Connect with us

Book Review

വെളിച്ചത്തിന്റെ വഴിയേ നടത്തിയവർ

വൃക്ക തകരാറിലായ കുട്ടിക്ക് മറുത്തൊന്നും ചിന്തിക്കാതെ ജീവന്റെ പാതി വെച്ചുനീട്ടിയ സെക്യൂരിറ്റി സുനിലേട്ടനേയും കൂടെ നിൽക്കേണ്ടവർ തന്നെ പിച്ചിച്ചീന്തിയ പെൺകുട്ടിക്ക് ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയ മാതാവിനെയും ജോപ്പൻ പരിചയപ്പെടുത്തുന്ന രീതി ഹൃദ്യമാണ്.

Published

|

Last Updated

ചിലപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടില്ലേ ചില വ്യക്തികളെ എന്തിനാണ് കണ്ടുമുട്ടിയതെന്ന്? നിങ്ങൾ ആഴമായി സ്നേഹിച്ചിട്ടും സ്വന്തമാക്കാൻ സാധിക്കാതെ പോയ പ്രണയങ്ങൾ, കുട്ടിക്കാലത്ത് നിങ്ങളെ സ്വാധീനിക്കുകയും ജീവിതം വഴിതിരിച്ചുവിടുകയും ചെയ്ത അധ്യാപകർ, ചെവിയോടൊപ്പം ഹൃദയം കൊണ്ടും നമ്മളെ കേട്ട ഉറ്റ ചങ്ങാതിമാർ, നമ്മളെ സ്നേഹിച്ചവർ, സ്നേഹം നടിച്ചവർ, ബലഹീനതകളെ കളിയാക്കിയവർ, കുറവുകളോടു കൂടെ നമ്മളെ സ്വീകരിച്ചവർ,
നമ്മുടെയൊക്കെ ജീവിതത്തിലൂടെ ഈ മനുഷ്യർ കടന്നുപോയത് എന്തുകൊണ്ടായിരിക്കും? ആരാണ് അവരെയൊക്കെ ഓരോ നിയോഗങ്ങളായി നമ്മുടെ ജീവിതത്തിലേക്ക് പറഞ്ഞുവിട്ടത് ? ജോസഫിന്റെ ജീവിതത്തിലും ഇങ്ങനെ ഒരുപാട് ആളുകൾ കടന്നുവന്നിട്ടുണ്ട്. ജീവിതയാത്രയിൽ ഇടക്ക് കാലിടറിയപ്പോൾ താങ്ങായവർ, ജോസഫിന്റെ മനസ്സറിഞ്ഞവർ, കുറേക്കൂടി നല്ല മനുഷ്യനാകാൻ ജോസഫിനെ പ്രേരിപ്പിച്ചവർ. അവരെയാണ് ദൈവത്തിന്റെ ചാരന്മാരെന്ന് ജോസഫ് വിളിക്കുന്നത്.

ജോസഫിന്റെ ജീവിതത്തിൽ നിന്ന് ജോസഫ് കുറിച്ചെടുത്ത ചില വർത്തമാനങ്ങളാണ് ഈ പുസ്തകത്തിൽ. ബെറീഡ് തോട്ട്‌സിനു ശേഷം ജോസഫ് അന്നംകുട്ടി എഴുതിയ പുസ്തകം. ദൈവത്തിന്റെ ചാരന്മാരായി ഭൂമിയിലേക്ക് നന്മ ചെയ്യുന്നതിനായി കുറച്ച് വ്യക്തികളെ നിയോഗിച്ചിട്ടുണ്ട്. അവരെ കണ്ടത്തുകയാണ് ജോസഫ് ചെയ്യുന്നത്. വളരെ ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ അർഥവും ലക്ഷ്യവും പറഞ്ഞുതരുന്ന ബന്ധങ്ങളുടെ ആഴവും വിലയും മനസ്സിലാക്കിത്തരുന്ന 21 കഥകൾ.

