് | ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായ കോതിയില്‍ ഇന്ന് ഹര്‍ത്താല്‍. കോര്‍പ്പറേഷനിലെ മുഖദാര്‍, കുറ്റിച്ചിറ, ചാലപ്പുറം ഡിവിഷനുകളിലെ കുണ്ടുങ്ങല്‍, ഇടിയങ്ങര, പള്ളിക്കണ്ടി, കുത്തുകല്ല്, നൈനാംവളപ്പ്, കോതി എന്നിവിടങ്ങളിലാണ് ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ റോഡ് ഉപരോധിച്ച് സമരം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എതിര്‍പ്പ് വകവെക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കുള്ള വഴിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞത്. ഇതിനിടെ ഉദ്യോഗസ്ഥരും തൊഴിലാളികളും എത്തിയതോടെ പ്രതിഷേധം കടുത്തു.
ജനവാസ മേഖലക്ക് നടുവില്‍ പ്ലാന്റ് പണിയാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയതിനെ തുടര്‍ന്നാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.