Connect with us

Kerala

തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ജാഗ്രത പാലിക്കണം: സമസ്ത

ശരീഅത്തിന് വിരുദ്ധമായ നിലപാടുകള്‍ മുസ്‌ലിം നേതാക്കളില്‍ നിന്നും സ്ഥാനാര്‍ഥികളില്‍ നിന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും ഉണ്ടാകാതെ സൂക്ഷിക്കണം.

Published

|

Last Updated

കേരള യാത്രയുടെ പ്രചാരണ ഭാഗമായി കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാ യാത്രയുടെ ഉദ്ഘാടനം സമസ്ത ജില്ലാ ട്രഷറര്‍ ഡോ. അലി അല്‍ ഫൈസി നിര്‍വഹിക്കുന്നു.

കോഴിക്കോട് | തിരഞ്ഞെടുപ്പ് സമയത്തും മുസ്‌ലിംകള്‍ ഇസ്‌ലാമിക നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ വ്യക്തമാക്കി. ശരീഅത്തിന് വിരുദ്ധമായ നിലപാടുകള്‍ മുസ്‌ലിം നേതാക്കളില്‍ നിന്നും സ്ഥാനാര്‍ഥികളില്‍ നിന്നും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ നിന്നും ഉണ്ടാകാതെ സൂക്ഷിക്കണം. വിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും മുശാവറ ഓര്‍മിപ്പിച്ചു.

രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാവരും തയ്യാറാകണം. സ്ഥാനാര്‍ഥികളും പാര്‍ട്ടികളും നാടിന്റെ അടിസ്ഥാന മൂല്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. അനാവശ്യമായ വിവാദങ്ങളും ദുഷ്പ്രചാരണങ്ങളും പൂര്‍ണമായും ഒഴിവാക്കണം. നുണ പ്രചാരണങ്ങളും വ്യക്തിഹത്യയും വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണ പ്രത്യാരോപണങ്ങളും സമൂഹത്തിന്റെ മൂല്യബോധം നഷ്ടപ്പെടുത്തും. പരസ്പരം കൂടുതല്‍ അകല്‍ച്ചയുംവെറുപ്പുംഉണ്ടാക്കും. ജനാധിപത്യത്തില്‍ ആരോഗ്യകരമായ സംവാദങ്ങളാണ് നടക്കേണ്ടതെന്നും സമസ്ത കേന്ദ്ര മുശാവറ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന മുശാവറ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖിയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, കോടമ്പുഴ ബാവ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, പി എസ് കെ മൊയ്തു ബാഖവി മാടവന, പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ താഴപ്ര, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ചെറുശോല അബ്ദുല്‍ ജലീല്‍ സഖാഫി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, അബു ഹനീഫല്‍ ഫൈസി തെന്നല, സി മുഹമ്മദ് ഫൈസി, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, എം വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ പരിയാരം, ത്വാഹ മുസ്‌ലിയാര്‍ കായംകുളം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി, ഹസന്‍ ബാഖവി പല്ലാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.