ഒരധ്യായം കണ്ണു നിറയിക്കുമ്പോൾ, അടുത്ത അധ്യായം ചുണ്ടുകളിലും ഹൃദയത്തിലും പുഞ്ചിരി വിരിയിക്കുന്നു. മറ്റൊരധ്യായത്തിൽ സ്വയം നഷ്ടപ്പെടുത്തിയവയെ ഓർത്ത് ചെറിയ നീറ്റൽ മനസ്സിൽ അവശേഷിപ്പിക്കുന്നു. മറ്റൊന്നിൽ പൊട്ടിച്ചിരിയുടെ മുഴക്കം കേൾക്കാം. പുസ്തക വായന തുടങ്ങുന്ന ഒരാൾക്ക് നിർദേശിക്കാവുന്ന ഒരു കൃതി കൂടിയാണ് ഇത്. സാധാരണക്കാർക്ക് മനസ്സിലാകുന്ന ആഖ്യാനശൈലി ഒരുപാട് വായനക്കാരിലേക്ക് ഈ പുസ്തകം എത്തിപ്പെടാനുള്ള മറ്റൊരു കാര്യമായി തോന്നിപ്പോകുന്നു. നമുക്ക് നാമായ് തന്നെ ഇരുന്ന് വായിക്കാം, നാം തന്നെയായി ചിരിക്കാം, കരയാം, പ്രണയിക്കാം. വളരെ ലളിതമായ, ഭംഗിയുള്ള, ജീവിതമുള്ള കൃതി.

അവസാന അധ്യായവും വായിച്ചുതീരുമ്പോൾ ഒരു സാധാരണ ചെറുപ്പക്കാരനിലേക്ക് നിങ്ങൾ കളം മാറി ചവിട്ടിയിട്ടുണ്ടാകുമെന്നുറപ്പാണ്. ആമുഖത്തിൽ പറയുന്നത് പോലെ ഇതൊരു സാഹിത്യ സംഭാവനയൊന്നുമല്ല. അയാളെ സ്നേഹം കൊണ്ട് സ്വാധീനിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്ത ചിലയാളുകളെ ഓർത്തെടുക്കലാണ്, തിരിഞ്ഞു നോക്കലാണ്. നമുക്കും അയാളോടൊപ്പം കണ്ണ് നിറയും, ചിരിയടക്കാൻ പാടുപെടും, ചിലപ്പോൾ ഒരു മൗനമവശേഷിക്കും. ചിലപ്പോളയാളോട് പരിഭവിക്കും. വൃക്ക തകരാറിലായ കുട്ടിക്ക് മറുത്തൊന്നും ചിന്തിക്കാതെ ജീവന്റെ പാതി വെച്ചുനീട്ടിയ സെക്യൂരിറ്റി സുനിലേട്ടനേയും, കൂടെ നിൽക്കേണ്ടവർ തന്നെ പിച്ചിച്ചീന്തിയ പെൺകുട്ടിക്ക് ആത്മവിശ്വാസത്തിന്റെ പാഠങ്ങൾ പകർന്നുനൽകിയ മാതാവിനെയും ജോപ്പൻ പരിചയപ്പെടുത്തുന്ന രീതി ഹൃദ്യമാണ്. എൽസി ടീച്ചറുടെ പ്രിയപ്പെട്ട വിദ്യാർഥി, ശപിക്കാതെ തന്റെജീവിതത്തിൽ നിന്ന് ഇറങ്ങിപ്പോയ രണ്ട് പെൺകുട്ടികൾ, വിളിക്കുമ്പോഴേക്കും ഓടിയെത്തുന്ന പ്രിയ സുഹൃത്തുക്കൾ, സ്വന്തം അനിയനെ പോലെ ജോപ്പനെ കണ്ട ദീപു ചേട്ടൻ ഇവരെല്ലാം ജോപ്പന്റെ ജീവിതത്തിലെ നന്മയുടെ ഉറവിടമായി ഈ പുസ്തകത്തിൽ നിറഞ്ഞു നിൽക്കുന്നു.
ഇതു വായിച്ചു കഴിയുമ്പോൾ ചിലപ്പോൾ നമുക്ക് നമ്മളോട് തന്നെ വെറുപ്പ് തോന്നിയേക്കാം.നമ്മിലൂടെ പോകുന്ന ചില യാഥാർഥ്യങ്ങൾ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് തികട്ടിവന്നത് കൊണ്ടാകും അത് .

