From the print
എഫ് സി ആര്‍ എ: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
മതസംഘടനകള്‍ക്കുള്‍പ്പെടെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്ന എഫ് സി ആര്‍ എ ഭേദഗതി ബില്ലുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിയണം.
തിരുവനന്തപുരം | മതസംഘടനകള്‍ക്കുള്‍പ്പെടെ വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമം ഭേദഗതി വരുത്തുന്ന എഫ് സി ആര്‍ എ ഭേദഗതി ബില്ലുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. വിദേശ സംഭാവന സ്വീകരിക്കല്‍ നിയന്ത്രണ നിയമപ്രകാരം അനുമതി പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടാലോ കാലാവധിക്കുള്ളില്‍ പുതുക്കല്‍ ലഭ്യമാകാതെയായാലോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കുമെന്നതാണ് പുതിയ വ്യവസ്ഥ.
ഇതുള്‍പ്പെടെയുള്ള ബില്ലിലെ ചില വ്യവസ്ഥകള്‍ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലും വിവിധ മത വിഭാഗങ്ങള്‍ നടത്തുന്ന ധര്‍മസ്ഥാപനങ്ങള്‍ക്കിടയിലും വലിയ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഭേദഗതി പ്രകാരം, തികച്ചും സാങ്കേതിക കാരണങ്ങള്‍ കൊണ്ടുപോലും രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടുകയും ആസ്തികള്‍ ഏറ്റെടുക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ രൂപപ്പെടുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ഈ ആശങ്കകള്‍ യുക്തിസഹവും ഗൗരവമുള്ളതുമാണ്. ഇതു സംബന്ധിച്ച് ന്യൂനപക്ഷ വിഭാഗങ്ങള്‍ ഉള്‍പ്പെടെ മുന്നോട്ടുവെച്ച ആശങ്കകള്‍ ദൂരീകരിച്ച ശേഷമേ ബില്ലില്‍ തുടര്‍നടപടി സ്വീകരിക്കാവൂവെന്നും ഭേദഗതിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് പിന്തിരിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.



