National
പാക് നാവികസേനയുടെ കപ്പല്‍ ഇന്ത്യന്‍ യുദ്ധക്കപ്പലില്‍ ഇടിച്ചു; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചാര്‍ജ് ഡി അഫേഴ്‌സിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്
ന്യൂഡല്‍ഹി| ഒമാന് 220 കിലോമീറ്റര്‍ കിഴക്ക് അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലില്‍ പാകിസ്താന്‍ നാവികസേനയുടെ പടക്കപ്പല്‍ ഇടിച്ചതായി റിപ്പോര്‍ട്ട്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കടലില്‍ കടുത്ത പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കെയാണ് പാകിസ്താന്‍ കപ്പല്‍ പ്രകോപനപരവും ഭീഷണിപ്പെടുത്തുന്നതുമായ രീതിയില്‍ സഞ്ചരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പാകിസ്താന്റെ ഹുനൈന്‍-ക്ലാസ് കൊര്‍വെറ്റ് വിഭാഗത്തില്‍പ്പെട്ട കപ്പലാണ് ഇന്ത്യന്‍ നാവികസേന യുദ്ധക്കപ്പലില്‍ ഇടിച്ചത്. ഇടിയില്‍ ഇന്ത്യന്‍ യുദ്ധക്കപ്പലിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ത്യന്‍ യുദ്ധക്കപ്പലിന് സമീപത്തുകൂടി കടന്നുപോകുമ്പോള്‍ പാക് കപ്പല്‍ വേഗത കുറയ്ക്കാനോ സുരക്ഷിതമായ അകലം പാലിക്കാനോ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനുശേഷം ഇരു കപ്പലുകളും സുരക്ഷിതമായി മാറി.
അതേസമയം, സംഭവത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ചാര്‍ജ് ഡി അഫേഴ്‌സിനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്. അന്താരാഷ്ട്ര സമുദ്രമേഖലയില്‍ പാകിസ്താന്‍ നാവികസേനയുടെ ഭാഗത്തു നിന്നുണ്ടാകുന്ന രണ്ടാമത്തെ സംഭവമാണിത്. 2011 ജൂണില്‍ പാകിസ്താന്റെ ബാബര്‍ എന്ന കപ്പലും ഇന്ത്യയുടെ ഐഎന്‍എസ് ഗോദാവരിയും സമാനമായ രീതിയില്‍ കൂട്ടിയിടിയുടെ വക്കിലെത്തിയിരുന്നു.
Content Highlights:
A Pakistani naval corvette collided with an Indian Navy warship in international waters 220 km east of Oman. India reported no damages to its vessel following the dangerous maneuver. The Ministry of External Affairs summoned Pakistan’s Charge d’Affaires in Delhi to register a strong protest.




