From the print
രൂപ വീണ്ടും താഴോട്ട്
രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 94.83 ആണ് രൂപയുടെ മൂല്യം.ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ ഇത്രയും രൂപ നല്‍കണം.
ന്യൂഡല്‍ഹി | രൂപയുടെ മൂല്യശോഷണം തുടരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തി. ഇന്നലെ വ്യാപാരം അവസാനിക്കുമ്പോള്‍ 94.83 ആണ് രൂപയുടെ മൂല്യം.ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ ഇത്രയും രൂപ നല്‍കണം. ചരിത്രത്തിലാദ്യമായി രൂപയുടെ മൂല്യം ഡോളറിനെതിരെ 95 എന്ന നിലവാരത്തിലേക്ക് താഴുന്ന സ്ഥിതിയുമുണ്ടായി. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ രൂപയുടെ മൂല്യം 0.3 ശതമാനം ഇടിഞ്ഞ് 95.23 എന്ന എക്കാലത്തെയും താഴ്ന്ന നിരക്ക് രേഖപ്പെടുത്തുകയായിരുന്നു.
ഈ മാസം മാത്രം രൂപയുടെ മൂല്യത്തില്‍ നാല് ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയത്. ഇത് ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രതിമാസ പ്രകടനമാണ്. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും ഈ മാസം 11 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപം (എഫ് പി ഐ ) വിപണിയില്‍ നിന്ന് പിന്‍വലിച്ചതുമാണ് തകര്‍ച്ചക്ക് പ്രധാന കാരണം. കൂടാതെ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി വര്‍ധിച്ചതും രൂപക്ക് തിരിച്ചടിയായി. രൂപയുടെ മൂല്യത്തിലെ അമിതമായ ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിന് ബേങ്കുകള്‍ക്ക് ആര്‍ ബി ഐ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഈ നീക്കം കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ലെന്നാണ് തകര്‍ച്ച സൂചിപ്പിക്കുന്നത്.
ഓഹരി വിപണി ഇടിഞ്ഞു
ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 1,635.67 പോയിന്റ്ഇടിഞ്ഞ് 71,947.55 എന്ന നിലയിലും നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 488 പോയിന്റ് ഇടിഞ്ഞ് 22,331.40ലുമാണ് ക്ലോസ് ചെയ്തത്. പത്ത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഒറ്റദിവസം വിപണിയിലുണ്ടായത്. ബേങ്കിംഗ് ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിട്ടത്.