നമ്മുടെ ജീവിതത്തിലും ഉണ്ട് നമ്മെ മനുഷ്യനാകാൻ പ്രേരിപ്പിച്ചവർ, വാക്കുകളിലൂടെ, പ്രവൃത്തികളിലൂടെ, ജീവിതമാതൃകകളിലൂടെ , നമ്മെ ഒരു നല്ല വ്യക്തിയാക്കാൻ പല മനുഷ്യരേയും ദൈവം ഭൂമിയിലേക്കയച്ചിട്ടുണ്ട്. അത്രമാത്രം പരിഗണിക്കാതെ പോയ ചില ബന്ധങ്ങളും നമ്മുടെയൊക്കെ ജീവിതത്തിൽ ഉണ്ട്. ചിലപ്പോൾ അത് മാതാപിതാക്കളാകാം ഗുരുക്കന്മാരാകാം സഹപാഠികളാകാം. ബന്ധങ്ങൾ എങ്ങനെ തുടങ്ങി എന്നതിനെക്കാൾ എങ്ങനെ തുടരുന്നു എന്നതാണ് ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്. അതുകൊണ്ടാണ് രക്തബന്ധങ്ങളെക്കാൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്.
നൽകപ്പെട്ടിരിക്കുന്ന വേഷങ്ങളോട്, അവയുടെ എല്ലാ പോരായ്മകളോടും കൂടെ, നീതി പുലർത്തുന്നവർക്കിടയിലാണ് ഹൃദയബന്ധങ്ങൾ രൂപപ്പെടുക. എല്ലാമാകുമെന്നു പ്രതിജ്ഞ ചൊല്ലി തുടങ്ങുന്ന ബന്ധങ്ങളിൽ പലതും പാതിയിൽ അവസാനിക്കുന്നത് ഹൃദയം കൈമാറാൻ മറന്നുപോകുന്നതു കൊണ്ടാണ്. ഹൃദയത്തിന്റെ ഉടമകൾക്കു സ്പന്ദനങ്ങൾ മനസ്സിലാകും; കൂടെയുള്ളപ്പോഴും ഇല്ലാത്തപ്പോഴും.

നിവൃത്തികേടിന്റെ പേരിൽ നിലനിർത്തേണ്ടി വരുന്ന ബന്ധങ്ങളാണ് മനസ്സിന്റെ നിഷ്കളങ്കതയും സമാധാനവും നശിപ്പിക്കുന്നത്. കുറച്ചൊക്കെ എന്തെങ്കിലും ജീവിതത്തിൽ നേടിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഉണ്ടാകും നാമൊന്നും തിരിച്ചറിയാതെ പോകുന്ന ദൈവത്തിന്റെ ചാരന്മാർ. അവരെ കണ്ടത്തുന്നയിടത്താണ് ഈ കുഞ്ഞു ജീവിതം പൂർണമാകുന്നത്. ജീവിതത്തിൽ തോറ്റു പോയവർ , ഒറ്റപ്പെടലിന്റെ വേദനയനുഭവിക്കുന്നവർ, സന്തോഷം ആഗ്രഹിക്കുന്നവർക്ക് പ്രത്യാശയുടെ വാതിലുകൾ തുറന്നിടുന്നുണ്ട് ഈ കൃതിയിൽ . ചെറിയ കാലം കൊണ്ട് തന്നെ നിരവധി പതിപ്പുകൾ പിന്നിട്ട പുസ്തകം പ്രസിദ്ധീകരിച്ചത് ഡി സി ബുക്സാണ്. മോട്ടിവേഷണൽ സ്പീക്കറും റേഡിയോ ജോക്കിയും നടനുമാണ് ജോസഫ് അന്നംകുട്ടി ജോസ്.

ഹാഫിസ് മുബഷിർ ചാലിയം
mmcmubu@gmail.com

---- facebook comment plugin here -----

Latest