Connect with us

Kerala

എല്‍ പി ജി വിതരണത്തില്‍ പ്രതിസന്ധിയില്ല: സിവില്‍ സപ്ലൈസ് കമ്മീഷണര്‍

കൊമേഴ്‌സ്യല്‍ എല്‍ പി ജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ വിതരണത്തില്‍ തടസ്സങ്ങളില്ല.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഗാര്‍ഹിക എല്‍ പി ജി, പെട്രോള്‍/ ഡീസല്‍ എന്നിവയുടെ വിതരണത്തില്‍ യാതൊരു പ്രതിസന്ധിയും നിലവിലില്ലെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ അറിയിച്ചു. കൊമേഴ്‌സ്യല്‍ എല്‍ പി ജി വിതരണവുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നതല്ലാതെ വിതരണത്തില്‍ തടസ്സങ്ങളില്ല. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സെമിഎസ്സന്‍ഷ്യല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ റെയില്‍വേ കാറ്ററിങ് അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ ആവശ്യകതയുടെ 100 ശതമാനം ആയി എല്‍ പി ജി വിതരണം വര്‍ധിപ്പിക്കാനും, ഹോട്ടല്‍, റസ്‌റ്റോറന്റ്, ഇന്‍ഡസ്ട്രിയല്‍ ബേസ്ഡ് സര്‍വീസുകളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അവരുടെ ആകെ ആവശ്യകതയുടെ 62 ശതമാനം എല്‍ പി ജി വിതരണം നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ആകെ ശരാശരി എല്‍ പി ജി ഉപഭോഗം 753.01 എം ടി ആയിരുന്നു. നിലവില്‍ 496.99 എം ടി (ആകെ ആവശ്യകതയുടെ 66 ശതമാനം) വിതരണം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അറിയിക്കുന്നതിന് എല്ലാ താലൂക്കിലും എല്‍ പി ജി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. അതാത് താലൂക്ക് പരിധിയില്‍ വരുന്ന പരാതികള്‍ ബന്ധപ്പെട്ട താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ അറിയിക്കേണ്ടതാണ്. അതാത് ജില്ലാ കേന്ദ്രങ്ങളിലും എല്‍ പി ജി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു വരികയാണ്. താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചിട്ട് നടപടി തൃപ്തികരമല്ല എങ്കില്‍ ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമുകളില്‍ പരാതി നല്‍കാവുന്നതാണ്.

താലൂക്ക്/ ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെ ഫോണ്‍ നമ്പറുകള്‍ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമ പേജുകളില്‍ ലഭ്യമാണ്. ഇതിനു പുറമേ എല്‍ പി ജി വിതരണം, പെട്രോള്‍/ ഡീസല്‍ വിതരണം, പൈപ്പ് ലൈന്‍ ഗ്യാസ് കണക്ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികള്‍ അവലോകനം നടത്തുന്നതിനും, നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ സെക്രട്ടേറിയറ്റില്‍ ഒരു വാര്‍ റൂം പ്രവര്‍ത്തിച്ചു വരികയാണ്. വിവിധ തലത്തിലുള്ള കണ്‍ട്രോള്‍ റൂമുകളില്‍ പരാതി അറിയിച്ചിട്ടും യഥാവിധി പരിഹാരമാകാത്ത കേസുകള്‍ അടക്കം സംസ്ഥാന വാര്‍ റൂമില്‍ അറിയിച്ചാല്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. സംസ്ഥാന വാര്‍ റൂം ടോള്‍ഫ്രീ നമ്പര്‍: 18004250290 ഇമെയില്‍: 24x7lpgwarroom@gmail.com.