കവിത
സൗഹൃദ യാത്ര
മുഖാമുഖം നോക്കിനിൽക്കുന്ന രണ്ട് നൊമ്പരങ്ങൾക്കിടയിൽ പെരുമഴയാർത്തലയ്ക്കുന്നു. ഒരു ചിരി കൊണ്ടു ഹൃദയത്തെ തൊട്ടവരൊരേ കുടക്കീഴിലാകുന്നു.
മനസ്സുകൊണ്ട് നൂറാവർത്തി
ആത്മഹത്യ ചെയ്തവനും
വാക്കു കൊണ്ടനേക വട്ടം
മരിച്ചുപോയവനും
ഒരു വളവിൽ കണ്ടുമുട്ടുന്നു
ഒരു വിലാപയാത്രയവരെ കടന്നു
നോവുകളേ കുഴിച്ചിട്ട
ശവപ്പറമ്പിലേക്കു കയറുന്നു
പൊട്ടിക്കരച്ചിലുകൾ ഇടിവെട്ടി
വീണ മഴയിലൊലിച്ചില്ലാതാകുന്നു
നനയാതിരിക്കുവാനൊരുവൻ
കുടയെടുക്കുന്നു മറ്റൊരുവൻ
മരച്ചുവടു തേടുന്നു
മുഖാമുഖം നോക്കിനിൽക്കുന്ന
രണ്ട് നൊമ്പരങ്ങൾക്കിടയിൽ
പെരുമഴയാർത്തലയ്ക്കുന്നു
ഒരു ചിരി കൊണ്ടു ഹൃദയത്തെ
തൊട്ടവരൊരേ കുടക്കീഴിലാകുന്നു
ഒരു വാക്കു കൊണ്ടു പരസ്പരം
അറിഞ്ഞവർ ഒരേ മനസ്സാകുന്നു
ഒരാലിംഗനംകൊണ്ടവരൊരു
സൗഹൃദപ്പൂവായി വിരിയുന്നു
നോവുകൾ മഴയിലൊഴുകുന്നു
പ്രതീക്ഷകളാലിപ്പഴമായി പൊഴിയുന്നു
വഴിയിൽ രണ്ട് കൂട്ടുകാർ
മരിച്ചിട്ടും തിരിച്ചുവന്നവർ
അവരൊരേ വഴിയിൽ
ഒരേ കാലത്തിലൊരേ മനസ്സിൽ
ഒരേ ഹൃദയമായി ഒരേ ദിശയിൽ
മഴക്കൊപ്പം കുട പിടിച്ചു
യാത്ര തുടരുന്നു സൗഹൃദ യാത്ര
Content Highlights:
The poem tells the moving story of two souls burdened by emotional pain who find each other. Through shared understanding, a warm smile, and genuine friendship, their sorrows wash away in the rain as they continue their journey together with renewed hope.




