Connect with us

Kerala

ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകള്‍ തുല്യമാണെന്ന് പറയാനാകില്ല: എം എ ബേബി

ആര്‍ എസ് എസിനും മതരാഷ്ട്രവാദ കാഴ്ചപ്പാടാണുള്ളത്. എന്നാല്‍, ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണെന്ന് പറയാന്‍ കഴിയില്ല.

Published

|

Last Updated

കോഴിക്കോട് | രാജ്യത്ത് ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും സമീകരിച്ച് രണ്ടും തുല്യമാണെന്ന് പറയാന്‍ കഴിയില്ലെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ആര്‍ എസ് എസ് ഉയര്‍ത്തുന്ന ഭീഷണി ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം സൃഷ്ടിക്കുന്നുണ്ടെന്നത് ശരിയാണ്. ഇക്കാരണം പറഞ്ഞ് ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ സ്വന്തമായി സംഘടനയുണ്ടാക്കി ആര്‍ എസ് എസിനെ പോലെ പ്രവര്‍ത്തിക്കുന്നത് ആര്‍ എസ് എസിന് പ്രവര്‍ത്തന സൗകര്യം നേടിക്കൊടുക്കുക മാത്രമാണ് ചെയ്യുകയെന്നും ബേബി വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്സ് ക്ലബില്‍ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ് ഡി പി ഐയുമായി എല്‍ ഡി എഫ് ഒരു നിലക്കും സഖ്യമുണ്ടാക്കിയിട്ടില്ല. എന്നാല്‍, ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്. എസ് ഡി പി ഐയുടെ പ്രവര്‍ത്തന രീതിയെ സംബന്ധിച്ച് ഞങ്ങള്‍ക്ക് വിമര്‍ശനമുണ്ട്. അവര്‍ അവകാശപ്പെടുന്നത് പോലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ആര്‍ എസ് എസിനെ പ്രതിരോധിക്കാന്‍ കഴിയില്ല.

വെല്‍ഫയര്‍ പാര്‍ട്ടിക്ക് നമ്മുടെ സമൂഹത്തില്‍ വലിയ സ്വാധീനമില്ല. മതരാഷ്ട്രവാദമെന്ന അവരുടെ സിദ്ധാന്തം അപകടകരമാണ്. ഈ സിദ്ധാന്തം അവസാനിപ്പിച്ചുവെന്ന് വാക്കിലും പ്രവൃത്തിയിലും അവര്‍ കാണിച്ചുതന്നാല്‍ അതിനെ കാത്തിരുന്ന് കാണാം. ആര്‍ എസ് എസിനും മതരാഷ്ട്രവാദ കാഴ്ചപ്പാടാണുള്ളത്. എന്നാല്‍, ആര്‍ എസ് എസും ജമാഅത്തെ ഇസ്‌ലാമിയും ഒരു പോലെയാണെന്ന് പറയാന്‍ കഴിയില്ല. ഇതേക്കുറിച്ച് സി പി എം നന്നായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

കാസര്‍കോട്ട് യു ഡി എഫിന്റെ അഭ്യര്‍ഥന മാനിച്ച് സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതായി എസ് ഡി പി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. അതേക്കുറിച്ച് ആദ്യം യു ഡി എഫ് വിശദീകരിക്കണം. നേമത്ത് എസ് ഡി പി ഐ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് സംബന്ധിച്ച ചോദ്യത്തിന് ബി ജെ പിയേയും ആര്‍ എസ് എസിനേയും പരാജയപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളേയും സ്വാഗതം ചെയ്യുന്നുവെന്നും ബേബി വ്യക്തമാക്കി.

രാഹുല്‍ഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷ നേതാവാണ്. ലോക്‌സഭയില്‍ അദ്ദേഹത്തിന് പ്രസംഗിക്കാന്‍ വേണ്ടത്ര സമയം കൊടുക്കാത്ത സാഹചര്യത്തില്‍ ഇടതുപക്ഷ എം പിമാരടക്കം പ്രതിഷേധിക്കാറുണ്ട്. എന്നാല്‍, രാഹുല്‍ഗാന്ധി കോണ്‍ഗ്രസ്സിന്റെ നേതാവെന്ന നിലയില്‍ ചില കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുമ്പോള്‍ വേണ്ടത്ര ഗൃഹപാഠം നടത്താറുണ്ടോയെന്നത് സംശയമാണ്. അദ്ദേഹം നേതൃത്വം നല്‍കന്ന ഇന്ത്യാ സഖ്യത്തിലെ പ്രധാന പാര്‍ട്ടികളിലൊന്നായ സി പി എമ്മിന്റെ നേതാവ് കൂടിയായ പിണറായി വിജയനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് അദ്ദേഹം കേരളത്തില്‍ വന്ന് ചോദിക്കുന്നത്. നേരത്തെ ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. രാഹുലിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. കൂടാതെ, ഡല്‍ഹിയില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ ഗവണ്‍മെന്റിനെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.